'നിർമാതാവ് മോശമായി പെരുമാറി, അർധരാത്രിയിൽ മദ്യപിച്ച് റൂമിലേക്ക് വന്നു'; വെളിപ്പെടുത്തലുമായി നടി ഗീതാപൊതുവാൾ
വെള്ളിവെളിച്ചത്തിൽ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ നിർമാതാവ് മോശമായി പെരുമാറാൻ ശ്രമിച്ചുവെന്നും അർധരാത്രിയിൽ മദ്യപിച്ച് റൂമിൽ കയറി വന്നെന്നും നടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മുംബൈ: മലയാള സിനിമയിൽ നിന്നും മോശം അനുഭവം ഉണ്ടായതായി നടി ഗീത പൊതുവാൾ. അത്തരത്തിലുള്ള അനുഭവങ്ങൾ മൂലം സിനിമാഭിനയം നിർത്തിയെന്നും ഗീത പൊതുവാൾ പറഞ്ഞു. വെള്ളിവെളിച്ചത്തിൽ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ നിർമാതാവ് മോശമായി പെരുമാറാൻ ശ്രമിച്ചുവെന്നും അർധരാത്രിയിൽ മദ്യപിച്ച് റൂമിൽ കയറി വന്നെന്നും നടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൂടെ അഭിനയിച്ച മറ്റൊരു നടിക്ക് വളരെ മോശമായ അനുഭവം ഉണ്ടായി. അതും ഇതേ നിർമ്മാതാവിന്റെ ഭാഗത്ത് നിന്നാണെന്നും ഗീത പൊതുവാൾ പറയുന്നു. ഇത്തരം വിഷയങ്ങളിൽ എതിർപ്പ് പ്രകടിപ്പിച്ചതോടെ അവരെ ആ സിനിമയിൽ നിന്നും ഒഴിവാക്കിയെന്നും ഗീതാ പൊതുവാൾ കൂട്ടിച്ചേർത്തു.
അതിനിടെ, ഭാരവാഹികൾ കൂട്ടരാജിവച്ച താരസംഘടനയായ അമ്മയ്ക്ക് തലയും നട്ടെല്ലുമില്ലെന്ന് തുറന്നടിച്ച് നടി പത്മപ്രിയ രംഗത്തെത്തി. നിരുത്തരവാദപരമായ നടപടിയാണ് അമ്മയിലെ ഭരണ സമിതിയുടെ രാജി. സിനിമയിൽ പവർ ഗ്രൂപ്പുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് നാലര വർഷം പുറത്ത് വിടാതിരുന്നതിന് സർക്കാർ മറുപടി പറയണം. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാൽ മാത്രം പോര. കമ്മിറ്റി ശുപാർശകളിൽ എന്ത് നടപടികൾ സ്വീകരിക്കുന്നുവെന്നതിൽ ഇപ്പോഴും വ്യക്തതയില്ലെന്ന് പത്മപ്രിയ ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യുട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
അമ്മയിലെ കൂട്ടരാജി പ്രതീക്ഷിച്ചിരുന്നില്ല. എന്ത് ധാർമികത ഉയർത്തിയാണ് രാജിയെന്ന് മനസ്സിലാവുന്നില്ലെന്ന് പത്മപ്രിയ പറഞ്ഞു. ആരെല്ലാം നിഷേധിച്ചാലും സിനിമയിൽ പവർ ഗ്രൂപ്പുണ്ട്. വെറുമൊരു ലൈംഗികാരോപണം എന്ന നിലയിലാണ് ഇപ്പോഴത്തെ സംഭവങ്ങളെ സിനിമാ സംഘടനകൾ കാണുന്നത്. അധികാര ശ്രേണി ഉള്ളതുകൊണ്ടാണ് ലൈംഗികാതിക്രമം നടക്കുന്നത്. അക്കാര്യം ആരും പരിഗണനയ്ക്ക് എടുക്കുന്നില്ലെന്ന് പത്മപ്രിയ വിമർശിച്ചു.
സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് ഒന്നുമറിയില്ലെന്ന സൂപ്പർ താരങ്ങളുടെ പ്രതികരണത്തിൽ നിരാശയുണ്ടെന്നും പത്മപ്രിയ പറഞ്ഞു. ഒന്നുമറിയില്ലെങ്കിൽ എല്ലാമറിയാനുള്ള ശ്രമം നടത്തട്ടെയെന്ന് പത്മപ്രിയ പ്രതികരിച്ചു. ഡബ്ല്യുസിസി അംഗങ്ങൾ പോയി കണ്ടതിന് പിന്നാലെ മുഖ്യമന്ത്രി ഹേമ കമ്മിറ്റിയെ നിയോഗിച്ചു എന്നത് വലിയ കാര്യമാണ്. എന്നാൽ എന്തുകൊണ്ടാണ് നാലര വർഷം റിപ്പോർട്ട് പുറത്ത് വിടാതിരുന്നത് എന്നത് സർക്കാർ വിശദീകരിക്കണം.
അതിനുശേഷം സർക്കാർ ചെയ്തത് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുക എന്നത് മാത്രമാണ്. അത് പൂർണ പരിഹാരമല്ലെന്ന് പത്മപ്രിയ പറഞ്ഞു. തനിക്ക് മലയാള സിനിമയിൽ നിന്നുണ്ടായ ഒരു അനുഭവം പത്മപ്രിയ പങ്കുവെച്ചു- "എനിക്ക് 25 - 26 വയസ്സുള്ളപ്പോൾ ഇപ്പോഴത്തെ ഒരു ലീഡിങ് പ്രൊഡക്ഷൻ മാനേജർ എന്നോട് ചോദിച്ചു. ഇത്രയും വയസ്സായില്ലേ പ്രായമായില്ലേ ഇനി നിർത്തിക്കൂടെയെന്ന്. ഇതാണ് കാഴ്ചപ്പാട്" പത്മപ്രിയ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.