കൊച്ചി: ബിനീഷ് ബാസ്റ്റിനെ നായകനാക്കി പുതിയ ചിത്രം വരുന്നു. പുതുമുഖ സംവിധായകൻ സാബു അന്തിക്കായിയാണ് ചിത്രം ഒരുക്കുന്നത്. സിനിമാ രംഗത്ത് അവഗണനകള്‍ നേരിടുന്ന സഹസംവിധായകന്‍റെ കഥയാണ് ദി ക്രിയേറ്റര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം പറയുന്നത്. അടുത്ത മാസം ഷൂട്ടിംഗ് തുടങ്ങും. പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ അനില്‍ രാധാകൃഷ്ണൻ മേനോനില്‍നിന്ന് അവഗണന നേരിട്ടതിന് പിന്നാലെയാണ് പുതിയ സിനിമ ബിനീഷ് ബാസ്റ്റിനെ തേടിയെത്തിയത്.

നടന്‍ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാൻ തയ്യാറല്ലെന്ന് സംവിധായകന്‍ അനിൽ രാധാകൃഷ്ണൻ മേനോൻ പറഞ്ഞതിനെ തുടർന്ന് വിവാദം പുകഞ്ഞു കൊണ്ടിരിക്കുകയാണ്. പാലക്കാട് മെ‍ഡിക്കൽ കോളേജിലെ വിദ്യാർത്ഥി യൂണിയന്റെ പരിപാടിക്കിടെയാണ് അനിഷ്ടസംഭവം ഉണ്ടായത്. തന്റെ സിനിമയിൽ ചാൻസ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ കോളേജ് അധികൃതരെ അറിയിച്ചുവെന്നായിരുന്നു അനിൽ രാധാകൃഷ്ണ മേനോനെതിരായ ഉയർന്ന ആരോപണം. ഇതേത്തുടര്‍ന്ന് കോളേജ് യൂണിയന്‍ ഭാരവാഹികള്‍ പരിപാടിക്ക് വൈകിയെത്താൻ തന്നോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ പ്രതിഷേധിച്ച് വേദിയിലെത്തിയ നടൻ, കരഞ്ഞുകൊണ്ടാണ് അന്ന് വേദി വിട്ടത്. 

സംഭവം വിവാദമായതോടെ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ അനില്‍ രാധാകൃഷ്ണൻ മേനോനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്നത്തില്‍ ഫെഫ്കയുടെ നേതൃത്വത്തില്‍ ഇന്ന് സമവായ ചര്‍ച്ച നടക്കും. വിവാദം പൂര്‍ണ്ണമായും അവസാനിപ്പിക്കുകയാണ് ലക്ഷ്യം. അതേസമയം, ഇനി ഒരിക്കലും അനില്‍ രാധാകൃഷ്ണൻ മേനോന്‍റെ സിനിമയില്‍ അഭിനയിക്കാനില്ലെന്ന് ബിനീഷ് ബാസ്റ്റിൻ വ്യക്തമാക്കി.