മുംബൈ: സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ നടി രാകുൽ പ്രീത് സിംഗിനെയും ദീപികാ പദുകോണിനെയും നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ നാളെ ചോദ്യം ചെയ്യും. നോട്ടീസ് കിട്ടാൻ വൈകിയതാണ് രാകുൽ പ്രീതിന്‍റെ ചോദ്യം ചെയ്യൽ നാളത്തേക്ക് മാറ്റാൻ കാരണം. ഹൈഹദരാബാദിലുള്ള തനിക്ക് നോട്ടീസൊന്നും കിട്ടിയിട്ടില്ലെന്ന് രാകുൽ പ്രീത് പറഞ്ഞത് ചില ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. നോട്ടീസ് കൈപറ്റിയതായി രാകുൽ പ്രീത് അറിയിച്ചെന്നും നാളെ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും  ഉച്ചയോടെ എൻസിബി വൃത്തങ്ങൾ പറഞ്ഞു. 

ഗോവയിൽ ഷൂട്ടിംഗിലുള്ള നടി ദീപികാ പദുകോൺ ചോദ്യം ചെയ്യലിനായി പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ മുംബൈയിലെത്തും. ഫാഷൻ ഡിസൈനർ  സിമോൻ കമ്പട്ടയെയും ടെലിവിഷൻ താരങ്ങളായ അബിഗെയ്ൽ പാണ്ഡെ, സനം ജോഹർ എന്നിവരെയും  ഇന്ന് ചോദ്യം ചെയ്തു. നടിമാരായ ശ്രദ്ധ കപൂർ, സാറാ അലിഖാൻ എന്നിവരെ മറ്റന്നാളാണ് ചോദ്യം ചെയ്യുക. 

അതേസമയം നടിമാരെ മോശക്കാരായി ചിത്രീകരിക്കാൻ ബോധപൂർവമായി ശ്രമം നടക്കുന്നതായി നടിയും കോൺഗ്രസ് നേതാവുമായി നഗ്മ കുറ്റപ്പെടുത്തി. ലഹരി ഉപയോഗം തുറന്ന് സമ്മതിക്കുന്ന നടി കങ്കണയുടെ വീഡിയോ പുറത്ത് വന്നിട്ടും എന്തുകൊണ്ട് ചോദ്യം ചെയ്യലിന് വിളിപ്പിക്കാത്തതെന്ന് നഗ്മ ചോദിക്കുന്നു.  

കർഷക സമരങ്ങൾ നടക്കുന്ന നാളെ തന്നെ ദീപികയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത് ശ്രദ്ധതിരിക്കാനാണെന്ന ആരോപണം മുതിർന്ന മാധ്യമപ്രവർത്തകർ തന്നെ ഉന്നയിച്ചിട്ടുണ്ട്. ലഹരിമരുന്ന് ആവശ്യപ്പെട്ട് ടാലൻ്റ് മാനേജറുമായി 2017ൽ  ദീപിക നടത്തിയ വാട്സ് ആപ്പ് ചാറ്റ് അന്വേഷണ സംഘത്തിന്റെ കൈവശമുണ്ട്. ഈ വാട്സ് ആപ്പ് ചാറ്റ് നടത്തിയ ദിവസം നടന്ന നിശാപാർട്ടിയിൽ ദീപികയ്ക്കൊപ്പം പങ്കെടുത്ത അഭിനേതാക്കളായ സോനാക്ഷി സിൻഹ, സിദ്ധാർഥ് മൽഹോത്ര, ആദിത്യ റോയ് കപൂർ എന്നിവരും സംശയത്തിന്‍റെ നിഴലിലാണ്.