Asianet News MalayalamAsianet News Malayalam

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാനസിക പിന്തുണയുമായി മോഹന്‍ലാലിന്‍റെ വീഡിയോ കോണ്‍ഫറന്‍സ്

എല്ലാ ജില്ലകളിലുമുള്ള കൊവിഡ് ആശുപത്രികളിലെ പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍ ഉള്‍പ്പെടെയുള്ള 250 ഓളം ആരോഗ്യ പ്രവര്‍ത്തകര്‍ അതത് ആശുപത്രികളില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
 

mohanlal takes part in video conference with health personnels
Author
Thiruvananthapuram, First Published Apr 8, 2020, 5:48 PM IST

കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായുള്ള ഐസൊലേഷന്‍ വാര്‍ഡുകളില്‍ സേവനമനുഷ്ഠിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാനസിക പിന്തുണയുമായി മോഹന്‍ലാല്‍. ഡോക്ടര്‍മാര്‍, നഴ്‍സുമാര്‍, മറ്റിതര ജീവനക്കാര്‍ തുടങ്ങി വിവിധ ആശുപത്രികളില്‍ നിന്നുള്ള 250ഓളം പേരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മോഹന്‍ലാല്‍ സംവദിച്ചത്. ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. ഇന്നലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ 50 ലക്ഷം രൂപ നല്‍കിയിരുന്നു.

മന്ത്രി കെ കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഐസൊലേഷന്‍ വാര്‍ഡുകളില്‍ നിശ്ചിത ദിവസം സേവനമനുഷ്ഠിച്ച ശേഷം ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റിതര ജീവനക്കാര്‍ തുടങ്ങി എല്ലാവരേയും രോഗം പകരാതിരിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളനുസരിച്ച് 14 ദിവസത്തെ നിര്‍ബന്ധിത നിരീക്ഷണത്തില്‍ താമസിപ്പിക്കേണ്ടതുണ്ട്. ഇത്തരക്കാര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിന് വേണ്ടി മോഹന്‍ലാലും വീഡിയോ കോണ്‍ഫറന്‍സ് വഴി ഒത്തുകൂടി. എല്ലാ ജില്ലകളിലുമുള്ള കൊവിഡ് ആശുപത്രികളിലെ പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍ ഉള്‍പ്പെടെയുള്ള 250 ഓളം ആരോഗ്യ പ്രവര്‍ത്തകര്‍ അതത് ആശുപത്രികളില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

എല്ലാ ആശുപത്രികളിലേയും എല്ലാ വിഭാഗം ജിവനക്കാരും മോഹന്‍ലാലിനോട് നേരിട്ട് സംവദിച്ചു. പലരും തങ്ങള്‍ മോഹന്‍ലാലിന്റെ കട്ട ഫാൻ ആണെന്നും വെളിപ്പെടുത്തി. ഇതിനിടെ ഒരു പരിചയം പുതുക്കലുമുണ്ടായി. മോഹന്‍ലാലിനോടൊപ്പം മോഡല്‍ സ്‌കൂളില്‍ പഠിച്ചയാളാണ് താനെന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. റോയി പറഞ്ഞപ്പോള്‍ മോഹന്‍ലാലിനും അത്ഭുതമായി. കലാകാരനായ എറണാകുളം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളായ ഡോ. തോമസ് മാത്യുവിനെ പ്രത്യേകം പരിചയപ്പെടുത്തുകയും ചെയ്തു. അങ്ങനെ എല്ലാ ഔപചാരിതകളും മാറ്റിവച്ച് കളിയും കാര്യവുമായി മോഹന്‍ലാല്‍ ഒരു മണിക്കൂറോളം ചെലവഴിച്ചു.

Follow Us:
Download App:
  • android
  • ios