Asianet News MalayalamAsianet News Malayalam

നീരജ് മാധവിൻ്റെ ആരോപണം അംഗീകരിച്ച് ഫെഫ്ക: പ്രശ്നം ചർച്ച ചെയ്യണമെന്ന് ബി.ഉണ്ണികൃഷ്ണൻ

പുതിയ കലാകാരൻമാരെ നിയന്ത്രിക്കാനും ഇല്ലാതാക്കാനുമുള്ള ശ്രമങ്ങൾ ചില കോണുകളിൽ നിന്നും ഉണ്ടാകുന്നുവെന്ന തൻ്റെ മുൻ ആരോപണം അദ്ദേഹം അമ്മയ്ക്ക് നൽകിയ കത്തിലും ആവർത്തിക്കുന്നുണ്ട്. 
 

actor neeraj madhav give explanation to AMMA
Author
Kochi, First Published Jun 28, 2020, 9:07 AM IST

കൊച്ചി: സിനിമയിൽ വളർന്നു വരുന്നവരെ ഇല്ലാതാക്കുന്ന സംഘം പ്രവർത്തിക്കുന്നുണ്ടെന്ന ആരോപണത്തിൽ താരസംഘടനയായ അമ്മയ്ക്ക് മറുപടി നൽകി യുവനടൻ നീരജ് മാധവ്. ആരുടേയും പേരെടുത്ത് പറയാതെയാണ് നീരജ് അമ്മയ്ക്ക് മറുപടി നൽകിയിരിക്കുന്നത്. അതേസമയം പുതിയ കലാകാരൻമാരെ നിയന്ത്രിക്കാനും ഇല്ലാതാക്കാനുമുള്ള ശ്രമങ്ങൾ ചില കോണുകളിൽ നിന്നും ഉണ്ടാകുന്നുവെന്ന തൻ്റെ മുൻ ആരോപണം അദ്ദേഹം അമ്മയ്ക്ക് നൽകിയ കത്തിലും ആവർത്തിക്കുന്നുണ്ട്.

കത്തിൻ്റെ പകർപ്പ് അമ്മ ഫെഫ്ക ഭാരവാഹികൾക്ക് കൈമാറി. നീരജ് ആരോപണം ആവർത്തിക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന് പിന്തുണ നൽകുന്നതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ നിലപാട് എടുത്തിട്ടുണ്ട്. നീരജ് മാധവ് ഉന്നയിച്ച ആരോപണം ആവർത്തിച്ചത് ഗൗരവത്തോടെ എടുക്കണമെന്നും ചലച്ചിത്ര രംഗത്ത് ഇത്തരം വിവേചനം ഉണ്ടെങ്കിൽ പരിഹരിക്കപ്പെടണമെന്നും  ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു. മുഴുവൻ സിനിമ സംഘടനകളും ഈ വിഷയം ചർച്ചചെയ്യണമെന്ന് വ്യക്തമാക്കിയ ഉണ്ണികൃഷ്ണൻ വിഷയത്തിൽ വിശദമായ ചർച്ച ആവശ്യപ്പെട്ട് ഫെഫ്കയിലെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയനും സംവിധായകരുടേയും  എഴുത്തുകാരുടേയും യൂണിയനും കത്ത് അയക്കുമെന്നും അറിയിച്ചു. 

 

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിൻ്റെ ആത്മഹത്യയ്ക്ക് ശേഷമാണ് വളർന്നുവരുന്നവരെ മുളയിലെ നുള്ളാനുള്ള ഒരു സംഘം സിനിമയിലുണ്ടെന്ന് നീരജ് മാധവ് ഫെയ്സ്ബുക്കിൽ കുറിച്ചത്.ഇങ്ങനെയൊരു സംഘമുണ്ടെങ്കിൽ അവർ ആരാണെന്ന് നീരജ് വ്യക്തമാക്കണമെന്നും ,ഇത്തരമൊരു പരാമർശം സിനിമയിലെ മുഴുവൻ പേരെയും മുൾമുനയിൽ നിർത്തുന്ന ആരോപണമാണെന്നുമായിരുന്നു ഫെഫ്കയുടെ നിലപാട്.

ഇങ്ങനെയൊരു സംഘം പ്രവ‍ർത്തിക്കുന്നുണ്ടെങ്കിൽ അവരെ ഇല്ലാതാക്കേണ്ടത് ഈ രംഗത്ത് പ്രവർത്തിക്കുന്ന ട്രേഡ് യൂണിയനുകളുടെ ഉത്തരവാദിത്തമാണെന്നും അമ്മയ്ക്ക് നൽകിയ കത്തില്‍ ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞിരുന്നു. നീരജിൻ്റെ പോസ്റ്റിൽ സ്ത്രീവിരുദ്ധ പരാമർശങ്ങളുണ്ടെന്നും നേരത്തെ കൊടുത്ത കത്തിൽ ഫെഫ്ക ആരോപിച്ചിരുന്നു. നീരജ് ഉന്നയിച്ച ആരോപണങ്ങളുടെ മുഴുവൻ വിശദാംശങ്ങളും വെളിപ്പെടുത്തണമെന്നും  അമ്മക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഫെഫ്കയുടെ ഇടപെടലിന് ശേഷമാണ് നീരജിനോട് വിശദീകരണം തേടാൻ അമ്മ തീരുമാനിച്ചത്.

Follow Us:
Download App:
  • android
  • ios