ദില്ലി: തന്‍റെ അഭിനയ ജീവിതം ഇല്ലാതായതില്‍ ശ്രീരാമനെ കുറ്റപ്പെടുത്തി നടന്‍റെ വെളിപ്പെടുത്തല്‍. ഇന്ത്യന്‍ സീരിയല്‍ ചരിത്രത്തിലെ നാഴികകല്ലായ രാമായണം സീരിയലില്‍ ശ്രീരാമനായി വേഷമിട്ട അരുണ്‍ ഗോവിലാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ശ്രീരാമനായി വേഷമിട്ടതിന് ശേഷം രാജ്യത്തിന്‍റെ എല്ലാ ഭാഗത്ത്നിന്നും എനിക്ക് സ്നേഹം ലഭിച്ചു. എന്നാല്‍, എന്‍റെ അഭിനയ ജീവിതത്തിന് ഉയര്‍ച്ചയുണ്ടായില്ല. വാണിജ്യ സിനിമകളില്‍ താന്‍ അനുയോജ്യമല്ലെന്ന് സിനിമാ ലോകം വിലയിരുത്തിയെന്നും 62 കാരനായ നടന്‍ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 1987ലാണ് ദൂരദര്‍ശനില്‍ രാമായണം സീരിയല്‍ സംപ്രേഷണം ചെയ്യുന്നത്. സീരിയല്‍ 1988 വരെ നീണ്ടു. 

രാമായണം സീരിയലില്‍ രാമന്‍റെ വേഷത്തില്‍ അരുണ്‍ ഗോവില്‍

കഴിഞ്ഞ 14 വര്‍ഷമായി താന്‍ ചുരുക്കം ചില ചെറുവേഷങ്ങളിലല്ലാതെ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഒരുഭാഗത്ത് രാമായണം സീരിയല്‍ എനിക്ക് അളവില്ലാത്ത സ്നേഹവും ആരാധനയും തന്നു. മറുപുറത്ത് എന്‍റെ അഭിനയ ജീവിതം അവിടെ നിലച്ചു. ശ്രീരാമനപ്പുറത്തേക്ക് എന്‍റെ അഭിനയ ജീവിതം വളര്‍ന്നില്ല. ഇപ്പോഴും ഞാന്‍ അഭിനയം പൂര്‍ണമായി നിര്‍ത്തിയെന്ന് പറയാന്‍ പറ്റില്ല. നല്ല വേഷം ലഭിക്കുകയാണെങ്കില്‍ ഇനിയും അഭിനയിക്കും. രാമായണം സീരിയലിന് മുമ്പ് ഹീറോ എന്ന ഹിന്ദി സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. എന്നാല്‍, രാമായണത്തിന് ശേഷം എന്നെ ബോളിവുഡ് നിരാകരിച്ചു. നിങ്ങള്‍ക്ക് ശ്രീരാമനെന്ന പ്രതിച്ഛായയാണ് പ്രേക്ഷകര്‍ നല്‍കുന്നത്. നിങ്ങളെ സഹനടന്‍റെ വേഷം തന്നാല്‍ പ്രേക്ഷകര്‍ അംഗീകരിക്കില്ലെന്നാണ് നിര്‍മാതാക്കളും സംവിധായകരും പറഞ്ഞത്. വാണിജ്യ സിനിമക്ക് ഞാന്‍ യോജിച്ചവനല്ലെന്ന് അവര്‍ വിലയിരുത്തി.

മറ്റൊരു കാര്യവും ഞാന്‍ തിരിച്ചറിഞ്ഞു. ശ്രീരാമനല്ലാതെ മറ്റെന്ത് ചെയ്താലും ആളുകള്‍ എന്നെ തിരസ്കരിക്കും. ചില ടിവി ഷോകളില്‍ അഭിനയിച്ചെങ്കിലും 'അരേ രാംജി ക്യാ കര്‍ രഹേ ഹേ' എന്ന് പ്രേക്ഷകര്‍ ചോദിച്ചു. പുരാണ ഗ്രന്ഥമായ രാമായണത്തെ അടിസ്ഥാനമാക്കി 1987ലാണ് രാമാനന്ദ് സാഗര്‍ രാമയണം സീരിയല്‍ ഒരുക്കുന്നത്. ദൂരദര്‍ശനെ ഇന്ത്യന്‍ വീടുകളില്‍ ജനപ്രിയമാക്കിയ പരമ്പരയായിരുന്നു രാമായണം. ദീപിക ഛിക്കാലിയ സീതയായും സുനില്‍ ലാഹ്‍രി ലക്ഷ്മണനായും ദാരാ സിംഗ് ഹനുമാനായും വേഷമിട്ടു.