Asianet News MalayalamAsianet News Malayalam

ലോക് ഡൗണ്‍ കാലത്ത് നാടകങ്ങള്‍ക്കായി ഒരു യുട്യൂബ് ചാനല്‍; 'ചെമ്പരത്തി നാടകങ്ങള്‍' ശ്രദ്ധ നേടുന്നു

ലോക്ക് ഡൗണിന്‍റെയും സോഷ്യല്‍ ഡിസ്റ്റന്‍സിംഗിന്‍റെയും കാലത്തും തങ്ങളുടെ കലാജീവിതത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ തയ്യാറല്ല ഒരു കൂട്ടം നാടക കാലാകാരന്മാര്‍. നേരിട്ടുള്ള നാടക പ്രവര്‍ത്തനം സാധ്യമാവാത്ത കാലത്ത് നാടകങ്ങള്‍ക്കായി ഒരു യുട്യൂബ് ചാനല്‍ ആരംഭിച്ചിരിക്കുകയാണ് അവര്‍.

chembarathi nadakangal a youtube channel for theatre
Author
Kalpetta, First Published May 28, 2020, 12:04 AM IST

കല്‍പ്പറ്റ: ലോക്ക് ഡൗണ്‍ കാലത്ത് മറ്റു മേഖലകളെപ്പോലെ കലാലോകവും നിശ്ചലമാണ്. സിനിമാ മേഖലയുടെ കാര്യം വാര്‍ത്തകളില്‍ നിറയുമ്പോഴും നാടകം പോലെയുള്ള മറ്റു കലാമേഖലകളുടെ കാര്യം പലപ്പോഴും ചര്‍ച്ച പോലും ആവാറില്ല. എന്നാല്‍ ലോക്ക് ഡൗണിന്‍റെയും സോഷ്യല്‍ ഡിസ്റ്റന്‍സിംഗിന്‍റെയും കാലത്തും തങ്ങളുടെ കലാജീവിതത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ തയ്യാറല്ല ഒരു കൂട്ടം നാടക കാലാകാരന്മാര്‍. നേരിട്ടുള്ള നാടക പ്രവര്‍ത്തനം സാധ്യമാവാത്ത കാലത്ത് നാടകങ്ങള്‍ക്കായി ഒരു യുട്യൂബ് ചാനല്‍ ആരംഭിച്ചിരിക്കുകയാണ് അവര്‍.

'ചെമ്പരത്തി നാടകങ്ങള്‍' എന്ന് പേരിട്ടിരിക്കുന്ന യുട്യൂബ് ചാനല്‍ വഴിയാണ് തങ്ങളുടെ ലഘു നാടകങ്ങള്‍ ഈ കൂട്ടായ്‍മ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. കാലടി സര്‍വ്വകലാശാലയിലെ തിയേറ്റര്‍ വിഭാഗം പൂര്‍വ്വ വിദ്യാര്‍ഥികളും നാടകത്തില്‍ ഉന്നത പഠനം നടത്തി കൊണ്ടിരിക്കുന്നവരുമാണ് ഈ കൂട്ടായ്മക്ക് പിന്നില്‍. 'ചെമ്പരത്തി നാടകങ്ങള്‍' എന്നത് ഈ ലോക് ഡൗണ്‍ സമയത്ത് മനസ്സില്‍ വന്ന ആശയമാണെന്ന് ഇവര്‍ പറയുന്നു. ചെയ്യുന്ന നാടകങ്ങള്‍ക്ക് സ്ഥിരമായ ഒരു പൊതുസൂക്ഷിപ്പ് കേന്ദ്രം എന്നതാണ് യു ട്യൂബ് ചാനല്‍ കൊണ്ട് കൂട്ടായ്മ ഉദ്ദേശിക്കുന്നത്.  അതി ഗഹനമായ ചിന്തയുടെയും പ്രവര്‍ത്തനങ്ങളുടെയും  ഫലമല്ല ചെമ്പരത്തി നാടകങ്ങള്‍. എന്നാല്‍ കലാകാരന്‍മാരെയും ആസ്വാദകരെയും വേര്‍പിരിക്കാന്‍ ഒരു ശക്തിക്കും കഴിയില്ല എന്നതാണ് കൂട്ടായ്മയിലൂടെ ഇവര്‍ തെളിയിക്കുന്നത്. കാസ്റ്റിംഗ്, രചന, റീഡിങ്, റിഹേഴ്‌സല്‍, പെര്‍ഫോമന്‍സ്, ആസ്വാദനം തുടങ്ങി എല്ലാം ഒണ്‍ലൈന്‍ വഴി സംഭവിക്കുകയാണിവിടെ. ലോകം മുഴുവന്‍ പരിമിതികളില്‍ ജീവിക്കുമ്പോള്‍ നാടകവും ഇത്തരത്തിലുള്ള പരിമിതിയില്‍ സംഭവിക്കുന്നുവെന്ന് സംഘാടകര്‍ പറയുന്നു. 

