ബിഗ് ബോസ് ഓരോ ദിവസം കഴിയുംതോറും ആകാംക്ഷയും ആവേശവുമുള്ള രംഗങ്ങളാല്‍ സജീവമാകുകയാണ്. ബിഗ് ബോസ് വീട്ടിലെ ആള്‍ക്കാര്‍ ഓരോ ടാസ്‍ക്കുകളോടും ഓരോ രീതിയിലാണ് പ്രതികരിക്കുന്നത്. ഇണങ്ങിയും പിണങ്ങിയുമാണ് ഓരോദിവസവും ഓരോരുത്തരും ബിഗ് ബോസ്സിലുള്ളത്. പ്രേക്ഷകപ്രീതി നേടാനുള്ള പരിശ്രമങ്ങള്‍ ഓരോ മത്സരാര്‍ഥിയും പുറത്തെടുക്കുന്നു. പക്ഷേ ഓരോ ദിവസവും ഓരോരുത്തര്‍ ബിഗ് ബോസ്സില്‍ ഇടപെടുന്ന കാര്യങ്ങള്‍ എങ്ങനെയാണ് പ്രേക്ഷകരില്‍ സ്വാധീനം ചെലുത്തുകയെന്നത് കണ്ടറിയേണ്ടതാണെങ്കിലും ഇന്ന് ദയ അശ്വതിയാണ് കളംനിറഞ്ഞത്.

വൈല്‍ഡ് കാര്‍ഡ് എൻട്രിയായിട്ടായിരുന്നു ദയാ അശ്വതിയും ജസ്‍ലയും ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത്. ബിഗ് ബോസ്സിന് പുറത്ത് വൻ ശത്രുതയിലായിരുന്ന ഇരുവരും വീട്ടിനകത്ത് എത്തിയപ്പോഴും തുടക്കത്തില്‍ അങ്ങനെ തന്നെയായിരുന്നു. ബിഗ് ബോസ്സിലെ ആകാംക്ഷ നിറഞ്ഞ രംഗങ്ങള്‍ തുടര്‍ന്ന് ഉണ്ടാകുകയും ചെയ്‍തു. അതിനിടെ ജസ്‍ലയും ദയ അശ്വതിയും ചെറിയ രീതിയില്‍ പ്രശ്‍നം പറഞ്ഞുതീര്‍ക്കുകയും ചെയ്‍തിരുന്നു. എന്നാല്‍ ഇന്ന് ദയ അശ്വതി വെറും പാവമാണെന്ന് ജസ്‍ല പറയുന്നയിടം വരെയെത്തി കാര്യങ്ങള്‍. അതിനു വഴിതെളിയിച്ചത് ദയാ അശ്വതിയെ മണ്ടിയാക്കാൻ പാഷാണം ഷാജി നടത്തിയ ശ്രമങ്ങളും.

അടുക്കള ജോലി ചെയ്യുകയായിരുന്നു ദയാ അശ്വതി. ഇറച്ചിക്കറി വയ്‍ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. അതിനിടയിലാണ് ചന്തയില്‍ പോകാൻ ദയ അശ്വതിയെ ക്യാപ്റ്റൻ കൂടിയായ പാഷാണം ഷാജി വിളിക്കുന്നത്. ബിഗ് ബോസിനു പുറത്തുപോകാൻ അനുവാദമില്ലല്ലോ എന്ന് ദയ അശ്വതി പറഞ്ഞിരുന്നു. എന്നാല്‍ എല്ലാവരും കൂടി പറഞ്ഞപ്പോള്‍ ചന്തയില്‍ പോകാൻ വസ്‍ത്രം മാറി ദയ അശ്വതി തയ്യാറായി. എന്തൊക്കെയാണ് വാങ്ങേണ്ടത് എന്ന് മഞ്ജു പത്രോസ് അടക്കമുള്ളവര്‍ ദയാ അശ്വതിയോട് പറയുകയും ചെയ്‍തു. എഴുതിയെടുത്ത കടലാസ് കൊണ്ടുപോകാൻ ബിഗ് ബോസ് സമ്മതിക്കില്ലെന്നും വാങ്ങേണ്ട സാധനങ്ങള്‍ ഓര്‍ത്തിരിക്കണമെന്നും എല്ലാവരും പറഞ്ഞു. അങ്ങനെ സാധനങ്ങള്‍ വാങ്ങാനുള്ള സഞ്ചിയുമായി പാഷാണം ഷാജിയും ദയ അശ്വതിയും വാതിലിന് അടുത്ത് എത്തുകയും ചെയ്‍തു. വണ്ടി ഉടൻ വരും അതില്‍ പോകാമെന്ന് പാഷാണം ഷാജി പറഞ്ഞിരുന്നു. കളിപ്പാട്ട വണ്ടിയുമായി വരാൻ ഫുക്രുവിനെ പറഞ്ഞ് ചട്ടംകെട്ടുകയും ചെയ്‍തിരുന്നു പാഷാണം ഷാജി. ഒടുവില്‍ വണ്ടി വന്നുവെന്ന് പറഞ്ഞ് ഫുക്രു രംഗത്ത് എത്തിയപ്പോഴാണ് കളിപ്പാട്ട വണ്ടി ദയ അശ്വതി കാണുകയും താൻ മണ്ടിയാക്കപ്പെട്ടതായി തിരിച്ചറിഞ്ഞതും. എല്ലാവര്‍ക്കും പൊട്ടിയാക്കാനായിട്ടാണ് താനെന്ന് പറഞ്ഞ് ദയ അശ്വതി പരിഭവിക്കുകയും ചെയ്‍തു. എല്ലാവരും ചേര്‍ന്ന് ദയാ അശ്വതിയെ സമാധാനിപ്പിക്കുകയും ചെയ്‍തു.

