കൊച്ചി: മലയാളത്തിലെ സൂപ്പര്‍ താരങ്ങളെയെല്ലാം അണിനിരത്തി വീണ്ടുമൊരു ചിത്രം നിര്‍മ്മിക്കാനൊരുങ്ങുകയാണ് താരസംഘടന ‘അമ്മ’. കൊവിഡ് മൂലം പ്രതിസന്ധിയിലായ അംഗങ്ങള്‍ക്ക് പണം കണ്ടെത്തുകയാണ് സിനിമയുടെ ലക്ഷ്യം.
 
12 വര്‍ഷം മുൻപിറങ്ങിയ ട്വന്റി ട്വന്റി മലയാളത്തിലെ മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ അപൂർവ്വ മൾട്ടിസ്റ്റാർ ചിത്രമാണ്. മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും ദിലീപും ജയറാമുമെല്ലാം അണിനിരന്ന സൂപ്പര്‍ ഹിറ്റ് സിനിമ. താരസംഘടന അമ്മയിലെ അംഗങ്ങള്‍ക്ക് പെൻഷൻ തുക കണ്ടെത്താനായാരുന്നു അന്ന് ട്വന്റി ട്വന്റി നിർമ്മിച്ചത്. 

നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും അത്തരമൊരു പരീക്ഷണത്തിനൊരുങ്ങുകയാണ് അമ്മ നേതൃത്വം. ഇന്നത്തെ സൂപ്പര്‍ താരങ്ങളെല്ലാം ചിത്രത്തിനായി വീണ്ടും ഒന്നിക്കും. അടുത്ത വര്‍ഷം അവസാനത്തോടെ ചിത്രം പുറത്തിറക്കാനാണ് ആലോചന. എന്നാല്‍ കൊവിഡ് വ്യാപനം കൂടിനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രോജക്ടിന്‍റെ കൂടുതല്‍ ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ല. 

ടി.കെ. രാജീവ്കുമാറായിരിക്കും പുതിയ മൾട്ടിസ്റ്റാർ ചിത്രത്തിൻ്റെ സംവിധായകനെന്നാണ് സൂചന. കൊവിഡ് മൂലം സിനിമകളുടെ എണ്ണം കുറഞ്ഞതിനാല്‍ അമ്മയിലെ പല അംഗങ്ങളും സാമ്പത്തികമായി പ്രതിസന്ധിയിലാണ്. ഇവരെ സഹായിക്കാൻ പണം കണ്ടെത്തുകയാണ് പുതിയ സിനിമയുടെ ലക്ഷ്യം. പുതിയ സിനിമയുടെ പ്രഖ്യാപനം തന്നെ വലിയ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് അമ്മ നേതൃത്വം.