യുവ നടിമാരില്‍ ശ്രദ്ധയയാണ് അനശ്വര രാജൻ. മലയാളത്തില്‍ ഉദാഹരണം സുജാതയിലൂടെ വെള്ളിത്തിരയിലെത്തി ഇപ്പോള്‍ തൃഷയുടെ സിനിമയിലും  ഒരു പ്രധാന കഥാപാത്രമായി എത്തുകയാണ് അനശ്വര രാജൻ. അനശ്വര രാജന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.  വിവാഹ ഫോട്ടോകളിലൊന്നും നില്‍ക്കാൻ ഇഷ്‍ടപ്പെടാത്ത ആളാണ് താനെന്ന് അനശ്വര രാജൻ പറയുന്നു. ഇതുസംബന്ധിച്ച് ഒരു ഫോട്ടോഗ്രാഫര്‍ പറഞ്ഞ കാര്യം തനിക്ക് വിഷമമായെന്നും അനശ്വര രാജൻ പറഞ്ഞു.

ഉദാഹരണം സുജാത ഇറങ്ങിയ സമയത്ത് അച്ഛന്റെ അടുത്ത ബന്ധുവിന്റെ വിവാഹത്തിന് പോയി. പൊതുവേ വിവാഹ ഫോട്ടോകളിൽ നിൽക്കാൻ ഇഷ്ടപ്പെടാത്ത ആളാണ് ഞാൻ. വിവാഹവീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ പയ്യന്റെ കൂടെ ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ എല്ലാവരെയും വിളിച്ചു. അയ്യോ ഞാനില്ല നിങ്ങളെടുക്കെന്ന് പറഞ്ഞ് ഞാൻ മാറിക്കളഞ്ഞു. അതൊക്കെ കഴിഞ്ഞ് പിറ്റേ ദിവസം ഒരു സുഹൃത്ത് എനിക്കൊരു ഫേസ്‍ബുക്ക് കുറിപ്പ് എനിക്ക് അയച്ചുതന്നു. തലേന്നാൾ കണ്ട ഫോട്ടോഗ്രാഫറുടെതായിരുന്നു ആ കുറിപ്പ്. കഴിഞ്ഞ ദിവസം ഒരു വിവാഹത്തിന്റെ ഫോട്ടോയെടുക്കാൻ പോയപ്പോൾ അടുത്തിടെ ഇറങ്ങിയ ഒരു സിനിമയിൽ അഭിനയിച്ച കുട്ടിയെ കണ്ടുവെന്ന് ഒക്കെ പറയുന്നതായിരുന്നു കുറിപ്പ്. പത്ത് സിനിമയിൽ അഭിനയിച്ച അഹങ്കാരഭാവത്തോടെ മുഖം വക്രിച്ച് എന്റെ ക്യാമറയ്ക്ക് മുന്നിൽ നിന്ന് ആ കുട്ടി തിരിഞ്ഞുനടന്നു. കുട്ടിയുടെ മനസ്സിൽ അഹങ്കാരം കുത്തിവെച്ചത് സ്വപ്‍നലോകത്ത് നിൽക്കുന്ന മാതാപിതാക്കളാണ് എന്നായിരുന്നു  ആ കുറിപ്പില്‍ പറഞ്ഞത്. അത് എനിക്കും കുടുംബത്തിനും വലിയ വിഷമമുണ്ടാക്കി.