മലയാള സിനിമയില്‍ ഹാസ്യനടനായും സ്വഭാവ നടനായും ഒട്ടേറെ കഥാപാത്രങ്ങള്‍ ചെയ്‍ത ശശി കലിംഗ ഇന്ന് രാവിലെയാണ് അന്തരിച്ചത്. മലയാള സിനിമ വേണ്ട രീതിയില്‍ ഉപയോഗിക്കാതിരുന്ന താരമാണ് ശശി കലിംഗയെന്ന് സംവിധായകൻ ഡോ. ബിജു സാമൂഹ്യ മാധ്യമത്തില്‍ പറഞ്ഞു.

ഡോ. ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പേരറിയാത്തവർ സിനിമയിൽ അഭിനയിക്കാൻ എത്തുമ്പോഴാണ് കലിംഗ ശശിയേട്ടനെ ആദ്യമായി കാണുന്നത്. പേരറിയാത്തവരിലെ ബാൻഡ് മാസ്റ്ററിന്റെ വേഷത്തിനായി ശശിയേട്ടൻ പറ്റും എന്നാലോചിച്ചപ്പോൾ നിർമാതാവ് അനിൽ അമ്പലക്കര ആണ് ശശിയേട്ടനെ വിളിച്ചത്.

പേരറിയാത്തവരിൽ അഞ്ചു ദിവസത്തെ ഷൂട്ട് ആയിരുന്നു ശശിയേട്ടന് ഉള്ളത്. കൂടുതലും നെടുമുടി വേണു ചേട്ടനുമായുള്ള കോംപിനേഷൻ. ആദ്യ ദിവസം ആദ്യ ടേക്ക് ഒക്കെ ആയ ശേഷം ശശിയേട്ടൻ എന്നോട് രഹസ്യമായി പറഞ്ഞു.

ഞാൻ ഒത്തിരി പേടിച്ചാണ് സെറ്റിലേക്ക് വന്നത്. കോഴിക്കോട്ട് നിന്ന് ഒട്ടേറെ സിനിമാ സുഹൃത്തുക്കൾ പറഞ്ഞു പേടിപ്പിച്ചത് ഡോ ബിജു സെറ്റിൽ വലിയ കാർക്കശ്യക്കാരൻ ആണ്. അയാളുടെ കീഴിൽ അഭിനയിക്കുന്നവരെ അയാൾ പെടാപ്പാട് പെടുത്തും എന്നൊക്കെയാണ്. ആ പേടിയോടെ ആണ് സെറ്റിൽ എത്തിയത് . ഇവിടെ വന്നപ്പോൾ ആണ് അറിയുന്നത് സിനിമ സിങ്ക് സൗണ്ട് കൂടി ആണെന്ന്. ജീവിതത്തിൽ ഇതുവരെ ഞാൻ സിങ്ക് സൗണ്ടിൽ സിനിമ ചെയ്‍തിട്ടില്ല. ഡയലോഗ് പ്രോംപ്റ്റിംഗ് ഇല്ലാതെ കാണാതെ പഠിച്ചു ചെയ്യുന്നതാണ് സിനിമയിൽ ഇത്ര നാളത്തെ ശീലം. സംവിധായകനെപ്പറ്റി കേട്ട പേടിയുടെ കൂടെ സിങ്ക് സൗണ്ട് പേടിയും. രണ്ടും കൂടി ഓർത്തപ്പോ തിരിച്ചു കോഴിക്കോട്ടേയ്ക്ക് വണ്ടി പിടിച്ചാലോ എന്നാലോചിച്ചതാണ്. ഏതായാലും ഇപ്പൊ ആദ്യ ടേക്ക് കഴിഞ്ഞപ്പോൾ സമാധാനമായി.

ഇപ്പോൾ ശശിയേട്ടന് എന്താണ് തോന്നുന്നത് എന്ന് ഞാൻ ചോദിച്ചു. ശശിയേട്ടൻ ഉച്ചത്തിൽ ചിരിച്ചു കൊണ്ട് പറഞ്ഞു. ‘തിരിച്ചു ചെന്നിട്ടു ഡോക്ടറെ പറ്റി അപവാദം പറഞ്ഞ അവന്മാരെ ഞാൻ നേരിട്ട് കാണുന്നുണ്ട്. അപ്പോൾ സിങ്ക് സൗണ്ടിന്റെ കാര്യമോ ..? ഞാൻ ചോദിച്ചു.

ഇപ്പഴാ മനസ്സിലായെ സിനിമയിൽ സ്വാഭാവികമായി ഒരു ആർട്ടിസ്റ്റിന് അഭിനയിക്കാൻ ഏറ്റവും കൂടുതൽ സഹായിക്കുന്നത് സിങ്ക് സൗണ്ട് ആണ്.  കുന്തത്തോടുള്ള പേടി എനിക്കിന്ന് തീർന്നു

പേരറിയാത്തവരിലെ ബാൻഡ് മാസ്റ്റർ ശശിയേട്ടന്റെ ക്യാരക്ടർ റോളുകളിൽ വളരെ മികച്ച ഒന്നാണ്. ഒട്ടേറെ ഉപയോഗിക്കാൻ സാധ്യത ഉള്ള ഒരു നടൻ ആയിരുന്നു ശശിയേട്ടൻ. മലയാള സിനിമ ആ നടനെ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തിയിരുന്നോ എന്നത് സംശയം ആണ്. വിട ശശിയേട്ടാ.