Asianet News MalayalamAsianet News Malayalam

ഛത്തീസ്ഗഢ് പോളിംഗ്ബൂത്തിൽ; കോൺഗ്രസിനും ബിജെപിക്കുമിടയിൽ അജിത് ജോഗി നിർണായകമാകുമോ?

ഛത്തീസ്ഗഢിൽ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങിക്കഴിഞ്ഞു. നാലാംതവണയും ഭരണം നിലനിർത്താൻ പതിനെട്ടടവും പയറ്റുകയാണ് ബിജെപി. 18 വർഷത്തിന് ശേഷം അധികാരം തിരികെപ്പിടിയ്ക്കാൻ പോരാടുകയാണ് കോൺഗ്രസ്. ഇതിനിടയിൽ കോൺഗ്രസ് പാളയം വിട്ട അജിത് ജോഗി നിർണായകശക്തിയാകുമോ?

who will be the key factor in chattisgarh congress bjp or ajit jogi
Author
Rajnandgaon, First Published Nov 12, 2018, 1:29 PM IST

റായ്പൂർ: മാവോയിസ്റ്റ് ഭീഷണിയ്ക്കിടെയും കനത്ത പോരാട്ടമാണ് കോൺഗ്രസും ബിജെപിയും ഛത്തീസ്ഗഢിൽ കാഴ്ച വച്ചത്. 18 വർഷത്തിന് ശേഷം ഭരണം തിരികെപ്പിടിയ്ക്കാൻ പോരാടുകയാണ് കോൺഗ്രസ്. ഭരണവിരുദ്ധവികാരം മറികടന്ന് അധികാരം നിലനിർത്താനാണ് ബിജെപി ശ്രമിയ്ക്കുന്നത്. ഛത്തീസ്ഗഢിന്‍റെ ആദ്യമുഖ്യമന്ത്രിയായ അജിത് ജോഗി ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാളയത്തിലില്ല. 

ബിജെപിയും കോൺഗ്രസും സഖ്യങ്ങളൊന്നുമില്ലാതെയാണ് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത്. 90 സീറ്റുകളിലും ഇരു പാർട്ടികളുടെയും സ്ഥാനാർഥികൾ മത്സരിക്കുന്നു. എന്നാൽ സംസ്ഥാനത്തിന്‍റെ ആദ്യമുഖ്യമന്ത്രിയായ അജിത് ജോഗി ഇത്തവണ സ്വന്തം പാർട്ടിയുമായി ബിഎസ്‍പിയ്ക്ക് ഒപ്പമാണ് കളത്തിലിറങ്ങിയിരിക്കുന്നത്. ജനതാ കോൺഗ്രസ് ഛത്തീസ്‍ഗഢ് (ജെസിസി) എന്ന തന്‍റെ പാർട്ടിയും ബിഎസ്‍പിയുമായുള്ള  സഖ്യത്തിലൂടെ ജോഗി ലക്ഷ്യമിടുന്നത് ദളിത്, പട്ടികവർഗ, ഗോത്ര വോട്ടുബാങ്കാണ്. ജോഗിയുടെ പാർട്ടിയും അവർ കൊണ്ടുപോകുന്ന വോട്ടും നിർണായകമാവുന്നതും അതുകൊണ്ടു തന്നെ.

ഭരണം നിലനിർത്താൻ ബിജെപി; ഭരണവിരുദ്ധ വികാരം മുതലാക്കാൻ കോൺഗ്രസ്

സ്വന്തം മണ്ഡലമായ രാജ്നന്ദ്ഗാവ് നിലനിർത്താൻ പതിനെട്ടടവും പയറ്റുകയാണ് മുഖ്യമന്ത്രി രമൺ സിംഗ്. ഭരണവിരുദ്ധവികാരം ബിജെപിയ്ക്ക് ഛത്തീസ്ഗഢിൽ തിരിച്ചടിയാകുമെന്നാണ് പല സർവേകളും പ്രവചിച്ചിരുന്നത്. സംസ്ഥാന രൂപീകരണത്തിനു ശേഷം തുടർച്ചയായി മൂന്ന് തവണയാണ് രമൺ സിംഗ് ഛത്തീസ് ഗഢിൽ മുഖ്യമന്ത്രിയായത്. നാലാം വട്ടവും ഭരണം നിലനിർത്താൻ പ്രചാരണം കൊഴുപ്പിച്ച രമൺ സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദി മുതൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വരെ കൊണ്ടു വന്നാണ് മണ്ഡലത്തിലങ്ങോളമിങ്ങോളം റാലികൾ നടത്തിയത്.

രാജ്‍നന്ദ് ഗാവിൽ രമൺ സിംഗിനെ എതിരിടുന്നത് മുൻ എൻഡിഎ പ്രധാനമന്ത്രി എ.ബി.വാജ്‍പേയിയുടെ മരുമകൾ കരുണ ശുക്ലയാണ്. വാജ്‍പേയിയുടെ മരുമകൾ തന്നെ ബിജെപിയ്ക്കെതിരെ മത്സരിയ്ക്കുന്നതും രമൺ സിംഗിനെതിരായ അഴിമതിക്കേസുകളും ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധിയുൾപ്പടെ മണ്ഡലത്തിലെത്തി റാലികൾ നടത്തിയത്.

ഛത്തീസ്‍ഗഢിൽ ആദ്യ മന്ത്രിസഭ കോൺഗ്രസിന്‍റേതായിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്നത് അജിത് ജോഗിയും. എന്നാൽ ഇത്തവണ ജോഗി കോൺഗ്രസിനൊപ്പമില്ലെങ്കിലും കോൺഗ്രസ് ആത്മവിശ്വാസത്തിലാണ്. ഇപ്പോഴല്ലെങ്കിൽ കോൺഗ്രസിന് മുന്നിൽ വേറെ അവസരമില്ല.

ഛത്തീസ്‍ഗഢിലെ ഫലസാധ്യത - സർവേകൾ പറഞ്ഞതെന്ത്?

 
 

ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർ പ്രശാന്ത് രഘുവംശത്തിന്‍റെ തെരഞ്ഞെടുപ്പ് വിശകലനം കാണാം.

 
 
Follow Us:
Download App:
  • android
  • ios