കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രകാരം രാജ്യത്തെ സിനിമാശാലകളെല്ലാം പൂട്ടിക്കിടക്കുകയാണ്. കൊവിഡ് വ്യാപനത്തെ തടയുന്നതില്‍ സാമൂഹിക അകലം പാലിക്കേണ്ടതിന്‍റെ പ്രാധാന്യം എന്താണെന്നും ഇന്ന് ഭൂരിഭാഗം ജനങ്ങള്‍ക്കും ബോധ്യമുണ്ട്. എന്നാല്‍ ലോക്ക് ഡൗണിന് ശേഷവും തങ്ങളുടെ ശൃംഖലയിലുള്ള സിനിമാശാലകള്‍ തുറന്നുപ്രവര്‍ത്തിക്കുമ്പോള്‍ തീയേറ്ററുകള്‍ക്കുള്ളിലും സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നടപ്പിലാക്കാനുള്ള പദ്ധതിയിലാണ് രാജ്യത്തെ പ്രമുഖ മള്‍ട്ടിപ്ലെക്സ് ശൃംഖലയായ പിവിആര്‍.

തീയേറ്ററുകള്‍ അണുവിമുക്തമാക്കുന്നതിനൊപ്പം ടിക്കറ്റ് ബുക്കിംഗ് മുതല്‍ തീയേറ്റര്‍ കാഴ്‍ച വരെയുള്ള വിവിധ ഘട്ടങ്ങളില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നടപ്പാക്കലും തങ്ങള്‍ വിഭാവനം ചെയ്യുന്നതായി പിവിആര്‍ സിനിമാസ് സിഇഒ ഗൌതം ദത്ത പിടിഐയോട് പറഞ്ഞു. തീയേറ്റര്‍ ഹാളില്‍ കാണികള്‍ തമ്മില്‍ സുരക്ഷിതമായ അകലം ലഭിക്കുന്നവിധത്തില്‍ സീറ്റുകള്‍ ഒഴിച്ചിടാനാണ് പിവിആറിന്‍റെ പദ്ധതി. ലോക്ക് ഡൗണിന് ശേഷം തീയേറ്ററുകളിലേക്ക് എത്തുന്ന പ്രേക്ഷകര്‍ക്ക് സ്വാഭാവികമായ സുരക്ഷിതത്വബോധം തോന്നുന്നവരേയ്ക്കും, രണ്ടാഴ്ച മുതല്‍ ഒരു മാസം വരെ, ഇത് നടപ്പിലാക്കേണ്ടിവരുമെന്നാണ് തങ്ങളുടെ കണക്കുകൂട്ടലെന്നും ഗൌതം ദത്ത പറയുന്നു.

ഇന്ത്യയിലെയും ശ്രീലങ്കയിലെയും 71 നഗരങ്ങളിലായി 841 സ്ക്രീനുകളാണ് പിവിആറിന് ഉള്ളത്. 21 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ആദ്യമായാണ് മുഴുവന്‍ തീയേറ്ററുകളും ഇത്തരത്തില്‍ പൂട്ടിയിടേണ്ടിവരുന്നതെന്നും ദത്ത പറയുന്നു. കൊവിഡ് 19 ഭീതി പ്രേക്ഷകരെ തീയേറ്ററുകളില്‍ നിന്ന് സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലേക്ക് മാറ്റുമോ എന്ന ചോദ്യത്തിന് അങ്ങനെ കരുതുന്നില്ലെന്നാണ് ഗൌതം ദത്തയുടെ മറുപടി. "ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിത്ന തലേദിവസം രണ്ട് ലക്ഷം പേരാണ് പിവിആറിന്‍റെ തീയേറ്ററുകളില്‍ സിനിമ കാണാനെത്തിയത്. ഞങ്ങളുടെ പകുതി സ്ക്രീനുകളും അന്ന് അടഞ്ഞുകിടക്കുകയായിരുന്നുവെന്ന് ഓര്‍ക്കണം. സാമൂഹ്യജീവികളാണ് നമ്മളൊക്കെ. പുറത്ത് പോകാന്‍ നമുക്ക് ഇഷ്ടമാണ്. അതിനാല്‍ത്തന്നെ തീയേറ്റര്‍ ബിസിനസ് എക്കാലവും വളര്‍ന്നുകൊണ്ടേയിരിക്കും", ഗൌതം ദത്ത പറഞ്ഞവസാനിപ്പിക്കുന്നു.