ഒറ്റപ്പാലം: ചലച്ചിത്രതാരം ഉണ്ണി മുകുന്ദന്‍റെ പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ പ്രോഫൈല്‍ ഉണ്ടാക്കി സ്ത്രീകളെ ശല്യം ചെയ്യുന്ന കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഉണ്ണി മുകുന്ദന്‍റെ പിതാവ് ഒറ്റപ്പാലം പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. വ്യാജ അക്കൗണ്ടിന്‍റെ ഉറവിടം കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായം തേടിയതായി പൊലീസ് അറിയിച്ചു. സിഐ എം. സുജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

iam unni mukundan എന്നാണ് ഉണ്ണിയുടെ സോഷ്യല്‍ മീഡിയയിലെ അക്കൗണ്ടുകളുടെ പേര്. അതിനു സമാനമായി ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും iam.unnimukundan എന്നു വ്യാജ അക്കൗണ്ടുണ്ടാക്കിയായിരുന്നു പറ്റിക്കല്‍. ഉണ്ണിമുകുന്ദന്‍റെ അക്കൗണ്ട് എന്ന് പെണ്‍കുട്ടികളെ തെറ്റിദ്ധരിപ്പിച്ച് അവരുമായി സൗഹൃദം സൃഷ്ടിക്കല്‍ പതിവാക്കുന്നതായി ശ്രദ്ധയില്‍പെട്ടുവെന്നും ഇത്തരം വ്യാജ പ്രവണതകളെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നാണ് മുകുന്ദന്‍ നായര്‍ പരാതിയില്‍ പറയുന്നത്.

ഉണ്ണി മുകുന്ദന്‍റെ പേരിലുള്ള അക്കൗണ്ടിൽ നിന്നു സ്ത്രീകൾക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതായാണു പരാതിയില്‍ പറയുന്നത്. നടനെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഇതെന്നു ഉണ്ണി മുകുന്ദന്‍റെ പിതാവ് എം. മുകുന്ദൻ ഒറ്റപ്പാലം പൊലീസിനു നൽകിയ പരാതിയിൽ ആരോപിച്ചു.