മുംബൈ: സർജറിക്ക് വിധേയനാകുന്നുവെന്ന് അമിതാഭ് ബച്ചൻ. ഏറ്റവും പുതിയ ട്വിറ്റർ പോസ്റ്റിലാണ് അമിതാഭ് ബച്ചൻ ആരാധകരെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കൂടുതൽ എഴുതാൻ കഴിയില്ലെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു. പോസ്റ്റ് ആരാധകരെയൊന്നടങ്കം ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. 'ആരോ​ഗ്യ നില, സർജറി, കൂടുതലൊന്നും എഴുതാൻ കഴിയുന്നില്ല,' എന്നിങ്ങനെയാണ് ബച്ചന്റെ കുറിപ്പ്. 

പോസ്റ്റ് കണ്ടയുടൻ തന്നെ വേ​ഗം സുഖമാകട്ടെ എന്നും പ്രാർത്ഥിക്കുന്നു എന്നുമാണ് ആരാധകരുടെ കമന്റ്. ''വേ​ഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ പ്രാർത്ഥനകളും സ്നേഹവും എപ്പോഴും അങ്ങയോടൊപ്പമുണ്ട്. നിങ്ങളുടെ വിലപ്പെട്ട ആരോ​ഗ്യം ലോകത്തെ സംബന്ധിച്ച് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. താങ്കളെക്കുറിച്ച് ആശങ്കയുണ്ട്. പെട്ടെന്ന് സുഖം പ്രാപിക്കുന്നതിനുള്ള ശക്തി ദൈവം നിങ്ങൾക്ക് നൽകട്ടെ.'' ആരാധകർ കുറിക്കുന്നു. 

ചെഹ്രേ, ജുന്ദ് എന്നീ സിനിമകളാണ് ബച്ചന്റേതായി പുറത്തിറങ്ങാനുള്ളത്. ബച്ചൻ പ്രധാന കഥാപാത്രമായി എത്തുന്ന ചെഹ്‍രേയിൽ ഇമ്രാൻ ഹാഷ്മിയുമുണ്ട്. ഏപ്രിൽ 30നാണ് ചിത്രം വെള്ളിത്തിരയിലെത്തുന്നത്. ജൂന്ദ് ജൂൺ 18 ന് റിലീസാകും.