ചിരഞ്ജീവി നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് സെയ് റാ നരസിംഹ റെഡ്ഡി. സ്വാതന്ത്ര്യ സമര സേനാനിയായ നരസിംഹ റെഡ്ഡിയായിട്ടാണ് ചിത്രത്തില്‍ ചിരഞ്ജീവി അഭിനയിച്ചത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ട്രെയിലറടക്കം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. തിയേറ്ററിലും ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ ചിത്രം 100 കോടി ക്ലബില്‍ ഇടം നേടി.

റിലീസ് ചെയ്‍ത ആദ്യ ദിനം തന്നെ ചിത്രത്തിന് തിയേറ്ററില്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നു.  തെലുങ്കില്‍ ആദ്യ ദിനം ഏറ്റവും കുടുതല്‍ കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രമെന്ന റെക്കോര്‍ഡും സെയ് റാ നരസിംഹ റെഡ്ഡി സ്വന്തമാക്കിയിരുന്നു. ഹൈദരബാദ് ആര്‍ടിസി എക്സ് റോഡില്‍ മാത്രം ചിത്രം ആദ്യ ദിനം തന്നെ സ്വന്തമാക്കിയത് 25 ലക്ഷം രൂപയാണ്. യുഎസ്സില്‍ ചിത്രം ആദ്യ ദിനം ഏഴ് കോടിയിലധികം സ്വന്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചൈന്നൈയിലും ചിത്രത്തിനു വലിയ സ്വീകാര്യതയാണ് ലഭിച്ചത്. തെലുങ്ക് ചിത്രം 25 ലക്ഷവും തമിഴ് ഡബ്ബ് പതിപ്പ് ഏഴ് ലക്ഷം രൂപയുമാണ് സ്വന്തമാക്കിയത്.  ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് ആണ്. 160 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. നിരവധി യുദ്ധ രംഗങ്ങളും രക്തം ചീന്തുന്ന രംഗങ്ങളുമൊക്കെ ഉള്ളതുകൊണ്ടാണ് ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്.

ചിത്രത്തില്‍ ചിരഞ്ജീവിയുടെ കഥാപാത്രത്തിന്റെ ഗുരുവായ ഗോസായി വെങ്കണ്ണയായി അമിതാഭ് ബച്ചൻ എത്തുന്നു. ചരിത്ര സിനിമയായതിനാല്‍ വൻ ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്. ആദ്യ ഘട്ടത്തില്‍ 200 കോടി ബജറ്റ് തീരുമാനിച്ചത് 250 കോടിയായിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്.

വലിയ മികവില്‍ ചിത്രം എത്തിക്കാനുള്ള അണിയറപ്രവര്‍ത്തകരുടെ ശ്രമം വിജയിച്ചിട്ടുണ്ട്. ചരിത്രസിനിമയായ സെയ് റാ നരസിംഹ റെഡ്ഡിയില്‍ ആക്ഷൻ രംഗങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. റാം- ലക്ഷ്‍മണ്‍, ഗ്രേഗ് പവല്‍ തുടങ്ങിയവരാണ് ആക്ഷൻ രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്യുന്നത്. ചിത്രത്തിലെ യുദ്ധ രംഗത്തിനു മാത്രം 55 കോടി രൂപയാണ് ചെലവിട്ടതായാണ് റിപ്പോര്‍ട്ട്.

നയൻതാരയാണ് നായിക. ശ്രീവെന്നെല സീതാരാമ ശാസ്‍ത്രിയുടെ വരികള്‍ക്ക് അമിത് ത്രിവേദിയാണ് സംഗീതം പകരുന്നത്.