Asianet News MalayalamAsianet News Malayalam

അധികാരത്തിലെത്തിയാൽ സർക്കാർ ഓഫീസുകളിലെ ആർഎസ്എസ് ശാഖകൾ നിർത്തലാക്കും: കോൺഗ്രസ്

അധികാരത്തിലെത്തിയാൽ മധ്യപ്രദേശിലെ സർക്കാർ ഓഫീസുകളിലെ ആർഎസ്എസ് ശാഖകൾ നിർത്തലാക്കുമെന്ന് കോൺഗ്രസിന്‍റെ പ്രകടനപത്രിക. അതേസമയം, ആദ്ധ്യാത്മിക വകുപ്പ് ഉൾപ്പടെ ഹിന്ദുത്വകാർഡിറക്കിയുള്ള വാഗ്‍ദാനങ്ങളും പ്രകടനപത്രികയിലുണ്ട്.

will ban rss shakhas in madhyapradesh government offices says congress manifesto
Author
Bhopal, First Published Nov 11, 2018, 3:58 PM IST
ഭോപ്പാൽ: ബിജെപിയെ വെട്ടാൻ ഹിന്ദുത്വകാർഡിറക്കി കളിയ്ക്കുമ്പോഴും ആർഎസ്എസ്സിനും ബിജെപിയ്ക്കുമെതിരെ ശക്തമായ നടപടികളുമുണ്ടാകുമെന്ന് ഉറപ്പു നൽകി കോൺഗ്രസിന്‍റെ പ്രകടനപത്രിക. മധ്യപ്രദേശിലെ സർക്കാർ ഓഫീസുകളിൽ പ്രവർത്തിയ്ക്കുന്ന ആർഎസ്എസ് ശാഖകൾ നിർത്തലാക്കുമെന്നാണ് കോൺഗ്രസിന്‍റെ പ്രകടനപത്രികയിലെ പ്രധാനവാഗ്‍ദാനങ്ങളിലൊന്ന്. സർക്കാർ ഓഫീസുകളിൽ ആർഎസ്എസ് ശാഖകൾക്ക് പ്രവർത്തിയ്ക്കാമെന്ന ശിവ്‍രാജ് സിംഗ് ചൗഹാൻ സർക്കാരിന്‍റെ ഉത്തരവ് ഭേദഗതി ചെയ്യുമെന്നും പ്രകടനപത്രികയിൽ പറയുന്നു.
 
എന്നാൽ ഹിന്ദുവോട്ട് ലക്ഷ്യമിട്ട് പ്രീണനനയത്തിൽ ഒട്ടും കുറവ് വരുത്താൻ തയ്യാറല്ല കോൺഗ്രസ്. അധികാരത്തിലെത്തിയാൽ സംസ്കൃതഭാഷ പഠിപ്പിയ്ക്കാനും പ്രചരിപ്പിക്കാനും 'ആദ്ധ്യാത്മിക വകുപ്പ്' രൂപീകരിയ്ക്കുമെന്നതാണ് മറ്റൊരു വാഗ്‍ദാനം. 14 വർഷത്തെ വനവാസകാലത്ത് രാമൻ സഞ്ചരിച്ചെന്ന് കരുതുന്ന കാനനപാതകളിലൂടെ പ്രത്യേകപാത - രാം പഥ് - നിർമ്മിക്കും.
 
ചാണകവും ഗോമൂത്രവും വ്യാവസായികാടിസ്ഥാനത്തിൽ സംസ്കരിക്കാൻ പ്രത്യേക യൂണിറ്റുകൾ തുടങ്ങും. എല്ലാ പഞ്ചായത്തുകളിലും ഗോശാലകൾ തുടങ്ങാൻ പ്രത്യേക പദ്ധതി രൂപീകരിക്കും. നർമദാനദിയുടെ സംരക്ഷണത്തിനായി 1100 കോടി രൂപ വകയിരുത്തുമെന്നതുൾപ്പടെയുള്ള വാഗ്‍ദാനങ്ങളാണ് കോൺഗ്രസിന്‍റെ - വചന പത്ര - എന്ന് പേരിട്ടിരിക്കുന്ന പ്രകടനപത്രികയിലുള്ളത്.
 
അതേസമയം, സർക്കാരാഫീസുകളിൽ ആർഎസ്എസ് ശാഖകൾ നിർത്തലാക്കാനുള്ള കോൺഗ്രസ് വാഗ്‍ദാനത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി രംഗത്തെത്തി. 'രാമക്ഷേത്രവും നിർമിക്കാനനുവദിക്കില്ല, ആർഎസ്എസ് ശാഖകളും പ്രവർത്തിയ്ക്കാനനുവദിക്കില്ലെ'ന്നതാണ് കോൺഗ്രസ് നയമെന്ന് ബിജെപി വക്താവ് സാംബിത് പാത്ര ആരോപിച്ചു.
 
 
നവംബർ 28-നാണ് മധ്യപ്രദേശിലും മിസോറാമിലും നിയമസഭാതെരഞ്ഞെടുപ്പ്. 230 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 11-നാണ് അഞ്ച് സംസ്ഥാനങ്ങളിലേക്കുമുള്ള വോട്ടെണ്ണൽ.
Follow Us:
Download App:
  • android
  • ios