കൊച്ചി: എറണാകുളത്ത് സിറ്റിഗ് എംപി കെവി തോമസിനൊപ്പം ഹൈബി ഈഡനേയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പരിഗണിക്കുന്നു. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ സന്നദ്ധനാണെന്ന നിലപാട് ഹൈബി ഈഡന്‍ ദേശീയ നേതൃത്വത്തെ  അറിയിച്ചിട്ടുണ്ട്. ഇടത് സ്വതന്ത്രനെന്ന പതിവ് രീതി വിട്ട് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്തിറക്കാന്‍ ഇത്തവണ ഇടതു മുന്നണി തയ്യാറാകുമെന്നാണ് സൂചന

1984 മുതല്‍ ആറു വട്ടം എറണാകുളത്തു നിന്ന് ലോകസഭയിലേക്കും ഒരിക്കല്‍ നിയമസഭയിലേക്കും മത്സരിച്ച മുതിര്‍ന്ന നേതാവ് കെവി തോമസിന്  കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വീണ്ടും അവസരം നല്‍കുമോയെന്ന ചര്‍ച്ചകള്‍  പാര്‍ട്ടി തലത്തില്‍ സജീവമാണ്. കോണ്ഡഗ്രസ് ദേശീയ നേതൃത്വുമായി അടുത്ത ബന്ധമുള്ള കെവി തോമസ് ഇത്തവണയും സീറ്റ് ഉറപ്പാക്കുമെന്ന് കുരുതുന്നവരും പാര്‍ട്ടിയില്‍ ധാരാളം. 

എന്നാല്‍ അപ്രതീക്ഷിതമായി  ഹൈബി ഈഡന്‍റെ പേരു കൂടി ഹൈക്കമാന്‍ഡിന്‍റെ പരിഗണനയില്‍ എത്തിയതോടെ കാര്യങ്ങള്‍ മാറി മറിയുകയാണ്. നിലവില്‍ എറണാകുളം നിയമസഭ അംഗമാണ് ഹൈബി ഈഡന്‍.  രാഹുല്‍ ഗാന്ധിയുടെ നേത‍ത്വത്തിലുള്ള കോണ്‍ഗ്രസിന്‍റെ യുവ നേതൃത്വത്തൊടോപ്പം  ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത ഹൈബി ഈഡന്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചാല്‍  മത്സരിക്കുമെന്നാണ്  ഹൈബി ഈഡന്‍റേയും നിലപാട്. ദേശീയ നേതൃത്വവുമായുള്ള ബന്ധമാണ് കെവി തോമസിന്‍റെ പ്രതീക്ഷ.

സംസ്ഥാന കോണ്ഗ്രസില്‍ വരെ തലമുറ മാറ്റം വന്ന കാലഘട്ടത്തില്‍ സ്ഥാനാര്‍ത്ഥികളായും പുതിയ മുഖങ്ങള്‍ ഉയര്‍ന്നു വരണമെന്ന ആവശ്യം  സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ വേളയില്‍ ഉയര്‍ന്നേക്കും .  പലപ്പോഴും ലത്തീന്‍ സമുദായത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കായി നീക്കിവെക്കാറുള്ള  എറണാകുളം സീറ്റില്‍ ഇറക്കുമതി സ്ഥാനാര്‍ത്ഥികളെ പരിഗണിക്കാറില്ല.  സ്ഥാനാര്‍ത്ഥികളുടെ സാധ്യത തേടി എഐസിസി നടത്തിയ രണ്ടാം ഘട്ട സര്‍വ്വെയില്‍ മുന്‍  കൊച്ചി മേയര്‍ ടോണി ചമ്മിണിയിടെ പേരും  ഉള്‍പ്പെട്ടിരുന്നു

എറണാകുളത്ത്  ഇടത് സ്വതന്ത്രനെന്ന പതിവ് സമവാക്യത്തില്‍ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു
എന്നാല് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നതാണ് നല്ലതെന്ന ചിന്തയാണ്  ജില്ലാ നേതൃത്വത്തിനുള്ളത്. ഇക്കാര്യത്തില്‍ മുന്‍ തെരഞ്ഞെടുപ്പുകളിലുണ്ടായിരുന്ന ആശയക്കുഴപ്പം  ഇത്തവണയുമുണ്ട്. 

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനായ ക്രിസ്റ്റി ഫെര്‍ണാണ്ടസിനെയാണ് ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയാക്കിയത്. അത്തരം പരീക്ഷണങ്ങളേക്കാള്‍  നല്ലത്  പാര്‍ട്ടി സ്ഥാനാര്‍ത്ഥികളാണെന്ന വാദത്തിനാണ് ഇപ്പോള്‍ മേല്‍ക്കൈ. അതിനാല്‍ തന്നെ  പുതിയ മുഖങ്ങളെ സിപിഎം നിയോഗിക്കാനാണ് സാധ്യത.