ചെന്നൈ: കൊവിഡ് വൈറസ് വ്യാപനം പ്രതിരോധിക്കാന്‍ രാജ്യം ലോക്ക് ഡൗണില്‍ കഴിയുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ജനങ്ങള്‍ വീടിന് പുറത്തിറങ്ങരുതെന്നും അഭ്യര്‍ത്ഥിച്ച് തമിഴ് ഹാസ്യനടന്‍ വടിവേലു. ആരും പുറത്തിറങ്ങരുതെന്ന് വികാരഭരിതമായി അഭ്യര്‍ത്ഥിക്കുന്ന വീഡിയോ അദ്ദേഹം പുറത്തുവിട്ടിരുന്നു.  

ദയവു ചെയ്ത് ആരും പുറത്തിറങ്ങരുതെന്ന് കൈകൂപ്പി കണ്ണീരോടെയാണ് താരം അഭ്യര്‍ത്ഥിക്കുന്നത്. വേദനയോടെയും ദുഖത്തോടെയുമാണ് ഇത് പറയുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ദയവു ചെയ്ത് കുറച്ചുനാള്‍ വീട്ടിലിരിക്കൂ എന്നും സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി മെഡിക്കല്‍ രംഗത്തുള്ളവരും പൊലീസും നമുക്കായി പ്രവര്‍ത്തിക്കുകയാണെന്നും വടിവേലു പറഞ്ഞു. 

തമാശയായി കാണരുത്. ഗൗരവകരമായ വിഷയമാണിത്. മറ്റാര്‍ക്കും വേണ്ടിയല്ല, നമ്മുടെ മക്കള്‍ക്കായി, അടുത്ത തലമുറയ്ക്കായി എല്ലാവരും വീട്ടിലിരിക്കണമെന്നും പുറത്തിറങ്ങരുതെന്നും കൈകൂപ്പി വിതുമ്പി കൊണ്ട് പറഞ്ഞാണ് വടിവേലു വീഡിയോ അവസാനിപ്പിക്കുന്നത്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക