Asianet News MalayalamAsianet News Malayalam

'ഓര്‍മ്മയുണ്ട്, കഴിഞ്ഞ വര്‍ഷം ഇതേദിവസം'; 'മാമാങ്ക'ത്തിനെതിരായ ഡീഗ്രേഡിംഗ് 'ഒടിയന്‍' നേരിട്ടതിന് സമാനമെന്ന് തിരക്കഥാകൃത്ത്

'നേരത്തെ, ഒടിയനെപ്പറ്റി എഴുതിയതുപോലെ തീര്‍ച്ചയായും ചില കുറവുകള്‍ ഈ സിനിമയില്‍നിന്നും കണ്ടെടുക്കാം. പക്ഷേ, അതിനൊക്കെയപ്പുറത്താണ് ഇതിഹാസമാനങ്ങളോടെയെങ്കിലും, ഭൂമി തൊട്ട് കഥ പറയുന്ന ഈ നല്ല സിനിമ.'

odiyan script writer k harikrishnan about degrading against mamangam
Author
Thiruvananthapuram, First Published Dec 14, 2019, 3:01 PM IST

മമ്മൂട്ടി നായകനായ 'മാമാങ്കം' സോഷ്യല്‍ മീഡിയയില്‍ നേരിടുന്ന ഡീഗ്രേഡിംഗ് ഒരു വര്‍ഷം മുന്‍പ് ഒടിയന്‍ നേരിട്ടതിന് സമാനമെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് കെ ഹരികൃഷ്ണന്‍. ഒടിയനെപ്പോലെ ചില കുറവുകള്‍ മാമാങ്കത്തിലും കണ്ടെടുക്കാനാവുമെങ്കിലും അതിനൊക്കെയപ്പുറമുള്ള മൂല്യം ചിത്രത്തിനുണ്ടെന്നും ഹരികൃഷ്ണന്‍ പറയുന്നു.

മാമാങ്കത്തിനെതിരായ ഡീഗ്രേഡിംഗിനെക്കുറിച്ച് ഒടിയന്റെ തിരക്കഥാകൃത്ത് കെ ഹരികൃഷ്ണന്‍

ഓര്‍മയുണ്ട്, കഴിഞ്ഞ വര്‍ഷത്തെ ഇതേ ദിവസം. ഇതേ സമയം. കോട്ടയത്ത്, അതിരാവിലത്തെ 'ഒടിയന്റെ' ആദ്യ പ്രദര്‍ശനം കഴിഞ്ഞ് ഓഫീസില്‍ തിരിച്ചെത്തിയതേയുണ്ടായിരുന്നുള്ളൂ. സിനിമ കണ്ട പരിചയക്കാരുടെ നല്ല വാക്കുകള്‍ പറഞ്ഞുള്ള വിളികളും മെസേജുകളും കിട്ടിത്തുടങ്ങി. പക്ഷേ, അപ്പോഴേക്കും ഡീ ഗ്രേഡിങ് തുടങ്ങിക്കഴിഞ്ഞിരുന്നു. മലയാളം കണ്ട ഏറ്റവും വലിയ ഓപ്പണിഗും ഫസ്റ്റ് ഡേ കലക്ഷനും നേടിയ സിനിമയ്‌ക്കെതിരെ, സോഷ്യല്‍ മീഡിയയില്‍ തുടങ്ങിയ ആക്രമണവും അതുവരെ മലയാള സിനിമ പരിചയിക്കാത്തതായിരുന്നു. തിന്മയുടെ സകല കരുത്തോടെയും, ഏറ്റവും നീചമായ ആരോപണങ്ങള്‍ ഉന്നയിച്ചുപോലും നടന്ന സൈബര്‍ ആക്രമണം. അവരിലേറെയും സിനിമ കാണാത്തവരായിരുന്നു എന്നതായിരുന്നു കൗതുകകരം. ആ സിനിമയുടെ ആദ്യ പ്രദര്‍ശനം തുടങ്ങുന്നതിനുമുന്‍പേ സിനിമയെ സമൂലം വിമര്‍ശിക്കുന്ന, കാശിനു കൊള്ളില്ലെന്ന മട്ടിലുള്ള പോസ്റ്റുകള്‍ പ്രവഹിച്ചു.

odiyan script writer k harikrishnan about degrading against mamangam

 

ഏതു സിനിമയെയും പോലെ, പല കുറവുകളുമുള്ള സിനിമതന്നെയായിരുന്നു ഒടിയനും. പക്ഷേ, അതിലേറെ ഗുണാംശങ്ങള്‍ ആ സിനിമയില്‍ ഉണ്ടായിരുന്നു. ഈ തിരിച്ചറിവ് കൊണ്ടുതന്നെയാണ് ഈ സൈബര്‍ ആക്രമണം സംഘടിതമാണെന്നും അതില്‍ ആരുടെയൊക്കെയോ ഗൂഢോദ്ദേശങ്ങളുണ്ടെന്നും ഞങ്ങള്‍ മനസ്സിലാക്കിയത്. പക്ഷേ, അതിജീവനത്തിന്റെ സിനിമ കൂടിയായിരുന്നു ഒടിയന്‍. രണ്ട് ദിവസം കൊണ്ടുതന്നെ ഡീഗ്രേഡിംഗിനെ സിനിമയുടെ നന്മകൊണ്ട് അതിജീവിക്കാന്‍ അതിന് കഴിഞ്ഞു. തീയേറ്ററുകളിലേക്ക് കുടുംബങ്ങള്‍ ഒഴുകിയെത്തി. നൂറ് കോടി കളക്ഷനും ചില തീയേറ്ററുകളില്‍ നൂറ് ദിവസവും ആ സിനിമയ്ക്ക് നേടാനായി.

വെറുതെയല്ല ഈ കഥ ഓര്‍മിച്ചത്. മറ്റൊരു വലിയ, നല്ല സിനിമയും സംഘടിതമായ ഡീഗ്രേഡിംഗിനെ നേരിടുകയാണ് ഇപ്പോള്‍... മാമാങ്കം. മലയാളം ഇതുവരെ കണ്ടതില്‍ ഏറ്റവും വലിയ ചിത്രം. മമ്മൂട്ടി എന്ന അപാര പ്രതിഭാശാലിയായ നടന്റെ അതുല്യമായ വേഷപ്പകര്‍ച്ചകള്‍. അമ്മക്കിളിക്കൂട് മുതല്‍ ജോസഫ് വരെ അതീവ ശ്രദ്ധേയമായ കയ്യൊപ്പുകളിട്ട എം പത്മകുമാര്‍ എന്ന സംവിധായകന്റെ സൂക്ഷ്മ സൗന്ദര്യമുള്ള സംവിധാനം. ഇനിയും എത്രയോ പേരുടെ സമര്‍പ്പണം. എത്രയോ രാപ്പകലുകളുടെ ക്‌ളേശം...

odiyan script writer k harikrishnan about degrading against mamangam

 

അതെ, ചങ്ങാതി. മാമാങ്കം എന്ന സിനിമ ഈ ഡീഗ്രേഡിംഗില്‍ തളരില്ല. ഇതിലുമേറെ പ്രതിസന്ധികളെ അതിജീവിച്ചാണല്ലോ ഈ സിനിമ സ്‌ക്രീനിലെത്തിയതുതന്നെ! ചരിത്രത്തിന്റെ സൗന്ദര്യം അതിന്റെ വേറിട്ട കഥനത്തിലുമാണ്. വടക്കന്‍ വീരഗാഥയോ പഴശ്ശിരാജയോ അല്ല മാമാങ്കം. അത് ചരിത്രത്തില്‍ ചാവേറുകള്‍ വീരം കൊണ്ടും ചോര കൊണ്ടും കണ്ണീര് കൊണ്ടും എഴുതിയ ഒരു വലിയ കഥയുടെ പുതിയ കാലത്തിനു ചേര്‍ന്ന സിനിമാവിഷ്‌കാരമാണ്. ചരിത്രം ജയത്തിന്റെയും തോല്‍വിയുടെയും സ്വപ്നത്തിന്റെയും ഇച്ഛയുടെയുമൊക്കെ മനുഷ്യകഥയാണെന്ന് കൂടി തിരിച്ചറിയുന്നവര്‍ യാഥാര്‍ഥ്യമാക്കിയ സിനിമ. നേരത്തെ, ഒടിയനെപ്പറ്റി എഴുതിയതുപോലെ തീര്‍ച്ചയായും ചില കുറവുകള്‍ ഈ സിനിമയില്‍നിന്നും കണ്ടെടുക്കാം. പക്ഷേ, അതിനൊക്കെയപ്പുറത്താണ് ഇതിഹാസമാനങ്ങളോടെയെങ്കിലും, ഭൂമി തൊട്ട് കഥ പറയുന്ന ഈ നല്ല സിനിമ.

സിനിമ നല്ലതല്ലെന്ന് പറയാന്‍, നല്ലതാണെന്നു പറയാനുള്ളതുപോലെ പ്രേക്ഷകന് തീര്‍ച്ചയായും അവകാശമുണ്ട്. രണ്ട് അവകാശങ്ങളെയും മാനിച്ചുകൊണ്ടുതന്നെ പറയട്ടെ: ഗൂഢമായ താല്‍പര്യങ്ങളോടെ, ഈ സിനിമയെ ഡീഗ്രേഡ് ചെയ്യാന്‍ ഒരുങ്ങുന്നവരെ മലയാളി പ്രേക്ഷകര്‍ തിരിച്ചറിയുകതന്നെ വേണം. മാമാങ്കം തീര്‍ച്ചയായും നാം കാണേണ്ട സിനിമയാണ്. ദുഷ്ടലാക്കോടെ ആരൊക്കെയോ ചേര്‍ന്ന്, ആദ്യ നാളുകളില്‍ ഒടിയന്‍ എന്ന സിനിമയ്‌ക്കേല്‍പ്പിച്ച ദുരനുഭവം ഇനിയൊരിക്കലും ആവര്‍ത്തിക്കരുത്. നല്ല സിനിമ ഒരിക്കലും തോറ്റുകൂടാ. തോല്‍ക്കുകയുമില്ല, തീര്‍ച്ഛ.

Follow Us:
Download App:
  • android
  • ios