Asianet News MalayalamAsianet News Malayalam

മാമാങ്കം വ്യാജന്‍ പ്രചരിപ്പിച്ചാൽ കുടുങ്ങും: ഡിജിറ്റല്‍ ക്വട്ടേഷനെന്ന് അണിയറക്കാര്‍

സിനിമയെ മോശമായി ചിത്രീകരിക്കുന്നത് വിലപ്പോവാത്തത് കൊണ്ടാണ് ഇപ്പോൾ സിനിമ തന്നെ ഡൗൺലോഡ് ചെയ്ത് ഇന്റർനെറ്റിലൂടെ പ്രചരിപ്പിച്ച് നശിപ്പിക്കാൻ ശ്രമിക്കുന്നതെന്നും പരാതിയിൽ പറയുന്നുണ്ട്.

Mamangam  crew take serious action against piracy
Author
Kochi, First Published Dec 15, 2019, 2:38 PM IST

കൊച്ചി: മാമാങ്കം സിനിമ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുന്നതിനെതിരെ കടുത്ത നടപടിക്ക് പൊലീസ്. എറണാകുളം സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ആന്‍റണി ജോസഫ് നൽകിയ പരാതിയിലാണ് കേസ്. കഴിഞ്ഞ ദിവസം രാത്രിയാണ് സിനിമക്കെതിരായ നീക്കം  അണിയറ പ്രവർത്തകരുടെ  ശ്രദ്ധിയിൽപ്പെട്ടിരുന്നത്. അർദ്ധരാത്രി തന്നെയാണ് പരാതി നൽകിയിരുന്നത്.

ഗോവിന്ദ് എന്ന പ്രൊഫൈൽ നെയിം ഉള്ളയാളാണ്  ടെലഗ്രാമിൽ വീഡിയോ അപ് ലോഡ് ചെയ്തിരിക്കുന്നതെന്ന് പൊലീസ് ഇതിനകം തന്നെ കണ്ടെത്തിയിട്ടുണ്ട്. ഇയാളെ പ്രധാന  പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡൗൺ ലോഡ് ചെയ്ത എല്ലാവരും കേസിൽ പ്രതികളാകുമെന്നും സെൻട്രൽ പൊലീസ് അറയിച്ചിട്ടുണ്ട്. ഗുരുതരമായ പകർപ്പവകാശ ലംഘനമാണ്  ഇപ്പോൾ നടന്നിരിക്കുന്നതെന്നാണ് പരാതിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

 കോപ്പിറൈറ്റ് ആക്ടിലെ U/s.63(a) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പന്ത്രണ്ടാം തീയതിയാണ് മാമാങ്കം 2000ത്തോളം തിയ്യറ്ററുകളിൽ ലോകവ്യാപകമായി റിലീസ് ചെയ്തിരുന്നത്. സിനിമയെ നശിപ്പിക്കുന്നതിന് വേണ്ടിയുള്ള നിയമവിരുദ്ധമായ  പ്രവർത്തിക്ക് പിന്നിൽ പ്രവർത്തിച്ചവരെ  കണ്ടെത്തേണ്ടത് സിനിമാ വ്യവസായത്തിന്റെ നിലനിൽപ്പിന് തന്നെ ആവശ്യമാണെന്നും അതിനാലാണ് പരാതി നൽകിയതെന്നും ആന്റണി ജോസഫ് വ്യക്തമാക്കി. മാമാങ്കം  സിനിമക്കെതിരെ  ചില ഡിജിറ്റൽ ക്വട്ടേഷൻ ടീം തന്നെ പ്രവർത്തിക്കുന്നുണ്ടോ എന്നു  സംശയിക്കുന്നതായും അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

സിനിമയെ മോശമായി ചിത്രീകരിക്കുന്നത് വിലപ്പോവാത്തത് കൊണ്ടാണ് ഇപ്പോൾ സിനിമ തന്നെ ഡൗൺലോഡ് ചെയ്ത് ഇന്റർനെറ്റിലൂടെ പ്രചരിപ്പിച്ച് നശിപ്പിക്കാൻ ശ്രമിക്കുന്നതെന്നും പരാതിയിൽ പറയുന്നുണ്ട്. ഇതോടൊപ്പം തന്നെ സിനിമയെ ഡീഗ്രേഡ് ചെയ്യണമെന്ന് വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ  ആഹ്വാനം ചെയ്ത നിതിൻ എന്ന  വ്യക്തിക്കെതിരെയും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇതു സംബന്ധമായ  ഓഡിയോ ക്ലിപ്പും ഫോൺ നമ്പറും പൊലീസിന് ലഭിച്ചിട്ടുണ്ട്. സൈബർ പൊലീസിന്റെ  സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. സെൻട്രൽ സി.ഐ ക്കാണ് അന്വേഷണ ചുമതല.
 

Follow Us:
Download App:
  • android
  • ios