Asianet News MalayalamAsianet News Malayalam

‘മീടൂ’; ഹാർവി വെയ്ൻസ്റ്റെയ്ൻ രണ്ട് ലൈംഗിക പീഡനക്കേസിൽ കുറ്റക്കാരൻ, ശിക്ഷാവിധി അടുത്തമാസം

ലോകത്തെ തന്നെ ഇളക്കിമറിച്ച മീ ടൂ പ്രതിഷേധങ്ങൾക്ക് തുടക്കമിട്ടത് അറുപത്തിയേഴുകാരനായ വെയ്ൻസ്റ്റെയ്നെതിരെ ഉയർന്ന ലൈംഗികാരോപണ പരാതികളോടെയായിരുന്നു. അഞ്ച് ലൈംഗിക ആരോപണക്കേസുകളാണ് വെയ്ൻസ്റ്റെയ്നെതിരെ ഉയർന്നത്. 

Hollywood producer Harvey Weinstein Guilty Of Sexual Assault
Author
New York, First Published Feb 25, 2020, 11:45 AM IST

ന്യൂയോർക്ക്: ലൈംഗികാരോപണം നേരിടുന്ന മുൻ ഹോളിവുഡ് ചലച്ചിത്ര നിർമാതാവ് ഹാർവി വെയ്ൻസ്റ്റെയ്ൻ കുറ്റക്കാരനാണെന്ന് ന്യൂയോർക്ക് സുപ്രീംകോടതി വിധിച്ചു. 2006ൽ മുൻ പ്രൊഡക്ഷൻ അസിസ്റ്റൻ്റ് മിമി ഹലെയിയെ പീഡിപ്പിച്ച കേസിലും, 2003ൽ നടി ജസീക്കാ മന്നിനെ ബലാത്സം​ഗം ചെയ്ത കേസിലുമാണ് വെയ്ൻസ്റ്റെയ്ൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ‌‌‌‌കുറഞ്ഞത് അഞ്ചു മുതൽ 25 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ. മാർച്ച് 11ന് വെയ്ൻസ്റ്റെയ്ന് ശിക്ഷ വിധിക്കുമെന്ന് കോടതി വ്യക്തമാക്കി.

ലോകത്തെ തന്നെ ഇളക്കിമറിച്ച മീ ടൂ പ്രതിഷേധങ്ങൾക്ക് തുടക്കമിട്ടത് അറുപത്തിയേഴുകാരനായ വെയ്ൻസ്റ്റെയ്നെതിരെ ഉയർന്ന ലൈംഗികാരോപണ പരാതികളോടെയായിരുന്നു. അഞ്ച് ലൈംഗിക ആരോപണക്കേസുകളാണ് വെയ്ൻസ്റ്റെയ്നെതിരെ ഉയർന്നത്. ഇതിൽ രണ്ടു കേസുകളിൽ കുറ്റം നിലനിൽക്കുന്നതായി കോടതി കണ്ടെത്തി. അതേസമയം, ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന മറ്റു മൂന്നു കേസുകളിൽ വെയ്ൻസ്റ്റെയ്നെതിരായ ആരോപണങ്ങൾ തെളിയിക്കാനായില്ല.

പ്രശസ്ത നടി ആഞ്ജലീന ജോളി, കേറ്റ് ബെക്കിന്‍സെയില്‍, ലിസെറ്റ് ആന്‍റണി ആസിയ അർജന്റോ, അനബെല്ല സിയോറ, ഗിനത്ത് പാട്രോ, ലിയ സെയ്ദു, റോസ് മഗവൻ, ആംബ്ര ഗുറ്റിയെറസ്, ആഷ്‌ലി ജൂഡ്, കാറ ഡെലവിൻ, ഹെതർ ഗ്രഹാം, ലുസിയ ഇവാൻസ് ഉൾപ്പെടെ ഹോളിവുഡിലെ പ്രശസ്ത നടിമാരും മോഡലുകളും ഉൾപ്പെടെ എൺപതോളം പേരാണ് വെയ്ൻസ്റ്റെയ്നെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയത്. എന്നാൽ, തനിക്കെതിരെ ഉയർന്ന ലൈംഗികാരോപണങ്ങളെല്ലാം തന്നെ വെയ്ൻസ്റ്റെയ്ൻ നിഷേധിക്കുകയായിരുന്നു. സ്ത്രീകളുടെ സമ്മതമില്ലാതെ ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു വെയ്ൻസ്റ്റെനിന്റെ നിലപാട്.

അ‍ഞ്ചു ദിവസം നീണ്ട വിചാരണയ്ക്കു ശേഷമാണ് ഏഴു പുരുഷന്മാരും അഞ്ചു സ്ത്രീകളും ഉൾപ്പെടുന്ന ജൂറി വെയ്ൻസ്റ്റെയ്ൻ കുറ്റക്കാരനാണെന്ന് വിധിച്ചത്. വെയ്‌ൻസ്റ്റെയ്നെ റിമാൻഡ് ചെയ്യാതിരിക്കാൻ ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ അഭിഭാഷകൻ നിരത്തിയെങ്കിലും അംഗീകരിക്കാൻ കോടതി തയാറായില്ല. വാക്കറിന്റെ സഹായത്തോടെ കോടതി നടപടികൾക്കായി എത്തിയ വെയ്‌ൻസ്റ്റെയ്നെ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

പ്രശസ്ത അമേരിക്കൻ ചലച്ചിത്ര നിർമാതാവ്

ബോക്സ് ഓഫീസിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച ഷെയ്ക്സ്പിയർ ഇൻ ലവ്, പൾപ് ഫിക്ഷൻ തുടങ്ങി ഇതുവരെ പതിനാലോളം ചിത്രങ്ങൾ വെയ്‌ൻസ്റ്റെയ്ൻ നിർമ്മിച്ചിട്ടുണ്ട്. രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്യുകയും മൂന്നൂറിലധികം ചിത്രങ്ങളുടെ എക്സിക്യുട്ടീവ് പ്രൊഡ്യൂസറായും വെയ്‌ൻസ്റ്റെയ്ൻ ചലച്ചിത്ര ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയിരുന്നു. മിറാമാക്സ് എന്ന ബാനറിലാണു വെയ്ൻസ്റ്റെയ്ൻ സിനിമകളിറക്കിയത്. ഓസ്കർ പുരസ്കാരം നേടിയ വിഖ്യാത സംവിധായകൻ ക്വെന്റൈൻ ടറാന്റിനോയുടെ ഒട്ടുമിക്ക സിനിമകളും നിർമിച്ചത് വെയ്ൻസ്റ്റെയ്നാണ്. മിറാമാക്സിലൂടെ ഇറങ്ങിയ ചിത്രങ്ങൾക്കെല്ലാം കൂടി മുന്നൂറിലേറെ ഓസ്കർ നാമനിർദേശങ്ങൾ ലഭിച്ചിട്ടുണ്ട്.
 

Follow Us:
Download App:
  • android
  • ios