ലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ഹിറ്റുകളിൽ ഒന്നായ കളിയാട്ടം സിനിമയുടെ തിരക്കഥാകൃത്ത് ബൽറാം മട്ടന്നൂർ സംവിധായകനാകുന്നു. ഫയദോര്‍ ദൊസ്തയേവ്‌സ്‌കിയുടെ ‘ക്രൈം ആന്റ് പനിഷ്മെന്റ്(കുറ്റവും ശിക്ഷയും)’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ചെയ്യുന്നത്. ഫോർട്ട് കൊച്ചിയിലെ ക്രിസ്ത്യൻ പശ്ചാത്തലത്തിലായിരിക്കും കഥ പറയുക എന്ന ബൽറാം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

‘ഇത് വളരെ സങ്കീർണമായ കഥയാണ്. ഒന്നര വർഷത്തോളം സമയമെടുത്താണ് ഈ കഥ ഒരുക്കിയത്. അതിശയകരമായ ഒരു ഘടകം ഞാൻ തിരക്കഥയിൽ കൊണ്ടുവന്നിട്ടുണ്ട്. അത് പ്രോജക്റ്റിന്റെ കരുത്തായിരിക്കുമെന്ന് വിശ്വസിക്കുന്നു. ഒഥല്ലോയെ വടക്കൻ കേരളത്തിലെ തെയ്യം പശ്ചാത്തലമാക്കി കളിയാട്ടമാക്കിയതുപോലെ, കുറ്റവും ശിക്ഷയും ഏത് കാലഘട്ടത്തിലാണ് അടിസ്ഥാനമാക്കേണ്ടതെന്ന് തീരുമാനിക്കുന്നതിൽ മാത്രമാണ് ബുദ്ധിമുട്ട് ഉണ്ടായത്. അത് തീരുമാനം ആയതിന് ശേഷം ബാക്കി എല്ലാം തന്നെ സുഖകരമായി. എഴുത്തുകാരൻ എന്ന നിലയ്ക്ക് ഒരു നാടകത്തിൽ നിന്ന് പ്രചോദനം ഉൾകൊള്ളുന്നതിനേക്കാൾ നോവലിൽ നിന്നും എളുപ്പമാണെന്ന് തോന്നുന്നു’ ബൽറാം മട്ടന്നൂർ പറഞ്ഞു.

മഴയ്ക്ക് സിനിമയിൽ  പ്രാധാന്യമുള്ളതിനാൽ ജൂണിൽ ചിത്രീകരണം തുടങ്ങാനാണ് തീരുമാനം. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ ഒരു പ്രമുഖ നടനായിരിക്കും അവതരിപ്പിക്കുക. ചിത്രത്തിന്റെ പൂർണ്ണ വിവരങ്ങൾ ഈ മാസാവസാനത്തോടെ അറിയിക്കുമെന്നും ബൽറാം വ്യക്തമാക്കി.