Asianet News MalayalamAsianet News Malayalam

'എന്റെ കുടുംബത്തിന് സംഭവിച്ച നഷ്ടം പോലെ'; മരിച്ചവരുടെ ആശ്രിതര്‍ക്ക് ഒരു കോടി നല്‍കുമെന്ന് കമല്‍ ഹാസന്‍

'എന്റെ കുടുംബത്തിന് സംഭവിച്ച നഷ്ടം പോലെയാണ് ഈ മരണങ്ങളെ നോക്കിക്കാണുന്നത്. സിനിമാസെറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ഓരോ മനുഷ്യര്‍ക്കും ആവശ്യമായ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നതിന്റെ ആവശ്യകതയിലേക്കാണ് ഈ ദുരന്തം വിരല്‍ ചൂണ്ടുന്നത്.'

kamal haasan announced one crore for the families of three died on the sets of indian 2
Author
Thiruvananthapuram, First Published Feb 20, 2020, 6:59 PM IST

'ഇന്ത്യന്‍ 2' സിനിമയുടെ ചിത്രീകരണസ്ഥലത്ത് സംഭവിച്ച അപകടത്തില്‍ മരണപ്പെട്ട മൂന്ന് സിനിമാപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നല്‍കുമെന്ന് കമല്‍ ഹാസന്‍. മരിച്ച മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്ന ആശുപത്രിയിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് കമല്‍ സഹായധനം പ്രഖ്യാപിച്ചത്.

മരണത്തിന്റെ നഷ്ടം നികത്താന്‍ ഒരു സഹായധനത്തിനും ആവില്ലെന്നും മരണപ്പെട്ട മൂന്ന് ചലച്ചിത്രപ്രവര്‍ത്തകരുടെയും സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്നും കമല്‍ ഹാസന്‍ പറഞ്ഞു. 'എന്റെ കുടുംബത്തിന് സംഭവിച്ച നഷ്ടം പോലെയാണ് ഈ മരണങ്ങളെ നോക്കിക്കാണുന്നത്. സിനിമാസെറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ഓരോ മനുഷ്യര്‍ക്കും ആവശ്യമായ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നതിന്റെ ആവശ്യകതയിലേക്കാണ് ഈ ദുരന്തം വിരല്‍ ചൂണ്ടുന്നത്. എങ്കില്‍ മാത്രമേ ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കൂ', കമല്‍ പറഞ്ഞു.

അപ്രതീക്ഷിതമായി സിനിമാസെറ്റുകളില്‍ സംഭവിക്കുന്ന പരിക്കുകളുടെ വേദന തനിക്ക് അറിയാമെന്നും കരിയറില്‍ പലതവണ അത്തരം സംഭവങ്ങളെ നേരിടേണ്ടിവന്നിട്ടുണ്ടെന്നും കമല്‍ ഹാസന്‍ പറഞ്ഞു. 'സെക്കന്റുകളുടെ വ്യത്യാസത്തിലാണ് ഞാനും സംവിധായകനും അപകടത്തില്‍നിന്ന് രക്ഷപെട്ടത്. അതല്ലായിരുന്നുവെങ്കില്‍ എനിക്ക് പകരം മറ്റൊരാള്‍ ആയിരുന്നേനെ നിങ്ങളോട് ഇപ്പോള്‍ സംസാരിക്കുക', കമല്‍ പറഞ്ഞുനിര്‍ത്തി. ചെന്നൈ പൂനമല്ലിയിലെ ചിത്രീകരണസ്ഥലത്താണ് അപകടം നടന്നത്. സംഭവത്തില്‍ പത്ത് പേര്‍ക്ക് പരിക്കുമേറ്റു. ചിത്രീകരണത്തിന് ഉപയോഗിക്കാനിരുന്ന ക്രെയിന്‍ പൊട്ടിവീണാണ് അപകടമുണ്ടായത്. സഹസംവിധായകരായ മധു, കൃഷ്ണ എന്നിവരും ഷൂട്ടിംഗ് സെറ്റിലെ സഹായി ആയിരുന്ന ചന്ദ്രന്‍ എന്നയാളുമാണ് മരിച്ചത്.

Follow Us:
Download App:
  • android
  • ios