സിനിമാ  മേഖലയിലും തന്‍റേതായ ഇടം കണ്ടെത്താന്‍ ശ്രമിക്കുന്ന സി വി നിധിന്‍ ആനന്ദും വി കെ ഉസ്മാനുമാണ് ചെമ്പരത്തി നാടകങ്ങള്‍ക്ക് പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്. പെര്‍ഫോമിംഗ് ആര്‍ട്‌സ് എന്ന വിഷയത്തില്‍ കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാലയില്‍ ഗവേഷകന്‍ കൂടിയാണ് നിധിന്‍ ആനന്ദ്. മനു അശോകന്‍ സംവിധാനം ചെയ്ത ഉയരെ എന്ന സിനിമയിലും ബിജു ബെര്‍ണാഡ് സംവിധാനം ചെയ്ത ലാലിബേല എന്ന സിനിമയിലും സഹസംവിധായകനായി പ്രവര്‍ത്തിച്ചു. ഹൈദരാബാദ് യൂണിവേഴ്‌സിറ്റി തിയേറ്റര്‍ ഡിപ്പാര്‍ട്ട്‌മെന്‍റില്‍ 'പെര്‍ഫോമന്‍സ് ആസ് സാക്രമെന്‍റ്' എന്ന വിഷയത്തില്‍ ഗവേഷണം നടത്തുകയാണ് വി കെ ഉസ്മാന്‍. സിനിമ മേഖലയില്‍ പുതുമുഖങ്ങളെ പരിശീലിപ്പിക്കുക കൂടി ചെയ്യുന്നു ഇദ്ദേഹം. നാടക രചന, അഭിനയം തുടങ്ങി നാടകവുമായി ബന്ധമുള്ള വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരുടെയും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവരുടെയും സൃഷ്ടികള്‍, ആശയങ്ങള്‍ എന്നിവ  ആവിഷ്‌കരിക്കാനുള്ള ഇടമാണ് ചെമ്പരത്തി നാടകങ്ങള്‍ എന്ന ഓണ്‍ലൈന്‍ വേദി എന്ന് ഇവര്‍ പറയുന്നു. ഓണ്‍ലൈന്‍ ആയി ചെയ്ത നാടകങ്ങള്‍ ലോക് ഡൗണിനു ശേഷം  സ്‌കൂളുകളിലും  വായന ശാലകളിലും  ലൈവ് ആയി പുനര്‍ അവതരിപ്പിക്കാനും ഇവര്‍ ആലോചിക്കുന്നുണ്ട്. അന്നായിരിക്കും ഇതുവരെ ചെമ്പരത്തി ഓണ്‍ലൈന്‍ വേദിയിലെത്തിയ എഴുത്തുകാരും അഭിനേതാക്കളും  മറ്റു  സഹായികളെയും നേരിട്ട്  കാണുന്ന ദിവസമെന്നും ഈ കലാകാരന്‍മാര്‍ പറയുന്നു. ഇതുവരെ ആറു നാടകങ്ങളാണ് ഇവര്‍ അവതരിപ്പിച്ചത്.

Follow Us:
Download App:
  • android
  • ios