Asianet News MalayalamAsianet News Malayalam

'ചില ദേശീയ പാര്‍ട്ടികളേക്കാള്‍' തെരഞ്ഞെടുപ്പില്‍ തിളങ്ങി നോട്ട

വ്യവസ്ഥാപിതമായ സംഘടനാ സംവിധാനങ്ങളോടെ ലക്ഷക്കണക്കിന് രൂപ ചെലവിട്ട് പ്രചാരണം നടത്തിയും, ജനപ്രിയനായ സ്ഥാനാർത്ഥികളെ നിർത്തിയും മത്സരിച്ച, ചില സംസ്ഥാനങ്ങളിൽ ഭരണത്തിൽ വരെ ഇരിക്കുന്ന പല പാർട്ടികളെക്കാളും വോട്ടു നേടി നമ്മുടെ നോട്ട

votes gets for nota in 5 states election
Author
Bhopal, First Published Dec 12, 2018, 7:16 PM IST

ഭോപ്പാല്‍:  ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനിൽ  'നോട്ട' ('NOTA') എന്നൊരു ഓപ്‌ഷൻ കൂടി ഉണ്ട്.  നോട്ട എന്ന് പറഞ്ഞാൽ 'None Of The Above'. 1976-ൽ അമേരിക്കയിലെ നെവാഡ സ്റ്റേറ്റാണ് ആദ്യമായി ഇങ്ങനെ ഒരു ആശയം നിർദ്ദേശിക്കുന്നത്. 2013 നവംബർ 27 നാണ് സുപ്രീം കോടതി, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എല്ലാ സ്ഥാനാർഥികളെയും നിരസിക്കാനുള്ള സൗകര്യം കൂടി വോട്ടിംഗ് യന്ത്രത്തില്‍ നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിക്കുന്നത്.

അതേത്തുടർന്ന് 2014ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ നോട്ടയും സ്ഥാനാർത്ഥി ലിസ്റ്റിൽ ഇടം പിടിച്ചു.  അത്തവണ ഏകദേശം ആറുലക്ഷത്തോളം വോട്ടുകൾ നോട്ട നേടി. ക്രോസ്സ് ചെയ്ത ഒരു ബാലറ്റ് പേപ്പറാണ് വോട്ടിങ്ങ് മെഷീനിൽ നോട്ടയുടെ ചിഹ്നം. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ നോട്ടയും ഒരു താരമാണ്.

കാരണം, വ്യവസ്ഥാപിതമായ സംഘടനാ സംവിധാനങ്ങളോടെ ലക്ഷക്കണക്കിന് രൂപ ചെലവിട്ട് പ്രചാരണം നടത്തിയും, ജനപ്രിയനായ സ്ഥാനാർത്ഥികളെ നിർത്തിയും മത്സരിച്ച, ചില സംസ്ഥാനങ്ങളിൽ ഭരണത്തിൽ വരെ ഇരിക്കുന്ന പല പാർട്ടികളെക്കാളും വോട്ടു നേടി നമ്മുടെ നോട്ട. 

നോട്ടയുടെ നേട്ടത്തിന്‍റെ കണക്കുകളിലേക്ക്..

ഇലക്ഷൻ കമ്മീഷന്റെ വെബ്‌സൈറ്റിൽ ഇന്ന് രാവിലെ എട്ടുമണിക്ക് പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം നോട്ടയ്ക്ക് ഏറ്റവും കൂടുതൽ വോട്ടുകൾ കിട്ടിയത് ഛത്തീസ്ഗഡിലാണ്, 2.1 ശതമാനം. ഏറ്റവും കുറവ് മിസോറാമിലും 0.5 ശതമാനം. ഛത്തീസ്ഗഡിൽ തൊണ്ണൂറിൽ എൺപത്തഞ്ചു സീറ്റിലും സ്ഥാനാർത്ഥികളെ നിർത്തിയ ആം ആദ്മി പാർട്ടി ആകെ നേടിയത് 0.9 ശതമാനം വോട്ടു മാത്രമാണ്. സമാജ് വാദി പാർട്ടിയും എൻസിപിയും 0.2 ശതമാനം വോട്ടുകൾ നേടിയപ്പോൾ സിപിഐയ്ക്ക് കിട്ടിയത് 0.3 ശതമാനം വോട്ടാണ്. ഛത്തീസ്ഗഡിൽ നോട്ട നേടിയത് 2.1 ശതമാനം വോട്ടാണ് എന്നതോർക്കണം.

മധ്യപ്രദേശിൽ നോട്ട നേടിയത് 1.5 ശതമാനം വോട്ടാണ്. സമാജ് വാദി പാർട്ടിക്ക് കിട്ടിയ വോട്ടുകൾ 1.1 ശതമാനവും  ആം ആദ്മി പാർട്ടിക്ക് കിട്ടിയത് 0.9 ശതമാനവുമാണ്. രാജസ്ഥാനിലെ നോട്ട വോട്ടുകൾ 1.3 ശതമാനമായിരുന്നു. അവിടെ സിപിഎം, സമാജ് വാദി പാർട്ടി എന്നിവ നേടിയത് 1.2 ശതമാനവും, 0.2 ശതമാനവും വീതം വോട്ടുകളാണ്.

ആം ആദ്മി പാർട്ടി, രാഷ്ട്രീയ ലോക് ദൾ എന്നിവർ യഥാക്രമം 0.4 %, 0.3% വീതം നേടി. തെലങ്കാനയിലാവട്ടെ, നോട്ട 1.1 ശതമാനം വോട്ടുകളോടെ,  സിപിഐ - 0.4 %, സിപിഎം - 0.4 %,  എൻസിപി - 0.1% എന്നിവരെയൊക്കെ  പിന്നിലാക്കി . മിസോറാമിൽ മാത്രമാണ് നോട്ടയുടെ പ്രകടനം അല്പമെങ്കിലും മോശമായിരുന്നത്.

അവിടെയും 0.5 ശതമാനം വോട്ടോടെ പിപ്പിള്‍ റെപ്രസന്‍റേഷന്‍ ഫോര്‍ ഐഡന്‍റിറ്റി ആന്‍റ് സ്റ്റാറ്റസ് ഓഫ് മിസോറാം (പ്രിസം) എന്ന രാഷ്ട്രീയ കക്ഷിയെ നോട്ട പിന്നിലാക്കി. ചുരുക്കത്തിൽ വർഷം ചെല്ലുന്തോറും കൂടിക്കൂടി വരുന്ന നോട്ട വോട്ടുകളുടെ ശതമാനം, കൂടുതൽ പ്രതിച്ഛായയുള്ള സ്ഥാനാർത്ഥികളെ നിർത്താൻ നമ്മുടെ രാഷ്ട്രീയ പാർട്ടികളെ പ്രേരിപ്പിക്കുമെന്ന് കരുതാം.

Follow Us:
Download App:
  • android
  • ios