Asianet News MalayalamAsianet News Malayalam

ലോക്ക് ഡൗണ്‍ കാലം കഴിഞ്ഞാൽ നമ്മള്‍ എന്തുചെയ്യും?

അവരുടെ കഷ്‍ടപ്പാടുകള്‍  കാണുവാനോ അതിനെ ബഹുമാനിക്കാനോ നമുക്കിടയിലെ ഒരു കൂട്ടം മനുഷ്യർ തയ്യാറാവുന്നില്ല എന്നും ഉണ്ണി മുകുന്ദൻ.

Covid 19 Unni Mukundan write
Author
Kochi, First Published Apr 7, 2020, 2:10 PM IST

ലോക്ക് ഡൗണ്‍ കാലം കഴിഞ്ഞാൽ എങ്ങനെയായിരിക്കും നിങ്ങളുടെ ജീവിതം? ആരെങ്കിലും ആ കാര്യങ്ങളെ പറ്റി ചിന്തിച്ചു തുടങ്ങിയോ? ലോക്ക് ഡൗണ്‍ കാലത്ത് നിന്നു പോയ നമ്മുടെ പ്ലാനുകൾ എങ്ങനെ വീണ്ടും ക്രമീകരിക്കാനാവും? ഇങ്ങനെയുള്ള നിരവധി കാര്യങ്ങൾ നമുക്ക് മുമ്പിലുണ്ട്. ഇപ്പോള്‍ ആ കാര്യങ്ങളെ പറ്റി ചിന്തിച്ച് ഒരു പ്ലാൻ തയ്യാറാക്കാൻ നമുക്ക് കഴിയണം. ലോക്ക് ഡൗണ്‍ ഒരു തിരിച്ചറിവാണ് നമുക്ക്. വീട്ടിലിരിക്കുക എന്ന വലിയ  ഹീറോയിസമാണ് നിങ്ങൾക്ക് ഇപ്പോൾ ചെയ്യാൻ കഴിയുന്നത്.  ലോക്ക് ഡൗണ്‍ ദിനങ്ങൾ ഞാൻ വീട്ടിലിരിക്കുകയായിരുന്നന്ന്  നമ്മൾ പറഞ്ഞാൽ അതാണ് ഹീറോയിസം. നമ്മുടെ കുടുംബത്തോടൊപ്പം ചിലവിടാൻ കിട്ടിയ സമയമാണ്. അത് നല്ല രീതിയിൽ നമുക്ക് പ്രയോജനപ്പെടുത്താൻ കഴിയണം. പുസ്‍തകങ്ങൾ വായിച്ചും, സിനിമകൾ കണ്ടും, വീട്ടുകാരെ സഹായിച്ചും നമുക്ക് ലോക്ക് ഡൗണ്‍ കാലത്തെ നമ്മുടെ ഉത്തരവാദിത്തങ്ങൾ ചെയ്യുവാൻ കഴിയും.Covid 19 Unni Mukundan write

പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഒരു വാർത്ത വരുന്നു. കോവിഡിന്  മരുന്ന് കണ്ടുപിടിച്ചു, നാളെ മുതൽ എല്ലാവർക്കും ജോലിക്ക് പോവാമെന്ന് ഉത്തരവ് വരുന്നു. ഇത്രയും ദിവസത്തെ അവധിയിൽ നിന്ന് പെട്ടെന്ന് ജോലിക്ക് ചെല്ലുവാൻ പറയുമ്പോൾ എന്താകും മനുഷ്യരുടെ പ്രതികരണം.  ഇവിടെയാണ് ഞാൻ പറയുന്നത് നമുക്ക് ക്യത്യമായ ഒരു പ്ലാൻ ഉണ്ടാവണം. നമ്മുടെയെല്ലാം  ജീവിതത്തിൽ വ്യക്തിപരമായി നിന്ന് പോയ പല കാര്യങ്ങളുമുണ്ടാവും ഇവയെല്ലാം വീണ്ടും ഒന്നൂടെ പൊടി തട്ടിയെടുക്കാൻ എല്ലാം കിട്ടിയ മികച്ച അവസരമാണ്  ലോക്ക് ഡൗണ്‍ കാലം.

