അവതാരികയായും റേഡിയോ ജോക്കിയായും എഴുത്തുകാരിയായും മലയാളിക്ക് പ്രിയപ്പെട്ട താരമാണ് അശ്വതി ശ്രീകാന്ത്. അവതാരകരുടെ പതിവ് ബഹളങ്ങളില്‍നിന്നും മാറിനിന്നുകൊണ്ട്, പ്രേക്ഷകരെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന താരം സോഷ്യല്‍ മീഡിയായില്‍ സജീവമാണ്. 'ഠ'  ഇല്ലാത്ത മുട്ടായികള്‍ എന്ന ഓര്‍മ്മപുസ്തകത്തിന്റെ എഴുത്തുകാരി കൂടെയാണ് താരം. ഇടുക്കിയിലെ തൊടുപുഴയാണ് അശ്വതിയുടെ സ്വന്തംവീട്. അവിടെനിന്നുമുള്ള ഓര്‍മ്മകള്‍ കൂട്ടിയിണക്കിയ ഓര്‍മ്മപുസ്തകം ഇതിനോടകംതന്നെ സോഷ്യല്‍മീഡിയായിലും മറ്റും ചര്‍ച്ചാവിഷയമായിരുന്നു.

സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം, കമന്റുകള്‍ക്ക് മറുപടി കൊടുക്കുന്നത് എല്ലായിപ്പോഴും കുറിക്കുകൊള്ളുന്ന തരത്തിലാണ്. മകള്‍ പത്മയെക്കുറിച്ചും ഭര്‍ത്താവായ ശ്രീകാന്തിനെക്കുറിച്ചുമുള്ള താരത്തിന്റെ പോസ്റ്റുകള്‍ എല്ലായിപ്പോഴും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. താരം പുതുതായി പങ്കുവച്ച ഫോട്ടോയും, അതിന് ആരാധകര്‍ നല്‍കിയ കമന്റിനുള്ള താരത്തിന്റെ മറുപടിയുമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 'നിന്നെ വായിക്കുമ്പോള്‍ ഇപ്പോഴും തുടുക്കുന്നൊരുവള്‍' എന്ന ക്യാപ്ഷനോടെയാണ് താരം തന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. കോഴികളുടെ വിവരക്കേട് വായിക്കുന്നതാകും എന്ന് കമന്റിട്ടയാളോട്, അതിന് നീയിന്നലെ മെസേജ് ചെയ്‌തേ എന്നും, കെട്ടിയോന്റെ മെസേജ് ആയിരിക്കും എന്ന് പറഞ്ഞ ആളോട്, ആരുടെ കെട്ടിയോന്‍ എന്നാണ് ഇപ്പോ ആലോചിക്കുന്നതെന്നും, ഈ ഫോട്ടോ നിങ്ങടെ ഫോണ്‍ കാണിക്കാനല്ലെ ഇട്ടത് എന്ന ചോദ്യത്തിന്, അതേ നിങ്ങള്‍ക്കാര്‍ക്കും ഫോണില്ലല്ലോ എന്നെല്ലാമാണ് താരത്തിന്റെ മറുപടികള്‍.

കൂടാതെ തന്റെ റേഡിയോ ജോക്കിക്കാലത്തെ ഓര്‍മ്മകളും താരം ഫോട്ടോയായി പങ്കുവച്ചിട്ടുണ്ട്. 'പണ്ടുപണ്ടൊരു റോഡിയോക്കാലത്ത്'' എന്ന ക്യാപ്ഷനോടെയാണ് അശ്വതി ഫോട്ടോ പങ്കുവച്ചിരിക്കുന്നത്.