പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' ഉയര്‍ന്ന ബജറ്റിനൊപ്പം താരബാഹുല്യംകൊണ്ടും ശ്രദ്ധേയമാണ്. പ്രഭു, മഞ്ജു വാര്യര്‍, സിദ്ദിഖ്, നെടുമുടി വേണു, ഫാസില്‍, സുഹാസിനി, ഇന്നസെന്റ്, മുകേഷ്, ഗണേഷ് കുമാര്‍, മാമുക്കോയ തുടങ്ങിയവരൊക്കെ എത്തുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലും ഒരു പ്രധാന റോളില്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ പ്രണവിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന 'കുഞ്ഞാലി മരക്കാര്‍ നാലാമന്റെ' ചെറുപ്പകാലമാണ് പ്രണവ് അവതരിപ്പിക്കുന്നത്. 'മമ്മാലി അഥവാ കുഞ്ഞാലി മരക്കാര്‍ നാലാമന്‍' എന്നാണ് പ്രണവിന്റെ കഥാപാത്രത്തെ പോസ്റ്ററില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു യുദ്ധമുഖത്ത് ആയുധങ്ങളുമായി ഉയര്‍ന്ന് ചാടുന്ന രീതിയിലാണ് പോസ്റ്ററില്‍ പ്രണവിന്റെ കഥാപാത്രത്തിന്റെ നില്‍പ്പ്.

പ്രിയദര്‍ശനും അനി ഐ വി സശിയും ചേര്‍ന്ന് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വഎസ് തിരുനാവുക്കരശ് ആണ്. എഡിറ്റിംഗ് എം എസ് അയ്യപ്പന്‍ നായര്‍. സംഗീതം റോണി റാഫേല്‍. പാട്ടുകള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത് പ്രഭാവര്‍മ്മ. ലോകമെമ്പാടുമുള്ള 5000 തീയേറ്ററുകളില്‍ ചിത്രം റിലീസിന് എത്തിക്കാനാണ് നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസിന്റെ പദ്ധതി.