Asianet News MalayalamAsianet News Malayalam

പേര്‍ളിയും അതിഥിയും സഹായിച്ചിട്ടുണ്ട്; പക്ഷെ കൂടുതല്‍ സ്നേഹം മറ്റൊരാളോട്; അരിസ്റ്റോ സുരേഷിന്‍റെ വെളിപ്പെടുത്തല്‍

കവിളൊരത്ത് മറുകുള്ള പെണ്ണിനെ ഇതുവരെ കണ്ടെത്തിയില്ലെന്ന് പറഞ്ഞ സുരേഷ് പൂര്‍ണമായും ഒരു സിനിമാക്കാരനാകാനായി ഒരു സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹവും പങ്കുവച്ചു. സംവിധായകനായി സിനിമയെ കല്യാണം കഴിച്ച ശേഷം മാത്രമെ മറ്റൊരു പെണ്ണിന് താലി ചാര്‍ത്തുവെന്നും അദ്ദേഹം വ്യക്തമാക്കി

മുംബൈ: മലയാളക്കരയില്‍ തരംഗം തീര്‍ത്ത് ബിഗ് ബോസ് ഒന്നാം സീസണിന് തിരശ്ശീല വീണ് കഴിഞ്ഞു. ബിഗ്ബോസ് വീട്ടില്‍ നൂറ് ദിവസം കഴിഞ്ഞതിന്‍റെ അനുഭവത്തില്‍ തന്നെയാണ് അവസാന റൗണ്ടിലെത്തിയ അഞ്ച് പേരും. ആ വികാരം പങ്കുവെച്ചാണ് അരിസ്റ്റോ സുരേഷ് ഫേസ്ബുക്ക് ലൈവിലെത്തിയത്.

നൂറ് ദിവസങ്ങള്‍ക്ക് ശേഷം ബിഗ്ബോസ് വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ സങ്കടം തോന്നുന്നുവെന്നാണ് അരിസ്റ്റോ സുരേഷ് പറഞ്ഞുവച്ചത്. സ്വന്തം വീട്ടില്‍ പോലും തുടര്‍ച്ചായി നൂറ് ദിവസം മുഴുവന്‍ സമയം ചെലവഴിക്കാന്‍ ആര്‍ക്കുമാകില്ല. കുട്ടിക്കാലം മുതലെ സ്വന്തം വീട്ടില്‍ സ്ഥിരമായി കിടന്നുറങ്ങിയ ആളായിരുന്നില്ല. നൂറ് ദിവസം ഒരു സ്ഥലത്ത് തന്നെ അന്തിയുറങ്ങിയത് ജീവിതത്തിലെ ആദ്യം അനുഭവമായിരുന്നുവെന്നും അത് മറക്കാനാകില്ലെന്നും അരിസ്റ്റോ സുരേഷ് കൂട്ടിച്ചേര്‍ത്തു.

ബിഗ്ബോസ് വീട്ടില്‍ നിന്ന് കിട്ടിയ എല്ലാ കൂട്ടുകാരും ഏറ്റവും വിലയേറിതാണ്. പേര്‍ളിയും അതിഥിയും ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും അവരോട് വളരെയധികം സ്നേഹമുണ്ടെന്നും സുരേഷ് പറഞ്ഞു. പക്ഷെ ബിഗ്ബോസ് വീട്ടില്‍ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് ഇവരോടല്ല. ശ്വേത മേനോനോടാണ് തനിക്ക് ഏറ്റവും കടപ്പാടുള്ളതെന്നും സുരേഷ് വ്യക്തമാക്കി. ശ്വേത എന്നെ സ്നേഹിച്ചതുപോലെ തിരിച്ച് സ്നേഹിക്കാനായില്ല. വീട്ടില്‍ നിന്ന് പുറത്തിറങ്ങിയിട്ട് സ്നേഹിക്കാമല്ലോയെന്നും സുരേഷ് പറഞ്ഞു.

കപ്പയും മീനുമുണ്ടാക്കി അമ്മ കാത്തിരിക്കുകയാണെന്ന് പറഞ്ഞ സുരേഷ്  ബിഗ്ബോസ് വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ എല്ലാവരും തമ്മിലുള്ള സൗഹൃദം വര്‍ധിക്കുമെന്ന പ്രതീക്ഷയും പങ്കുവച്ചു. എല്ലാവരും ഒരുമിച്ച് കൂടുന്ന അവസരങ്ങളുണ്ടാകും. ബിഗ്ബോസ് പരിപാടി അവസാനിച്ചപ്പോള്‍ സങ്കടമുണ്ടെന്ന് ആവര്‍ത്തിച്ച സുരേഷ് അവിടുത്തെ മൈക്ക് നഷ്ടമായപ്പോള്‍ ശരീരത്തിലെ ഒരു അവയവം നഷ്ടമായതുപോലെയാണ് തോന്നുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

കവിളൊരം മറുകുള്ള പെണ്ണെയെന്ന ഗാനവും ലൈവില്‍ പാടി ഏവരെയും ആനന്ദിപ്പിക്കാനും സുരേഷിന് സാധിച്ചു.കവിളൊരത്ത് മറുകുള്ള പെണ്ണിനെ ഇതുവരെ കണ്ടെത്തിയില്ലെന്ന് പറഞ്ഞ സുരേഷ് ബിഗ്ബോസിന്‍റെ എല്ലാ പ്രേക്ഷകരോടും നന്ദിയും കടപ്പാടും രേഖപ്പെടുത്താനും മറന്നില്ല.