അലോക് നാഥിനെതിരായ 'മീ ടൂ' ആരോപണം; അഭിപ്രായമറിയിച്ച് നടി ഹിമാനി ശിവ്പുരി

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 11, Oct 2018, 11:07 PM IST
actress himani shivpuri says her openion on allegation against alok nath
Highlights

''അന്നൊന്നും ആളുകള്‍ക്ക് ഇത്തരം കാര്യങ്ങള്‍ തുറന്നുപറയാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. കരിയറിന്‍റെ തുടക്കത്തില്‍ എനിക്കും അത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട്''

ദില്ലി: ബോളിവുഡിനെ പിടിച്ചുകുലുക്കിയ 'മീ ടൂ' ക്യാംപയിനില്‍ മുതിര്‍ന്ന നടൻ അലോക് നാഥിനെതിരെ വന്ന ലൈംഗികാരോപണത്തെ കുറിച്ച് അഭിപ്രായം രേഖപ്പെടുത്തി നടി ഹിമാനി ശിവ്പുരി. അലോക് നാഥിനൊപ്പം നിരവധി ചിത്രങ്ങളിലും ടി.വി സീരിയലുകളിലും അഭിനയിച്ചയാളാണ് ഹിമാനി.  

അലോക് നാഥ് ഒരു മദ്യപാനിയാണെന്നും മദ്യപിച്ച് കഴിഞ്ഞാല്‍ ചെയ്യുന്ന കാര്യങ്ങളില്‍ ഒരു നിയന്ത്രണമില്ലെന്നും ഹിമാനി ആരോപിക്കുന്നു. 

''ഒരു സ്ത്രീയേയും അവരുടെ താല്‍പര്യമില്ലാതെ ഒന്നിനും നിര്‍ബന്ധിക്കരുത് അലോക് നാഥ് അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അത് വളരെ മോശമാണ്. മറ്റ് പല നടിമാരും ഇതേ പരാതി അദ്ദേഹത്തെക്കുറിച്ച് പറയുന്നത് കേട്ടിട്ടുണ്ട്. മദ്യപിച്ച് അത്തരത്തില്‍ നിറം മാറുന്ന ഒരാളാണെന്ന് അദ്ദേഹത്തെ പറ്റി എനിക്ക് തോന്നിയിട്ടുമുണ്ട്''- ഹിമാനി പറഞ്ഞു. 

പഴയകാല അവതാരകയും സംവിധായികയുമായി വിന്‍റ നന്ദയാണ് അലോക് നാഥിനെതിരെ ആരോപണവുമായി സമൂഹമാധ്യങ്ങളിലെത്തിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പാര്‍ട്ടിക്കിടെ തന്നെ ശീതളപാനീയത്തില്‍ മദ്യം നല്‍കി കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നായിരുന്നു 'മീ ടൂ'വിന്‍റെ ഭാഗമായി വിന്‍റ നന്ദ തുറന്നുപറഞ്ഞത്. 

നാനാ പടേക്കര്‍ക്കെതിരെ ആരോപണമുന്നയിച്ച തനുശ്രീ ദത്തയെയും വിന്‍റ നന്ദയെയും അഭിനന്ദിക്കുന്നതായും ഹിമാനി പറഞ്ഞു. 

''അന്നൊന്നും ആളുകള്‍ക്ക് ഇത്തരം കാര്യങ്ങള്‍ തുറന്നുപറയാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. കരിയറിന്‍റെ തുടക്കത്തില്‍ എനിക്കും അത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട്. അക്കാര്യങ്ങളൊന്നും പറയാറായിട്ടില്ല. അവരൊക്കെ ഇപ്പോഴും ഇവിടെയൊക്കെ തന്നെയുണ്ട്. ഒരാള്‍ മാത്രമല്ല, ഒരുപാട് പേരുണ്ട്. സമയമാകുമ്പോള്‍ ഞാനവരെയൊക്കെ തുറന്നുകാണിക്കും'' ഹിമാനി പറഞ്ഞു. 
 

loader