ഒരുകാലത്ത് മലയാള സിനിമയില്‍ സംവിധായകൻ വിനയന് എതിരെ വിലക്കുണ്ടായിരുന്നു. കുറേക്കാലം വിനയന്റെ ചിത്രങ്ങളില്‍ കുറേപ്പേര്‍ സഹകരിക്കാതിരുന്നു. ദിലീപാണ് ആണ് വിനയന് എതിരെയുള്ള വില്ലക്കിന് കാരണക്കാരൻ എന്ന് ആരോപണമുണ്ടായിരുന്നു. ദിലീപിനെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് വിനയൻ. പ്രേംനസീര്‍ സാംസ്‍കാരിക സമിതിയും കണ്ണൂരിലെ എയറോസിസ് കോളേജും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ പ്രേം നസീര്‍ ചലച്ചിത്ര രത്നം അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു വിനയൻ.

മാക്ടയുടെ നേതൃത്വത്തിലുണ്ടായിരുന്ന കാലത്ത് 40 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയിട്ട് ഒരു സംവിധായകന്റെ സിനിമയില്‍ അഭിനയിക്കാന്‍ തയാറാകാതിരുന്നപ്പോള്‍ അതു ശരിയല്ലെന്നു കര്‍ശനമായി പറഞ്ഞിരുന്നു,അന്ന് മലയാള സിനിമ വ്യവസായത്തില്‍ നിന്നു തന്നെ പുറത്താക്കുമെന്നായിരുന്നു നടന്‍ ദിലീപ് പറഞ്ഞത്. അതിന്റെ തുടര്‍ച്ചയായിരുന്നു തനിക്കെതിരെയുള്ള വിലക്കെന്ന് വിനയന്‍ വെളിപ്പെടുത്തുന്നു. പത്ത് വര്‍ഷത്തെ നിയമ പോരാട്ടത്തിനു ശേഷമാണ് വിലക്കിന് എതിരെ വിധി സമ്പാദിച്ചത്. അപ്പോഴേക്കും 10 വര്‍ഷങ്ങളാണ് നഷ്‍ടപ്പെട്ടത്. ഒരു കാലത്തും അവാര്‍ഡുകള്‍ക്ക് തന്നെ പരിഗണിക്കാറില്ല. സത്യം വിളിച്ചു പറയുന്നവനെ എന്തിനു അവാര്‍ഡിനു പരിഗണിക്കണമെന്നാണ് അവര്‍ ചിന്തിക്കുന്നതെന്നും വിനയന്‍ വ്യക്തമാക്കുന്നു.