മലയാളത്തിന്റെ പ്രിയപ്പെട്ട താരം കുഞ്ചാക്കോ ബോബന്റെ ഇത്തവണത്തെ വിവാഹവാര്‍ഷികം ലോക് ഡൌണിലാണ്. കൊവിഡിന്റെ വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡൌണില്‍ എല്ലാവരും വീട്ടിലാണ്. അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ വകവയ്‍ക്കാത്ത ചിലരുടെയെങ്കിലും പ്രവര്‍ത്തികള്‍ ആണ് ആശങ്കയുണ്ടാക്കുന്നത്. ലോക്ക് ഡൌണിലാണെങ്കിലും ഇസ വന്നതിനു ശേഷമുള്ള ആദ്യ വിവാഹ വാര്‍ഷികം ഏറെ സ്‍പെഷലാണ് എന്ന് കുഞ്ചാക്കോ ബോബൻ പറയുന്നു. പതിനഞ്ചു വര്‍ഷമായി നിന്നോടുള്ള സ്‍നേഹത്തിന്റെ ക്വാറന്രൈനിലാണ് താൻ എന്നും കുഞ്ചാക്കോ ബോബൻ പറയുന്നു.

പതിനഞ്ചു വര്‍ഷമായി നിന്നോടുള്ള സ്‌നേഹത്തിന്റെ ക്വാറന്റൈനിലാണ് ഞാന്‍. അതെനിക്കെന്നും പ്രിയപ്പെട്ടതാണ്. കഴിഞ്ഞ 22 വര്‍ഷമായി നമുക്കു പരസ്പരം അറിയാം. എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളില്‍ ഒന്നാണ് നീ. 

നിന്നെ കാണുന്നതിനും മുമ്പാണ്.. എന്റെ ആദ്യചിത്രത്തില്‍ നിന്റെ പേരിലുള്ള ആ പാട്ട് ഞാന്‍ മൂളുന്നത്. അന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല. എന്റെ ജീവിതസഖിയുടെ പേരാണ് അതെന്ന്‌. നമുക്കിടയിലെ നല്ലതും ചീത്തയുമെല്ലാം പരസ്പരം അംഗീകരിച്ച് കൈകോര്‍ത്ത് നമ്മള്‍ മുമ്പോട്ടു പോയി. ഇന്ന് നമുക്ക് രണ്ടു പേര്‍ക്കും സ്‍പെഷലാണ്. നമുക്ക് ഒപ്പം ഇസഹാക്ക് ഉണ്ട്. 

നിന്റെ അച്ഛനുമമ്മയ്ക്കും നീ നല്ലൊരു മകളായിരുന്നു. നിന്റെ കസിന്‍സിന് നീ നല്ലൊരു സഹോദരിയാണ്. സുഹൃത്താണ് എനിക്ക് നല്ലൊരു കാമുകിയാണ്. (അതെനിക്കു മാത്രം) എനിക്ക് നല്ലൊരു അടിപൊളി ഭാര്യയാണ് (അതും എനിക്കു മാത്രം). എന്റെ കുടുംബത്തിന് നീ നല്ലൊരു മരുമകളും നാത്തൂനുമൊക്കെയാണ്. ഇപ്പോള്‍ എന്റെ മകന്റെ സൂപ്പര്‍ അമ്മ കൂടിയുമാണ്. 

ഒരായിരം ആലിംഗനങ്ങളും ചുംബനങ്ങളും എന്റെ പ്രിയതമയ്ക്ക്. കേക്കിന്റെ ലുക്ക് കണ്ട് പേടിക്കണ്ട. എന്റെ ഭാര്യയ്ക്കായി ജീവിതത്തിൽ ഞാൻ ആദ്യമായി ഉണ്ടാക്കിയ കേക്ക് ആണിത്- ഫോട്ടോ ഷെയര്‍ ചെയ്‍ത് കുഞ്ചാക്കോ ബോബൻ പറയുന്നു.