കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ആദ്യദിനങ്ങളില്‍ ദൌര്‍ലഭ്യം നേരിട്ട ഒരു വസ്‍തുവായിരുന്നു ഫേസ് മാസ്‍കുകള്‍. തുടക്കത്തില്‍ വില്‍പനയ്ക്കെത്തിയ മാസ്‍കുകള്‍ ചൂടപ്പം പോലെ വിറ്റുതീര്‍ന്നപ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ മാസ്‍ക് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. എന്നാല്‍ ഉത്‍പാദനം കൂട്ടി ഈ പ്രതിസന്ധിയെ പിന്നീട് മറികടക്കാനായി. സാധാരണ ഉപയോഗത്തിനുള്ള തുണി കൊണ്ടുള്ള ഫേസ് മാസ്‍കുകള്‍ തയ്യല്‍ അറിയാവുന്ന ആര്‍ക്കും വീട്ടിലിരുന്ന് ചെയ്യാവുന്നതേയുള്ളെന്ന് പറയുകയാണ് ചലച്ചിത്രതാരം ഇന്ദ്രന്‍സ്. ആരോഗ്യവകുപ്പ് നിര്‍മ്മിച്ച വീഡിയോയിലാണ് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ തയ്യല്‍ കേന്ദ്രത്തിലിരുന്ന് ഇത്തരം മാസ്‍കുകള്‍ എളുപ്പത്തില്‍ നിര്‍മ്മിക്കാനുള്ള വഴി ഇന്ദ്രന്‍സ് പരിചയപ്പെടുത്തുന്നത്. ഒരു ലക്ഷം മാസ്‍കുകള്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇതിനകം നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ടെന്നും ഇന്ദ്രന്‍സ് പറയുന്നു.

എട്ട് ഇഞ്ച് നീളവും അത്ര തന്നെ വീതിയുമുള്ള കോട്ടണ്‍ തുണി, നോണ്‍ വൂവണ്‍ ഫാബ്രിക്കിന്‍റെ ഒരു ചെറിയ കഷണം, നാട, മാസ്‍ക് മൂക്കില്‍ ഉറച്ചിരിക്കാനുള്ള ചെറിയ ബാന്‍ഡ് എന്നിവയാണ് ആവശ്യമുള്ള വസ്‍തുക്കള്‍. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയാണ് ഫേസ്ബുക്ക് പേജിലൂടെ വീഡിയോ പുറത്തിറക്കിയത്. രണ്ട് മണിക്കൂറിനുള്ളില്‍ 25,000 ഷെയറുകള്‍ക്ക് മേലെയാണ് ഇതിന് ലഭിച്ചിരിക്കുന്നത്.