ചെന്നൈ: നടൻ രജനീകാന്തിൻ്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിന് കളമൊരുങ്ങി. പാർട്ടി പ്രഖ്യാപനത്തിന് മുന്നോടിയായി ആരാധക കൂട്ടായ്മയുടെ യോഗം ചെന്നൈയിൽ ചേർന്നു. പാർട്ടി പ്രഖ്യാപനം ഉടനുണ്ടാകുമെന്നും ആരാധക കൂട്ടായ്മയെ വിപുലപ്പെടുത്തി രാഷ്ട്രീയ പാർട്ടിയായി അവതരിപ്പിക്കുമെന്നും രജനി മക്കൾ മണ്ഡ്രം വ്യക്തമാക്കി.

രജനി മക്കൾ മണ്ഡ്രത്തിൻ്റെ നിലവിലെ ഭാരവാഹികളെ മുൻനിർത്തി പാർട്ടി സംഘടനാ സംവിധാനം രൂപീകരിക്കും.  36 ജില്ലാ ഭാരവാഹികളുടെ എണ്ണം 42 ആയി ഉയർത്തും. ഒരു വർഷമായി ഒഴിഞ്ഞ് കിടക്കുന്ന സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് വിശ്വസ്ഥൻ രാജു മഹാലിംഗത്തെ നിയമിക്കും. ഒരു മാസത്തിനകം നടക്കുന്ന പാർട്ടി പ്രഖ്യാപനം കണക്കിലെടുത്ത് പ്രവർത്തനം വിപുലപ്പെടുത്തണമെന്ന് ആരാധക കൂട്ടായ്മയുടെ യോഗത്തിൽ രജനീകാന്ത് നിർദേശിച്ചു. 

ആരാധക കൂട്ടായ്മ എന്നതിലുപുരി കഴിഞ്ഞ രണ്ട് വർഷമായി ജനകീയ വിഷയങ്ങളിൽ സജീവ സാന്നിദ്ധ്യമാണ് രജനീ മക്കൾ മണ്ഡ്രം. ശക്തമായ ആരാധക പിന്തുണയൊക്കൊപ്പം പുതിയ വോട്ടർമാരെ കൂടി സ്വാധീനിക്കുന്ന പ്രവർത്തനം ഫലം കണ്ടാൽ രാഷ്ട്രീയ നീക്കം വിജയമാകുമെന്ന് യോഗത്തിൽ ആരാധകർ അഭിപ്രായപ്പെട്ടു. പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാന വ്യാപക പര്യടനം നടത്തും.

കമൽ ഹാസനൊപ്പമുള്ള സഖ്യ സാധ്യത ചർച്ചയായെങ്കിലും ഇക്കാര്യത്തിൽ പാർട്ടി പ്രഖ്യാപനത്തിന് ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളൂ. നിലവിൽ രാഷ്ട്രീയ സാഹചര്യത്തിൽ ബിജെപിയുമായി നേരിട്ട് സഖ്യം വേണ്ടെന്നാണ് തീരുമാനം. ദ്രാവിഡ രാഷ്ട്രീയത്തിന് ബദലായി ആത്മീയ രാഷ്ട്രീയ ആശയമാണ് താരം മുന്നോട്ട് വയ്ക്കുന്നത്. വിശാല തമിഴ് ഐക്യമെന്ന ആഹ്വാനവുമായി മുന്നോട്ട് പോകാനാണ് ആരാധകർക്ക് സൂപ്പർ സ്റ്റാറിൻ്റെ നിർദേശം.