ചെന്നൈ/കൊച്ചി: അമ്മയുമായുള്ള ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് നടൻ ഷെയ്ൻ നിഗം.  സിനിമ പൂർത്തിയാക്കില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ല. തന്‍റെ പേരിൽ വ്യാജ കരാർ പോലും നിർമ്മിച്ചവരാണ് ഈ നിർമാതാക്കൾ. നിർമ്മാതാക്കളുടെ സംഘടനയും 'അമ്മ'യുമായുള്ള ചർച്ചയിൽ ന്യായമായ തീരുമാനം കൈക്കൊള്ളുമെന്ന് കരുതുന്നതായി ഷെയ്ൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അജ്മീറിൽ നിന്ന് തിരിച്ചെത്തിയ ശേഷമുള്ള ഷെയ്‍നിന്‍റെ ആദ്യപ്രതികരണമാണിത്. 

ചോദ്യം: വ്യക്തിപരമായ ചർച്ചയാണ് ഇന്നലെ കൊച്ചിയിൽ സിദ്ദിഖിന്‍റെ വീട്ടിൽ നടന്നതെന്ന് ഷെയ്ൻ തന്നെ പറഞ്ഞിരുന്നല്ലോ. എന്തായിരുന്നു ഇന്നലെ ചർച്ചയിൽ ഉണ്ടായത്?

ഉത്തരം: നടന്ന കാര്യങ്ങൾ ഒരിക്കൽ കൂടി അവരോട് പറ‍ഞ്ഞു. അവർക്ക് കുറച്ചുകൂടി കാര്യങ്ങൾ മനസ്സിലായി എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇടവേള ബാബുച്ചേട്ടൻ അൽപസമയം കഴിഞ്ഞാണ് വന്നത്. സിദ്ദിഖ് ഇക്കയുടെ വീട്ടിലായിരുന്നു ചർച്ച. കുറേ നേരം സിദ്ദിഖ് ഇക്കയോട് സംസാരിച്ചു. പിന്നീട് ബാബുച്ചേട്ടൻ വന്നപ്പോ അദ്ദേഹം ഒരു വാക്ക് പറഞ്ഞു. 'അവര് ചില്ലറയൊന്നുമല്ല അവനെ ഉപദ്രവിച്ചതെന്ന്' സിദ്ദിഖ് ഇക്ക ബാബുച്ചേട്ടനോട് പറയുന്നുണ്ടായിരുന്നു. അവർക്ക് എന്‍റെ ബുദ്ധിമുട്ട് മനസ്സിലായി എന്നാണ് എനിക്ക് മനസ്സിലായത്. അസോസിയേഷൻ എനിക്ക് വേണ്ടി സംസാരിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെ പരിഹാരമുണ്ടാകുമെന്ന് തന്നെയാണ് ഞാൻ കരുതുന്നത്. 

ചോ: രണ്ട് സിനിമകളുടെ ഡബ്ബിംഗ് പൂർത്തിയാക്കാനുണ്ടല്ലോ. അതിന് ഒന്നിച്ചു നിൽക്കുമെന്ന് തന്നെയല്ലേ ഷെയ്നിന്‍റെ പ്രതീക്ഷ?

ഉ: സിനിമ പൂർത്തിയാക്കില്ല എന്ന് ഞാനെവിടെയും പറഞ്ഞിട്ടില്ലല്ലോ. ഞാനുമായി ഉണ്ടാക്കി എന്ന് പറയുന്ന ഒരു കരാർ ഫോർജ് ചെയ്യുകയാണ് അവർ ചെയ്തത്. കള്ള എഗ്രിമെന്‍റാണ് അവർ സമർപ്പിച്ചിരിക്കുന്നത്. അത് അസോസിയേഷനിലുള്ളവർക്ക് എല്ലാവർക്കും അറിയാം. ഹസീബ് എന്നൊരു പ്രൊഡ്യൂസറുണ്ട്. ഹസീബ് അന്ന് എനിക്ക് വേണ്ടി സംസാരിച്ചിരുന്നു. അന്ന് യോഗത്തിൽ ഇങ്ങനെ കള്ള എഗ്രിമെന്‍റ് ഉപയോഗിക്കുന്നത് തെറ്റാണെന്ന് പറഞ്ഞിട്ടുമുണ്ട്. അപ്പോ അവര് ആ എഗ്രിമെന്‍റ് അങ്ങ് മാറ്റി. ഇത്തരം കാര്യങ്ങളൊക്കെ മുമ്പ് സംഭവിച്ചതാണ്. 

