വ്യാജ ചിത്രം പങ്കുവെച്ച ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചനെ ട്രോളി സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ തുടര്‍ന്ന് കൊവിഡിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ദീപം തെളിയിച്ച ചിത്രമാണ് ബച്ചനെ കുടുക്കിയത്. ലോക ഭൂപടത്തില്‍ ഇന്ത്യ മാത്രം ദീപങ്ങളാല്‍ പ്രകാശിതമായ ചിത്രമാണ് ബച്ചന്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. ഈ ചിത്രം രാവിലെ മുതലേ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതും ആരോ ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് വ്യക്തമായതുമായിരുന്നു. ഇതൊന്നുമറിയാതെയാണ് ബച്ചന്‍ ഫോട്ടോ ഷെയര്‍ ചെയ്തത്.

'ലോകം കാണുന്നു, നമ്മള്‍ ഒന്നാണ്' എന്ന തലക്കെട്ടിലാണ് ബച്ചന്‍ ചിത്രം ട്വിറ്ററില്‍ ഇട്ടത്. നിരവധി പേരാണ് ചിത്രത്തെ ട്രോളിയത്. 41.1 മില്യണ്‍ ആളുകളാണ് ബച്ചന്റെ ട്വിറ്റര്‍ ഫോളോവേഴ്സ്. എന്നാല്‍ ചിത്രം പിന്‍വലിക്കാനോ അഭിപ്രായം പറയാനോ ബച്ചന്‍ തയ്യാറായില്ല. നിരവധി അഭിനേതാക്കളാണ് പ്രധാനമന്ത്രിയുടെ ആവശ്യത്തെ പിന്തുണച്ച് ദീപം തെളിയിച്ചത്. 

കൊവിഡിനെതിരെ പോരാടുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന് വേണ്ടി ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പതിന് 9 മിനിറ്റ് നേരം വീട്ടിലെ വൈദ്യുതി വിളക്കുകള്‍ അണച്ച് ദീപം തെളിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു. നിരവധി പേരാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്തത്. കൈയടി ശബ്ദത്തില്‍ കൊറോണവൈറസുകള്‍ നശിക്കുമെന്നും ബച്ചന്‍ മുമ്പ് ട്വീറ്റ് ചെയ്തിരുന്നു.