ഒറ്റപ്പാലത്തെ വീട്ടിലാണ് ഞാൻ. മേപ്പടിയാന് വേണ്ടി താടിയും മുടിയും വണ്ണവും കൂട്ടി ആകെ മാറിയിരിക്കുകയായിരുന്നു ഞാൻ.  പെട്ടെന്ന് തന്നെ ഷൂട്ടിങ്ങൊക്കെ തീർക്കാനായിരുന്നു പ്ലാൻ . എന്നാൽ ലോക്ക് ഡൗണ്‍ കാര്യങ്ങളെല്ലാം മാറ്റി മറിച്ചു. ജൂണോടെ വർകൗട്ടൊക്കെ ചെയ്‍ത് ശരീരം പഴയത് പോലെയാക്കി അടുത്ത പടത്തിനായുള്ള തയ്യാറെടുക്കാനായിരുന്നു പ്ലാനിട്ടത്. ഇനി എന്താകുമെന്ന് അറിയില്ല. സാധാരണ ഞാൻ ചെയ്യുന്ന കാര്യങ്ങൾക്ക് എല്ലാം വിപരീതമായ രീതിയിലാണ് ഇപ്പോഴത്തെ പോക്ക്. വർകൗട്ട് എല്ലാം താളം തെറ്റിയിരിക്കുകയാണ്. വീട്ടിലിരുന്ന് വണ്ണം കൂടികൊണ്ടിരിക്കുകയാണ്. പുസ്‍തക വായനയിലൂടെയാണ് ദിനങ്ങള്‍ കൂടുതലും ഞാൻ ചിലവിടുന്നത്. നേരത്തെ എനിക്ക് ഇഷ്‍ടമുള്ള കാര്യങ്ങൾ ഞാൻ ലാപ് ടോപ്പിൽ ടൈപ്പ് ചെയ്യുകയായിരുന്നു പതിവ്. ലോക്ക് ഡൗണ്‍ തുടങ്ങിയതോടെ
ഞാനതെല്ലാം എഴുതി തുടങ്ങി. ഗിറ്റാർ വായിക്കാറുണ്ട് , വീട്ടിലിപ്പോൾ ചേച്ചിയുടെ മകളുണ്ട്. അവൾക്ക് കുറച്ച് പാഠഭാഗങ്ങൾ എല്ലാം പറഞ്ഞ് കൊടുക്കുന്നുണ്ട്. എന്നെ പഠിപ്പിച്ച അധ്യാപകരെ ഞാൻ വിളിച്ചു. വലിയ സന്തോഷമായി തോന്നി ആ നിമിഷങ്ങൾ. നമ്മുടെ ബന്ധങ്ങൾ എല്ലാം മികച്ച രീതിയിൽ ഊട്ടിയുറപ്പിക്കാനൊക്കെ ഏറ്റവും മികച്ച അവസരമാണ്   ലോക്ക് ഡൗണ്‍  ദിനങ്ങൾ.  പരസ്‍പരം  സഹകരിച്ചും എല്ലാം മുന്നോട്ട് പോകുവാനുള്ള വലിയ വാതിലാണ് മനുഷ്യന് മുമ്പിൽ തുറന്നിരിക്കുന്നത്. അതു പോലെ തന്നെ വീട്ടിലിരിക്കുന്നവർ ഈ സമയങ്ങളിൽ ചെറിയ രീതിയിലുള്ള വ്യായാമങ്ങളും ജോലികളും ചെയ്യുവാൻ ശ്രമിക്കണം. ആവശ്യത്തിന്  മാത്രം ഭക്ഷണം കഴിക്കണം. ലോക്ക് ഡൗണ്‍ കാലത്ത് ഭക്ഷണം അനാവശ്യമായി പാഴാക്കി കളയുവാൻ പാടില്ലാ. ശരീരത്തിന് രോഗപ്രതിരോധശേഷി കൂട്ടാൻ വൈറ്റമിൻ സി ഏറ്റവും അധികം ആവശ്യമായ സമയമാണിത്. അതു കൊണ്ട് തന്നെ വൈറ്റമിൻ സി ലഭ്യമാകുന്ന ഭക്ഷ്യ വസ്‍തുക്കളും പാനിയങ്ങളും ആഹാരത്തിൽ ഉൾപ്പെടുത്താൻ ഓരോരുത്തരും  ശ്രമിക്കണം.Covid 19 Unni Mukundan write


