മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് സുരേഷ് ഗോപി. സിനിമാത്തിരക്കുകള്‍ക്ക് ഒപ്പം കുടുംബത്തിനൊപ്പവും സമയം ചെലവഴിക്കുന്ന താരവുമാണ് സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഭാര്യ രാധികയ്‍ക്കും മക്കള്‍ക്കും ഒപ്പമുള്ള ഫോട്ടോകള്‍ സുരേഷ് ഗോപി പങ്കുവയ്‍ക്കാറുണ്ട്. എങ്ങനെയാണ് തന്റെ വിവാഹം നടന്നത് എന്നതിന്റെ കാര്യങ്ങള്‍ സുരേഷ് ഗോപി ഒരു ചാനലിന്റെ പ്രോഗ്രാമില്‍ വ്യക്തമാക്കി.

അച്ഛനും അമ്മയും ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു തന്റേതെന്ന് സുരേഷ് ഗോപി പറയുന്നു. പെണ്ണ് കണ്ട കാര്യം ഫോണിലൂടെയാണ് അച്ഛൻ പറയുന്നത്. അച്ഛനും അമ്മയുടെയും നിശ്ചയത്തിനാണ് താൻ മതിപ്പ് കല്‍പ്പിക്കുന്നത് എന്ന് പറഞ്ഞതായും സുരേഷ് ഗോപി പറയുന്നു. അന്ന് ഞാൻ കൊടൈക്കനാലില്‍ ഒരു സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കുകയായിരുന്നു. അപ്പോഴാണ് അച്ഛൻ ഫോണില്‍ വിളിക്കുന്നത്. 1989 നവംബര്‍ 18ന്. ഞങ്ങൾ കണ്ടു, ഞങ്ങൾക്ക് ഞങ്ങളുടെ മകളായി മരു‌മകളാ‌യി രാധിക മതി, നിനക്ക് നിന്റെ ഭാര്യയായി രാധിക മതിയോ എന്ന് നീ വന്നു കണ്ട് തീരുമാനിക്കണം എന്നായിരുന്നു അച്ഛൻ ഫോണില്‍ പറഞ്ഞത്.  നമുക്ക് വീട്ടിലേക്ക് വേണ്ടത് ഒരു മകളാണ്. കാരണം നിങ്ങൾക്ക് നാല് കൊമ്പൻമാരാണ്. ഞങ്ങൾ നാല് സഹോദരന്മാരാണ്. പെൺകുട്ടികൾ ഇല്ല. ആദ്യമായി നമ്മുടെ കുടുംബത്തിലേക്ക് വലതുകാൽ വച്ച് കയറുന്നത് ഒരു മകളാകണമെങ്കിൽ നിങ്ങളുടെ നിശ്ചയത്തിനാണ് ഞാൻ മതിപ്പ് കൽപ്പിക്കുന്നത്. എനിക്ക് പെണ്ണ് കാണണ്ട. ​ഞാൻ കെട്ടിക്കോളാം എന്ന് മറുപടി പറഞ്ഞതായും സുരേഷ് ഗോപി പറയുന്നു. ഗോപിനാഥൻ പിള്ളയുടെയും വി ജ്ഞാനലക്ഷ്‍മിയുടെയും മകനായ സുരേഷ് ഗോപിയും രാധികയും തമ്മിലുള്ള വിവാഹം 1990 ഫെബ്രുവരി എട്ടിനായിരുന്നു. ഗോകുല്‍ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്‍നി സുരേഷ്, മാധവ് സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെയും രാധികയുടെയും മക്കള്‍. ഗോകുല്‍ സുരേഷും അഭിനേതാവായി മലയാള സിനിമയില്‍ സജീവമാണ്.