Asianet News MalayalamAsianet News Malayalam

ടൊവീനോയോ ഉണ്ണി മുകുന്ദനോ അല്ല, ചാക്കോച്ചനാണ്! മേക്കോവറിന് കൈയടിയുമായി സിനിമാലോകം

തന്റെ ശരീരത്തിന്റെ ചിത്രങ്ങള്‍ക്കൊപ്പം സിനിമയിലെ വടംവലി ചിത്രീകരണത്തില്‍ പങ്കെടുത്തതിന്റെയും അതില്‍നിന്ന് ലഭിച്ച മുറിവുകളുടെയും ചിത്രങ്ങളും ചാക്കോച്ചന്‍ പങ്കുവച്ചിട്ടുണ്ട്.
 

kunchacko bobans makeover for martin prakkat movie
Author
Thiruvananthapuram, First Published Jan 27, 2020, 12:45 PM IST

മലയാളസിനിമയിലെ പുതുതലമുറ പൊതുവെ ശരീരസംരക്ഷണത്തില്‍ ശ്രദ്ധയുള്ളവരാണ്. നടന്മാരില്‍ ഉണ്ണി മുകുന്ദനും ടൊവീനോ തോമസുമൊക്കെ ജിം ട്രെയിനിംഗ് കാര്യമായി നടത്തുന്നവരാണെങ്കില്‍ ഫിറ്റ്‌നസ് നിലനിര്‍ത്തുന്ന കാര്യത്തില്‍ ശ്രദ്ധയുള്ളവരാണ് മിക്കവരും. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു നടന്റെ ചിത്രം ആരാധകരില്‍ കൗതുകമുണര്‍ത്തുകയാണ്. മറ്റാരുമല്ല ഒട്ടനവധി ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി സമ്പാദിച്ച കുഞ്ചാക്കോ ബോബനാണ് തന്റെ പുതിയ ചിത്രത്തിനുവേണ്ടി മേക്കോവര്‍ നടത്തിയിരിക്കുന്നത്. മസില്‍ പെരുപ്പിച്ച് നില്‍ക്കുന്ന ചിത്രം ചാക്കോച്ചന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്.

തന്റെ ശരീരത്തിന്റെ ചിത്രങ്ങള്‍ക്കൊപ്പം സിനിമയിലെ വടംവലി ചിത്രീകരണത്തില്‍ പങ്കെടുത്തതിന്റെയും അതില്‍നിന്ന് ലഭിച്ച മുറിവുകളുടെയും ചിത്രങ്ങളും ചാക്കോച്ചന്‍ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് രാത്രികളിലായി കഠിനമായ ചിത്രീകരണമായിരുന്നുവെന്നും ചാക്കോച്ചന്‍ പറയുന്നു.

സിനിമാമേഖലയിലെ ഒട്ടേറെ സുഹൃത്തുക്കള്‍ ചാക്കോച്ചന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനുതാഴെ അഭിനന്ദനങ്ങളുമായി എത്തിയിട്ടുണ്ട്. 'ഈ മസില്‍ ഒക്കെ ഒളിപ്പിച്ചുവച്ചേക്കുവായിരുന്നു അല്ലേ കൊച്ചു കള്ളാ' എന്നാണ് നീരജ് മാധവിന്റെ കമന്റ്. 'ഞാന്‍ എന്താണീ കാണുന്നത്? ശരിക്കും ആ ദേഹത്തില്‍ മസിലോ? മനുഷ്യാ, നിങ്ങള്‍ വര്‍ഷങ്ങളെ തിരികെ വിളിക്കുകയാണ്', വിജയ് യേശുദാസ് കുറിച്ചു. വിനയ് ഫോര്‍ട്ട്, അജു വര്‍ഗീസ്, സഞ്ജു ശിവറാം എന്നിവരൊക്കെ ചാക്കോച്ചനെ അഭിനന്ദിച്ച് കമന്റുകളുമായി എത്തിയിട്ടുണ്ട്.

അതേസമയം ചാര്‍ലിക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കുന്ന ചിത്രമാണിത്. സംവിധായകന്‍ രഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിസും ചേര്‍ന്നാണ് നിര്‍മ്മാണം. ചാക്കോച്ചനൊപ്പം ജോജു ജോര്‍ജ്, നിമിഷ സജയന്‍, യമ, അനില്‍ നെടുമങ്ങാട് എന്നിവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥ ഷാഹി കബീര്‍. ഛായാഗ്രഹണം ഷൈജു ഖാലിദ്. 

Follow Us:
Download App:
  • android
  • ios