നിങ്ങൾ ദയവ് ചെയ്‍ത് വീട്ടിലിരിക്കൂ എന്ന അഭ്യർഥനയാണ് ലോക്ക് ഡൗണ്‍ കാലത്ത് നമ്മുടെ കേന്ദ്ര-കേരള സർക്കാരുകൾ മുന്നോട്ട് വയ്ക്കുന്നത്. ആ അഭ്യർഥന പാലിക്കാൻ  നമ്മൾ തയ്യാറാവണം. അതിജീവനത്തിനായുള്ള പോരാട്ടമാണ് ഇപ്പോൾ നടക്കുന്നത് . അത്  പാലിക്കാനും സർക്കാർ സംവിധാനങ്ങൾ നൽകുന്ന നിർദേശങ്ങൾ അനുസരിക്കാനും ഒരു പൗരൻ എന്ന നിലയിൽ നമ്മൾ തയ്യാറാവണം. കേരള സർക്കാരും കേന്ദ്ര സർക്കാരും കൂട്ടായ ഒരു സേവനമാണ് നമുക്കായി നടത്തുന്നത് . അത് ഉൾക്കൊള്ളുവാൻ നമ്മൾ പഠിക്കണം. കോവിഡ് വൈറസിന്  ഒരിക്കലും ജാതിയില്ലാ.  അത് ഹിന്ദുവിനോ മുസ്ളീമിനോ ക്രിസ്ത്യാനിക്കോ എന്ന രീതിയിലല്ല വരുന്നത് . മനുഷ്യർക്ക് ആർക്കും വരാം.  നമുക്ക് രോഗം വരാതിരിക്കാനും നമ്മളായിട്ട് ആർക്കും രോഗം പകർത്താതിരിക്കാനും നമ്മൾ ബാധ്യസ്ഥരാണ് . നമ്മുടെ ചുറ്റം ഒന്നു നോക്കൂ. ഇനിയും കാര്യങ്ങളുടെ സീരിസൻസ് അറിയാതെ എത്രയോ ആളുകളാണ് വെറുതെ റോഡിലൂടെ നടക്കുന്നത്. എത്ര പറഞ്ഞാലുംമനുഷ്യർക്ക് എന്താണ് മനസിലാകാത്തത്.? നമ്മുടെ പൊലീസ് സേനയും , ആരോഗ്യ പ്രവർത്തകരും എത്രത്തോളമാണ് കഷ്‍ടപ്പെടുന്നത്. ഇവർക്കും കുടുംബവും വീട്ടുകാരെല്ലാം ഉണ്ട്. പക്ഷെ അതൊന്നും കാര്യമാക്കാതെ നമ്മുടെ സുരക്ഷയ്ക്കായാണ് അവർ കഷ്‍ടപ്പെടുന്നത്. പക്ഷെ അത് കാണുവാനോ അതിനെ ബഹുമാനിക്കാനോ നമുക്കിടയിലെ ഒരു കൂട്ടം മനുഷ്യർ തയ്യാറാവുന്നില്ല. എത്ര നിർദേശങ്ങൾ കൊടുത്താലും അതൊന്നും പാലിക്കാതെ നടക്കുകയാണ്. മനുഷ്യർക്ക് ഒരു കാര്യം ചിന്തിച്ചാൽ പോരെ . ഞാൻ രോഗം പടർത്തിയാൽ അത് എന്റെ കുടുംബത്തിനും കുഞ്ഞുങ്ങൾക്കും അയൽക്കാർക്കുമെല്ലാം വരും എന്ന ധാരണയുണ്ടെങ്കിൽ ഇങ്ങനെയൊക്കെ ചെയ്യുമോ.Covid 19 Unni Mukundan write

