Asianet News MalayalamAsianet News Malayalam

'മഞ്‍ജു ചേച്ചി എപ്പോഴും അദ്ഭുതപ്പെടുത്തും'; 50 ട്രാൻസ്‍ജെൻഡേഴ്‍സിന് ഭക്ഷണമെത്തിച്ചു- വീഡിയോ

പച്ചമലയാളത്തിൽ പറഞ്ഞാൽ മനുഷ്യപറ്റുള്ള സ്‍ത്രീയാണ്  മഞ്‍ജു വാര്യര്‍ എന്നും സെലിബ്രിറ്റി മേയ്‍ക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്‍ജു രഞ്‍ജിമാര്‍ പറയുന്നു.

Manju Warrier gives financial support
Author
Thiruvananthapuram, First Published Mar 27, 2020, 11:31 AM IST

കൊവിഡ് 19നെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാനവും രാജ്യവുമെല്ലാം. കൊവിഡ് വ്യാപനം തടയാൻ വേണ്ടി സംസ്ഥാനവും രാജ്യവും സമ്പൂര്‍ണ്ണ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെയും അധികൃതരുടെയും നിര്‍ദ്ദേശങ്ങള്‍ വകവയ്‍ക്കാത്തവരുടെ പ്രവര്‍ത്തികളാണ് ആശങ്കയുണ്ടാക്കുന്നത്. അതേസമയം ലോക്ക് ഡൌണിനെ തുടര്‍ന്നുള്ള പ്രതിസന്ധിയുമുണ്ട്. കേരളത്തിലെ 50 ട്രാൻസ്‍ജെൻഡേഴ്‍സിന് ഭക്ഷണമെത്തിച്ചിരിക്കുകയാണ് മഞ്‍ജു വാര്യര്‍. കേരളത്തിലെ ട്രാൻസ്‍ജെൻഡർ സംഘടനയായ ദ്വയയിലൂടെയാണ് മഞ്‍ജു വാര്യര്‍ സാമ്പത്തിക സഹായം എത്തിയത്. സൂര്യ ഇഷാനാണ് ഇക്കാര്യം വീഡിയോയിലൂടെ അറിയിച്ചത്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ രഞ്‍ജു രഞ്‍ജിമാര്‍ ആണ് ട്രാൻസ്‍ജെൻഡേഴ്‍സിന്റെ ബുദ്ധിമുട്ടുകള്‍ മഞ്‍ജു വാര്യരുടെ ശ്രദ്ധയില്‍ പെടുത്തിയത്.

എല്ലാദിവസം ഞാൻ മഞ്‍ജു ചേച്ചിക്ക് മെസേജ് അയയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം കൊറോണയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചപ്പോൾ കുട്ടികളെ കുറിച്ച് ചോദിച്ചു. അവര്‍ സുരക്ഷിതരാണോ എന്നായിരുന്നു ചേച്ചി ചോദിച്ചത്. സുരക്ഷിതരാണ് പക്ഷേ ഭക്ഷണകാര്യത്തിൽ മാത്രമാണ് പ്രശ്‍നമെന്ന് ഞാൻ പറഞ്ഞു. ചേച്ചിയോട് കാര്യങ്ങൾ പറഞ്ഞു. ഭക്ഷണസാധനങ്ങൾ മേടിക്കാൻ എത്ര രൂപയാകുമെന്ന് ചേച്ചി ചോദിച്ചു. ഒരു കിറ്റിന് ഏകദേശം 700 രൂപ മുതലാണ് തുടങ്ങുന്നത്. അങ്ങനെയെങ്കിൽ 50 പേർക്കുള്ള ഭക്ഷണത്തിന്റെ പൈസ ചേച്ചി തരാമെന്ന് പറയുകയായിരുന്നു. ഞങ്ങളുടെ കൂടെയുള്ള ദ്വയയുടെ അക്കൗണ്ട് നമ്പർ എന്നോട് മേടിച്ചു. പത്ത് മിനിറ്റുള്ളിൽ തന്നെ 35000 രൂപ ചേച്ചി ഞങ്ങൾക്ക് അയച്ചുവെന്ന് രഞ്‍ജു രഞ്‍ജിമാര്‍ പറയുന്നു.

ഇന്ന് രാവിലെ ഞങ്ങൾ ബാങ്കിൽ പോയി പൈസ എടുത്തു. അതിനു ശേഷം പല സൂപ്പർമാർക്കറ്റുകളിൽ പോയി സാധനങ്ങള്‍ മേടിച്ചുവെന്നും രഞ്‍ജു രഞ്‍ജിമാര്‍ പറയുന്നു.

മഞ്‍ജു ചേച്ചി എപ്പോഴും നമ്മളെ അദ്ഭുതപ്പെടുത്തുന്ന പ്രതിഭയാണ്. അഭിനയത്തിന്റെ കാര്യത്തിലോ നൃത്തത്തിന്റെ കാര്യത്തിലോ അല്ല ഞാൻ പറയുന്നത്. പച്ചമലയാളത്തിൽ പറഞ്ഞാൽ മനുഷ്യപറ്റുള്ള സ്‍ത്രീയാണ്. മറ്റുള്ളവരുടെ വേദനയും സങ്കടവും മനസ്സിലാക്കാൻ പറ്റുന്ന സ്‍ത്രീ.  ഫോണിൽ ഞാൻ സേവ് ചെയ്‍തിരിക്കുന്നത് ‘എന്റെ മഞ്‍ജു ചേച്ചി’ എന്നാണ് എന്നും രഞ്‍ജു രഞ്‍ജിമാര്‍ പറയുന്നു.

ഇതുപോലെ പുറത്തുപറയാതെ ഒരുപാട് സഹായങ്ങൾ ചേച്ചി ചെയ്യുന്നുണ്ട് എന്നും രഞ്‍ജു രഞ്‍ജിമാര്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios