അടച്ചു പൂട്ടി വീട്ടിലിരിക്കുകയാണ് രാജ്യം മുഴുവൻ. അവനവന്റെ മേഖലകളെ എങ്ങനെ വ്യത്യസ്തമാക്കാം എന്ന ചിന്തിയിലാണ് ഓരോരുത്തരും. പുറത്തിറങ്ങാതെ സൗഹൃദങ്ങളില്ലാതെ കൂട്ടങ്ങളിൽ കൂടാതെ ഇരിക്കുമ്പോൾ ബോറടി തോന്നുക സ്വാഭാവികം. എന്നാൽ വീട്ടിലിരിപ്പിന്റെ മടുപ്പിനിടയിലും ക്രിയാത്മകമായി ചെലവഴിക്കാമെന്ന് തെളിയിക്കുകയാണ് നടി ശോഭനയും നൃത്തവിദ്യാർത്ഥികളും. നൃത്തം എങ്ങനെയാണ് വീടിന്റെ ദൈനംദിന പ്രവർത്തനങ്ങളോട് ചേർത്തു കൊണ്ടുപോകുന്നത് എന്ന് ഈ രണ്ടര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലൂടെ ശോഭനയും വിദ്യാർത്ഥികളും കാണിച്ചു തരുന്നുണ്ട്. നൃത്തം ചെയ്തു കൊണ്ടാണ് ഇവർ തുണി മടക്കുകയും പൂവിറുക്കയും കുഞ്ഞിന് ചോറ് കൊടുക്കുകയും ചെയ്യുന്നത്.

ചെടി നനയ്ക്കുകയും അടുക്കളയിൽ നിൽക്കുകയും കിടക്ക വിരിച്ചിടുകയും കുഞ്ഞിന്റെ കളിപ്പാട്ടങ്ങൾ ഒതുക്കി വയ്ക്കുകയും ചെയ്യുകയാണ് മറ്റ് ചിലർ. ഒരുവേള ടിവി ഓഫ് ചെയ്യുന്നത് വരെ നൃത്തത്തിന്റെ അകമ്പടിയോടെയാണ് ഇവർ ചെയ്യുന്നത്. ശോഭനയുടെ നൃത്തവിദ്യാലയമായ കലാർപ്പണയിലെ വിദ്യാർത്ഥിനികളാണ് ശോഭനയ്ക്കൊപ്പമുള്ളത്. ഓരോരുത്തരും അവരവരുടെ വീടുകളിലിരുന്ന് മൊബൈൽ ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങളാണിവ. ലോക്ക് ഡൗൺ ഡയറീസ് എന്ന് പേരിട്ടാണ് യൂട്യൂബിൽ ശോഭന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.