ഇപ്പോഴും രാഷ്‍ട്രീയം കളിക്കുന്ന നിരവധിയാളുകൾ നമുക്കിടയിലുണ്ട്. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി എല്ലാ ജനങ്ങളോടും ഐക്യ ദീപം തെളിയിക്കാന്‍ ആവശ്യപ്പെട്ടത്. ഞാനും ദീപം തെളിയിച്ചു. പക്ഷെ നരേന്ദ്രമോദി ദീപം തെളിയിക്കാൻ പറഞ്ഞുവെന്ന് പറഞ്ഞ് പലരും ട്രോളുന്നത് കണ്ടു.  ദീപം തെളിയിച്ചാൽ കൊറോണ ചാകുമെന്ന് ആരും പറഞ്ഞട്ടില്ല. അങ്ങനെ വിശ്വസിക്കാൻ മാത്രം മണ്ടൻമാരുണ്ടോയെന്ന് എനിക്കറിയില്ലാ.  ആരോഗ്യപ്രവർത്തകർക്കുള്ള ആദരവായി എല്ലാവരും പാത്രത്തിൽ ക്ലാപ് ചെയ്യണമെന്നുള്ള പ്രധാനമന്ത്രിയുടെ വാക്കുകൾ രാജ്യം ഏറ്റെടുത്തതാണ്. പക്ഷെ അതിന്റെ ഉദ്ദേശ്യ ശുദ്ധി മനസിലാക്കാതെ കൂട്ടാമായി തെരുവിലേയ്ക്കിറങ്ങി ഗോ കൊറോണ ഗോ എന്നൊക്കെ വിളിച്ച് നടക്കുന്നത് മണ്ടത്തരമാണ്. യുദ്ധ കാലത്ത് നമ്മൾ എന്താണ് ചെയ്യുക, രാജ്യം ഒറ്റക്കെട്ടാണെന്നും പ്രതിസന്ധികളെ അതിജീവിക്കുമെന്നും പറഞ്ഞ് ഒത്തൊരുമയോടെ പ്രവർത്തിക്കും. രാജ്യം ഒന്നാകെ ഒത്തൊരുമിച്ച് ചെറുത്തു നിൽപ്പിന്റെ ദീപമാണ് തെളിയിച്ചത്. അതിലൊരു പ്രാര്‍ത്ഥനയുണ്ട്. അത് നമ്മൾ മനസിലാക്കണം. ആ ഒരു ഒത്തൊരുമയ്ക്ക് കൂട്ടായാണ് ഞാൻ ദീപം തെളിയിച്ചത്.  ഇപ്പോഴും  രാഷ്‍ട്രീയം കളിച്ചും പരസ്‍പരം ട്രോളിയും പഴിചാരുന്നത് മോശമാണ്. ഒരു വാക്സിനേഷൻ കണ്ടു പിടിക്കുകയാണ് മഹാമാരിക്കുള്ള ഒരു പ്രതിവിധി. നമുക്കായി കഷ്‍ടപ്പെടുന്ന ഡോക്ടർമാർ ,നഴ്‍സുമാർ,  ആരോഗ്യ പ്രവർത്തകർ, പൊലീസ്  ഇവരെല്ലാം പറയുന്ന നിർദേശങ്ങൾ പാലിക്കാൻ നമ്മൾ തയ്യാറാവണം.  മഹാമരികാലത്ത് ഇവർ ഓരോരുത്തരുടെയും പ്രവർത്തനങ്ങൾ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.

എല്ലാം ആദരവോടെ നമ്മൾ ഓർക്കണം. നമ്മുടെ പ്രാത്ഥനകളിൽ അവരെ നമ്മൾ ഓർക്കണം. നമ്മുടെ മുമ്പിലെ ദൈവങ്ങൾ ഇപ്പോൾ നമ്മുടെ ആരോഗ്യ പ്രവർത്തകരാണ് . നമ്മൾ റോഡിലിറങ്ങാതിരിക്കാൻ വേണ്ടി വീട്ടിലേയ്ക്ക് ആവശ്യമായ സാധനങ്ങൾ വരെ വാങ്ങി തരുന്ന പൊലീസുകാരുണ്ട്. ആപത്തിൽ കൂടെ നിൽക്കുന്ന അവരോട് നമ്മൾക്ക് ചെയ്യാൻ കഴിയുന്നത് വീട്ടിലിരിക്കുകയെന്ന വലിയ കടമയാണ്. പക്ഷെ ആ വീട്ടിലിരിപ്പും മുതലെടുപ്പ് നടത്തുന്ന ചിലരുണ്ട്.  ലോക്ക് ഡൗണ്‍ സമയത്തും ചൂട് പരിപ്പുവട വേണമെന്ന് ആവശ്യപ്പെട്ട് പൊലീസിനെ പറഞ്ഞുവിടുന്ന വാർത്ത കണ്ടു. എന്ത് മോശമാണ് മനുഷ്യൻ കാണിക്കുന്നത്. എനിക്ക് അത് വേണം, ഇത് വേണമെന്നുള്ള വാശികൾ ലോക്ക് ഡൗണ്‍ സമയത്തെങ്കിലും മനുഷ്യൻ ഉപേക്ഷിക്കണം. ലോക്ക് ഡൗണ്‍ നമുക്ക് വേണ്ടിയാണെന്നുള്ള ബോധം എല്ലാവർക്കുമുണ്ടാകണം. എന്റെ വീടിനടുത്തും പൊലീസുകാരുണ്ട്. ലോക്ക് ഡൗണ്‍ സമയത്തെ അവരുടെ കഷ്‍ടപാടുകൾ ഞാൻ കാണുന്നയാളാണ്. പലപ്പോഴും ഇപ്പോഴത്തെ ജോലിത്തിരക്കിൽ അവർ ഭക്ഷണം കഴിക്കുന്നുണ്ടോയെന്ന് പോലും സംശയമാണ്. നമ്മുടെ ജീവൻ സംരക്ഷിക്കാനാണ് അവർ  ഓട്ടം ഓടുന്നത്. പക്ഷെ അത് മനസിലാക്കാതെയുള്ള മനുഷ്യരുടെ പ്രവർത്തികൾ ശരിക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്.