ചോ: ഷെയ്ൻ വിഷയം പുറത്തുവന്നതിന് ശേഷമാകുമല്ലേ ഇതൊക്കെ പുറത്തുവന്നത്? 

ഉ: അതെ, ഇത് ജനങ്ങളറിയണം എന്ന് ഞാൻ കരുതിയതുകൊണ്ട് തന്നെയാണ്. വധഭീഷണി ഉണ്ടായിട്ട് ഏതെങ്കിലും വണ്ടിയിടിച്ച് ഞാൻ മരിച്ച് പോയെങ്കിൽ ഇവരൊക്കെ നാളെ എന്ത് പറഞ്ഞേനെ? ഞാൻ കള്ള് കുടിച്ച് വണ്ടിയോടിച്ച്, എൽഎസ്‍ഡി അടിച്ച് മരിച്ച് പോയെന്നല്ലേ ഇവര് പറയുക? ആർക്ക് നഷ്ടം? നിങ്ങള് പറയോ? വീട്ടുകാർക്ക് പോകും. 

ചോ: 'വെയിൽ' സംവിധായകൻ 17 ദിവസം കൊണ്ട് സിനിമ പൂർത്തിയാകും എന്നാണ് പറയുന്നത്. തിരികെ അഭിനയിക്കാനെത്തിയാലും അതിനുള്ള അനുകൂല സാഹചര്യം സെറ്റിലുണ്ടാകുമെന്ന് കരുതുന്നുണ്ടോ?

ഉ: അങ്ങനെ ചോദിച്ചാൽ ഞാനെന്ത് പറയാനാ. എന്‍റെ എല്ലാ ബുദ്ധിമുട്ടുകളും സിദ്ദിഖ് ഇക്കയോടും ഇടവേള ബാബുച്ചേട്ടനോടും പറഞ്ഞതാണ്. അമ്മ ഇനി എനിക്ക് വേണ്ടി സംസാരിക്കുമെന്ന് തന്നെയാണ് എന്‍റെ പ്രതീക്ഷ. 

ചോ: കാരവാനിലടക്കം പോയി ഇരുന്ന് സെറ്റിനോട് സഹകരിക്കാതിരിക്കുകയാണ് പുതുതലമുറ താരങ്ങളെന്നാണ് ആരോപണം. അതിനോടെന്താണ് പ്രതികരണം?

ഉ: നിങ്ങളാ സിനിമകളുടെ ചാർട്ട് ഒന്ന് എടുത്ത് നോക്കൂ. അഞ്ച് ദിവസത്തെ ഷൂട്ടിൽ ഷെഡ്യൂൾ ചെയ്തതിനേക്കാൾ ഒരു സീനും രണ്ട് സോങ് കട്ടും കൂടുതലെടുത്തു. ഇത് എനിക്കെവിടെയും തെളിയിക്കേണ്ട കാര്യമില്ല. ഇത് ഞാൻ സഹകരിച്ചതുകൊണ്ടല്ലേ? 18 മണിക്കൂർ ഷൂട്ട് ചെയ്തെന്ന് പറഞ്ഞാൽ 18 മണിക്കൂർ റഷ് ഉണ്ടെന്നല്ല! 18 മണിക്കൂർ ഇല്ലെന്ന് കാണിക്കാൻ ക്യാമറാ ലോഗ് കാണിക്കാമെന്നാണ് പറയുന്നത്. ഇത്തരം കോമൺസെൻസില്ലാതെ സംസാരിക്കുന്നവരാണ് എനിക്കെതിരെ ന്യായങ്ങളും കൊണ്ടുവരുന്നത്. എന്‍റെ നിസ്സഹായാവസ്ഥയാണ് ഞാൻ പറയുന്നത്. 

ചോ: ഷൈൻ പ്രതിഷേധസൂചകമായി മുടി മുറിച്ചത് സിനിമയെ ബാധിച്ചെന്ന് അവർ ചോദിക്കുന്നുണ്ട്.

ഉ: എന്നെ ബാധിക്കുന്ന ഒന്നും അവർക്ക് പ്രശ്നമല്ലെങ്കിൽ സിനിമയെ ബാധിക്കുന്നത് എനിക്കും പ്രശ്നമല്ല.