Asianet News MalayalamAsianet News Malayalam

ദാദാ സാഹേബ് ഫാൽകേ പുരസ്കാരം രജനികാന്തിന്

 തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുൻപാണ് രജനിക്ക് പുരസ്കാരം നൽകുന്നതായുള്ള പ്രഖ്യാപനം വന്നത്. 

Dadasaheb Phalke award for Rajnikant
Author
Chennai, First Published Apr 1, 2021, 10:26 AM IST

ദില്ലി: ഇന്ത്യയിലെ ചലച്ചിത്ര പ്രവർത്തകർക്ക് സമ്മാനിക്കുന്ന പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽകേ അവാർഡിന് നടൻ രജനികാന്തിനെ തെരഞ്ഞെടുത്തു. വാർത്ത വിനിമയ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്. അൻപത് വർഷമായി ചലച്ചിത്ര മേഖലയ്ക്ക് നൽകി വരുന്ന സംഭാവനകൾ പരിഗണിച്ചാണ് രജനികാന്തിനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തതെന്ന് മന്ത്രി പറഞ്ഞു. ചലച്ചിത്ര താരങ്ങളായ മോഹൻലാൽ, ശങ്കർ മഹാദേവൻ, ആശാ ബോസ്ലേ, സുഭാഷ് ഗയ് എന്നിവരടങ്ങിയ പുരസ്കാര നിർണയ സമിതിയാണ് രജനികാന്തിനെ തെരഞ്ഞെടുത്തത്. 

ഇന്ത്യൻ ചലച്ചിത്ര മേഖലയുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാ സാഹേബ് ഫാൽക്കെയുടെ അനുസ്മരണാർത്ഥമാണ് ഈ പുരസ്കാരം കേന്ദ്രസർക്കാർ നൽകുന്നത്. ഇന്ത്യൻ ചലച്ചിത്ര രംഗത്തിന്‌ നൽകപ്പെടുന്ന ആജീവനാന്ത സംഭാവനകൾ പരിഗണിച്ചാണ് 1969- മുതൽ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നൽകുന്നത്. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുൻപേ വന്ന പുരസ്കാര വാർത്ത രാഷ്ട്രീയലോകത്തും കൗതുകം സൃഷ്ടിച്ചിട്ടുണ്ട്. തൻ്റെ രാഷ്ട്രീയ വ്യക്തമായി പ്രഖ്യാപിച്ചില്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയെ അദ്ദേഹം പലപ്പോഴും പ്രശംസിച്ചു രം​ഗത്തു വന്നിരുന്നു. 

ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിയുണ്ടാക്കി മത്സരിക്കുമെന്ന് രജനികാന്ത് പ്രഖ്യാപിച്ചിരുന്നു. ഇതിനായി തൻ്റെ ആരാധക കൂട്ടായ്മയായ രജനി രസികർ മൻട്രത്തെ കേഡർ പാർട്ടികളെ അനുസ്മരിപ്പിക്കുന്ന തരത്തിൽ രജനി പുനസംഘടിപ്പിച്ചു. തമിഴ്നാട്ടിലെ ഉൾഗ്രാമങ്ങളിൽ വരെ ബൂത്തും പ്രവർത്തകരും ഉള്ള രീതിയിൽ രജനി ഒരു  സംഘടനാ സംവിധാനം സജ്ജമാക്കിയെങ്കിലും  ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അവസാനനിമിഷം രാഷ്ട്രീയപ്രവേശനം അദ്ദേഹം ഉപേക്ഷിച്ചു. തെരഞ്ഞെടുപ്പിന് മുൻപേ രജനിക്ക് പുരസ്കാരം പ്രഖ്യാപുള്ള വാർത്ത വന്നതോടെ  നിരാശരായ രജനി ആരാധകരും ഉണർന്നേക്കും എന്ന നിരീക്ഷണവും ചില കോണുകളിൽ നിന്നും ഉയരുന്നുണ്ട്. 

കർണാടക - തമിഴ്നാട് അതിർത്തിയായ നാച്ചിക്കുപ്പത്തേക്ക് കുടിയേറിയ ഒരു മറാത്തി കുടുംബത്തിലാണ് 1950 ഡിസംബർ 12-ന് രജനികാന്ത് ജനിക്കുന്നത്. ശിവജിറാവു ഗെയ്ക്ക് വാദ് എന്നാണ് രജനിയുടെ ശരിയായ പേര്. പിൻക്കാലത്ത് ബ്ലാംഗൂരിലേക്ക് രജനിയുടെ കുടുംബം താമസം മാറിയതോടെ പിന്നീടുള്ള അദ്ദേഹത്തിൻ്റെ ജീവിതം അവിടെയായിരുന്നു. കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ കണ്ടക്ടറായി ജോലി നോക്കിയ അദ്ദേഹം അഭിനയമോഹം കാരണം ആ ജോലി പിന്നീട് ഉപേക്ഷിച്ച് മദ്രാസിലേക്ക് പോയി. ഏറെ നാൾ കഷ്ടപ്പെട്ട ശേഷം 1975-ൽ കെ. ബാലചന്ദർ സംവിധാനം ചെയ്ത അപൂർവ രാഗങ്ങൾ എന്ന ചിത്രത്തിലൂടെ അദ്ദേഹം സിനിമാ രംഗത്തേക്ക് പ്രവേശിച്ചു.

80-കളിൽ അമിതാഭ് ബച്ചൻ ചിത്രങ്ങളുടെ തമിഴ് റീമേക്കുകളിലൂടെ മുൻനിര താരമായി ഉയർന്ന രജനി 1990-ൽ  മന്നൻ, മുത്തു, ബാഷ,പടയപ്പ എന്നീ ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയെ തന്നെ ഇളകിമറിച്ചു. രജനിയുടെ മുത്തു എന്ന ചിത്രം ജപ്പാനിൽ വരെ ഹിറ്റായിരുന്നു.  2007-ൽ പുറത്തിറങ്ങിയ ശിവാജി ദ ബോസ് എന്ന ചിത്രം ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും ടോപ് ചാർട്ടിൽ സ്ഥാനം പിടിക്കുന്ന ആദ്യ തമിഴ് ചിത്രമായി മാറിയിരുന്നു..

Follow Us:
Download App:
  • android
  • ios