പിന്നീട് ജസ്‍ലയും വീണാ നായരും ആര്യയും ചേര്‍ന്ന് ദയ അശ്വതിയെ കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്‍തു. വെറും പാവമാണ് ദയാ അശ്വതിയെന്ന് ജസ്‍ല പറഞ്ഞു. അതേയെന്ന് വീണ നായരും ആര്യയും സമ്മതിക്കുകയും ചെയ്‍തു. ഒരു ശുദ്ധയാണ് അവരെന്ന് ആര്യ പറഞ്ഞു. തനിക്ക് സങ്കടം വരുന്നുവെന്നും ജസ്‍ല പറഞ്ഞു. ദയാ അശ്വതിക്ക് സുഹൃത്തുക്കള്‍ ആരുമില്ലെന്നും അവര്‍ക്ക് ഇമോഷണല്‍ ഐക്യു കൂടുതലാണെന്നും ആര്യ പറഞ്ഞു. അതുകൊണ്ടാണ് ഫേസ്‍ബുക്കിലൊക്കെ ഒന്നും ആലോചിക്കാതെ ശകാരവാക്കുകള്‍ ഒക്കെ പറയുന്നത് എന്നും ആര്യ പറഞ്ഞു. അതേസമയം ഇനി ദയാ അശ്വതിയെ പറ്റിക്കാനാകുമെന്ന് പാഷാണം ഷാജിയോട് മറ്റൊരു ചര്‍ച്ചയില്‍ ജസ്‍ല പറഞ്ഞു. രണ്ടുതവണ തുലഞ്ഞു, ഇനി തന്നെ പറ്റിക്കാനാകില്ലെന്ന് ദയാ അശ്വതി പറഞ്ഞതായി ജസ്‍ല പറഞ്ഞു. ഉച്ചയ്‍ക്ക് മുമ്പ് ഒന്നുകൂടി പറ്റിച്ചുകാണിക്കട്ടെയെന്ന് പാഷാണം ഷാജി ചോദിക്കുന്നു. അങ്ങനെ ദയ അശ്വതിയെ പറ്റിക്കാൻ വീണ്ടും പദ്ധതിയിടുന്നു. ഇറച്ചിക്കറി വച്ചാല്‍ പൂര്‍വ്വികര്‍ക്ക് കൊടുക്കുന്ന ഒരു ചടങ്ങുണ്ടെന്ന് മഞ്ജു പത്രോസ് അടക്കമുള്ളവര്‍ പറഞ്ഞ് ദയാ അശ്വതിയെ വിശ്വസിപ്പിച്ചു. പൂര്‍വ്വികര്‍ക്ക് കൊടുക്കാനായി സ്ഥലമൊക്കെ തയ്യാറാക്കി വയ്‍ക്കുകയും ചെയ്‍തു.

ദയാ അശ്വതി കുളിക്കാൻ പോയി വന്നപ്പോള്‍ പാഷാണം ഷാജി ഭക്ഷണം കഴിക്കുകയാണ്. പൂര്‍വ്വികര്‍ക്ക് കൊടുക്കാതെ ഭക്ഷണം കഴിക്കുന്നതിനെ മഞ്ജു പത്രോസും ആര്യയും ചേര്‍ന്ന് എതിര്‍ക്കുന്നു. അങ്ങനെ അത് വലിയ തര്‍ക്കത്തിലേക്ക് മാറുന്നു. എന്നാല്‍ പൂര്‍വ്വികര്‍ക്ക് കൊടുത്തു എന്ന് കരുതിയാണ് താൻ കഴിക്കാൻ തുടങ്ങിയത് എന്ന് പാഷാണം ഷാജി പറഞ്ഞു. ഒരാള്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍ കുറ്റപ്പെടുത്തരുത് എന്ന് ദയാ അശ്വതി പറഞ്ഞു. എന്നാല്‍ പൂര്‍വ്വികര്‍ക്ക് കൊടുക്കുന്നതിനു മുമ്പ് പാഷാണം ഷാജി ഭക്ഷണം കഴിക്കാൻ തുടങ്ങിയത് ദയാ അശ്വതിയുടെ ശ്രദ്ധക്കുറവ് കൊണ്ടാണെന്ന് എല്ലാവരും സമര്‍ഥിച്ചു. ഒടുവില്‍ അതും തന്റെ കുറ്റം തന്നെയെന്ന് പറഞ്ഞ് ദയാ അശ്വതി കരച്ചിലിന്റെ വക്കിലെത്തി. അതോടെ ഫുക്രു അത് തമാശയാണെന്ന് പറഞ്ഞു. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് ദയാ അശ്വതിക്കൊപ്പം ചേര്‍ന്നു തമാശ പറഞ്ഞും ആശ്വസിപ്പിച്ചും സജീവമായി.