ജാതി-മത- ചിന്തകൾക്കുമപ്പുറം മനുഷ്യൻ തമ്മിലുള്ള സ്‍നേഹവും കരുതലും കാണണ്ട സമയത്തും പരസ്‍പരം മതം പറയുന്ന കാഴ്‍ച കാണുവാൻ സാധിക്കും. സാക്ഷരതയിൽ മുമ്പിൽ നിൽക്കുന്ന നമ്മുടെ  നാട്ടിൽ തന്നെ ഇങ്ങനെയുള്ള കാര്യങ്ങൾ സംഭവിക്കുമ്പോൾ വേദനയുണ്ടാക്കാറുണ്ട്. ഒരു കാര്യത്തെ പറ്റി നമുക്കുണ്ടാവുന്ന അറിവില്ലായ്‍മ പ്രശ്‍നമല്ല. പക്ഷെ പാതി അറിവ് വച്ച് എന്തൊക്കയോ പറയുന്നത് ശരിയല്ല. എല്ലാ മതങ്ങൾക്കും ഓരോ വേദ ഗ്രന്ഥങ്ങളുണ്ട് . മതം പറഞ്ഞ് നടക്കുന്നവർ  ലോക്ക് ഡൗണ്‍ സമയത്ത് അത് മുഴുവൻ ഇരുന്ന് വായിക്കു. കൊവിഡ് വൈറസ് പടരാതെ ഇരിക്കാൻ നമ്മുടെ വീട്ടിലിരിക്കുക എന്ന ഹീറോയിസമാണ് ഇപ്പോൾ ചെയ്യുവാൻ കഴിയുന്നത്. അത് ചെയ്യാൻ നമ്മളെല്ലാം തയ്യാറാവണം.
Covid 19 Unni Mukundan write

നമുക്ക് കഴിയുന്ന  കാര്യം വീട്ടിലിരുന്ന് ചെയ്യണം . നിങ്ങൾ വീട്ടിലിരിക്കുമ്പോൾ അച്ഛനോടും അമ്മയോടും സംസാരിക്കണം എന്ന് നമ്മൾ ആരോടേലും പറഞ്ഞ് കൊടുത്ത് മനസിലാക്കണ്ട കാര്യമാണോ? ഒരിക്കലുമല്ല. പക്ഷെ അതുപോലും പറഞ്ഞ് കൊടുക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. മറ്റുള്ളവരെ സഹായിച്ചാലും അത് പത്ത് പേരെ കാണിക്കാനാണ് പലരും ശ്രമിക്കുന്നത്. ഒരു നേരത്തെ ആഹാരം ഒരു മനുഷ്യന് കൊടുത്താലും അത് ഫോട്ടോയെടുത്ത് പ്രചരിപ്പിക്കുന്നവരുമുണ്ട് . ഇങ്ങനെയുള്ള കാഴ്‍ചപാടുകൾ മാറണം. മറ്റുള്ളവരെ കാണിക്കാനാവരുത് നമ്മുടെ സഹായങ്ങൾ , കണക്ക് പറഞ്ഞ് ഒന്നും ചെയ്യാൻ ശ്രമിക്കരുത്.


പ്രതിരോധ പോരാട്ടത്തിൽ ഒന്നിച്ച് നിൽക്കുകയെന്നതാണ് നമ്മൾ ഓരോരുത്തരുടെയും കടമ.  അതിനായി സർക്കാർ പറയുന്ന കാര്യങ്ങൾ നമ്മൾ പാലിക്കണം. നമ്മുടെ വീടുകളിൽ ഇരിക്കുകയെന്നതാണ് ഇപ്പോൾ ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം. അത് ഉറപ്പാക്കാൻ നമുക്ക് ബാധ്യതയുണ്ട്. നമ്മളിലൂടെ രോഗം മറ്റുള്ളവരിലേയ്ക്ക് എത്തുകയില്ലെന്നും ഉറപ്പാക്കാൻ നമുക്ക് സാധിക്കണം.

Follow Us:
Download App:
  • android
  • ios