Asianet News MalayalamAsianet News Malayalam

'നന്ദി മമ്മൂട്ടി, ഇതാണ് നമ്മുടെ രാജ്യത്തിന് ആവശ്യം'; മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് നരേന്ദ്ര മോദി

ഐക്യദീപത്തിന് തന്‍റെ എല്ലാ പിന്തുണയുമുണ്ടെന്നും എല്ലാവരും ഇതില്‍ പങ്കാളികളാവണമെന്നാണ് തന്‍റെ ആഗ്രഹമെന്നും തന്‍റെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളിലൂടെ ഇന്നലെ  പുറത്തുവിട്ട വീഡിയോയില്‍ മമ്മൂട്ടി അഭിപ്രായപ്പെട്ടിരുന്നു. 

narendra modi thank mammootty for supporting light of unity
Author
Thiruvananthapuram, First Published Apr 5, 2020, 3:41 PM IST

ഐക്യദീപത്തിനുള്ള തന്‍റെ ആഹ്വാനത്തിന് പിന്തുണ അറിയിച്ച മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യദീപത്തിന് തന്‍റെ എല്ലാ പിന്തുണയുമുണ്ടെന്നും എല്ലാവരും ഇതില്‍ പങ്കാളികളാവണമെന്നാണ് തന്‍റെ ആഗ്രഹമെന്നും തന്‍റെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളിലൂടെ ഇന്നലെ  പുറത്തുവിട്ട വീഡിയോയില്‍ മമ്മൂട്ടി അഭിപ്രായപ്പെട്ടിരുന്നു. മമ്മൂട്ടിയുടെ വീഡിയോ റീട്വീറ്റ് ചെയ്‍തുകൊണ്ടാണ് മോദി നന്ദി അറിയിച്ചിരിക്കുന്നത്.

"നന്ദി മമ്മൂട്ടി. കൊവിഡ് 19ന് എതിരായ പോരാട്ടത്തില്‍ നമ്മുടെ രാജ്യം ആവശ്യപ്പെടുന്നത് നിങ്ങളുടേത് പോലെയുള്ള സാഹോദര്യവും ഐക്യത്തിനു വേണ്ടിയുള്ള ഹൃദയം തൊടുന്ന അഭ്യര്‍ഥനയുമാണ്", മോദി ട്വിറ്ററില്‍ കുറിച്ചു. 9പിഎം9മിനിറ്റ് എന്ന ഹാഷ് ടാഗും പ്രധാനമന്ത്രി ഒപ്പം ചേര്‍ത്തിട്ടുണ്ട്.

മമ്മൂട്ടിയുടെ സന്ദേശം

"കൊവിഡ് എന്ന മഹാവിപത്തിനെതിരെ നമ്മുടെ നാട് ഒറ്റക്കെട്ടായി, ഒറ്റ മനസ്സോടെ എല്ലാ കഷ്ട നഷ്ടങ്ങളും സഹിച്ച് പോരാടുന്ന ഈ സന്ദര്‍ഭത്തില്‍ നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന പ്രകാരം നാളെ ഏപ്രില്‍ അഞ്ചിന് രാത്രി 9 മണി മുതല്‍ ഒന്‍പത് മിനിറ്റു നേരം എല്ലാവരും അവരവരുടെ വീടുകളില്‍ തെളിയിക്കുന്ന ഐക്യദീപത്തിന് എന്‍റെ എല്ലാ പിന്തുണയും, എല്ലാ ആശംസകളും. ഐക്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പ്രതീകമായ ഈ മഹാസംരംഭത്തിന് എല്ലാവരും പങ്കാളികളാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, അഭ്യര്‍ഥിക്കുന്നു", എന്നായിരുന്നു മമ്മൂട്ടിയുടെ വീഡിയോ സന്ദേശം.

അതേസമയം ഐക്യദീപത്തിന് പിന്തുണയുമായെത്തിയ പല മേഖലകളിലെ പ്രമുഖര്‍ക്ക് ട്വിറ്ററില്‍ മോദി നന്ദി അറിയിച്ചിട്ടുണ്ട്. മാതാ അമൃതാനന്ദമയി, ബാബാ രാംദേവ്, ദാബു രത്നാനി, രോഹിത് ശര്‍മ്മ, രോഹിത് ശര്‍മ്മ, കെഎല്‍ രാഹുല്‍, വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡി, രാം ചരണ്‍ എന്നിവര്‍ക്കൊക്കെ മോദി നന്ദി അറിയിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios