ദില്ലി: ലോക്ക് ഡൗണിന്‍റെ ഏകാന്തതയും വിരസതയും ഒഴിവാക്കാന്‍ ലോകത്ത് പലയിടത്തും ബാല്‍ക്കണി സംഗീതവിരുന്നുകള്‍ നാം കണ്ടു. ഇറ്റലിയിലും സ്‍പെയിനിലും നിന്നുള്ള വീഡിയോകള്‍ ഇന്‍റര്‍നെറ്റില്‍ വലിയ കയ്യടി നേടുകയും ചെയ്തു. 'ബെല്ല ചാവോ' എന്ന ഇറ്റാലിയന്‍ ഗാനമായിരുന്നു ഇതില്‍ ഏറെ ശ്രദ്ധേയമായത്. ഇത്തരമൊരു കാഴ്‍ച നമ്മുടെ ദില്ലിയിലും കാണാനായി. 

സംഗീതജ്ഞരായ ദമ്പതികള്‍ ഹിതേഷും പായല്‍ മദനുമാണ് വ്യത്യസ്ഥ സംഗീതവിരുന്നൊരുക്കിയത്. ദില്ലയിലെ രജൗരി ഗാര്‍ഡനില്‍ ജനതാ കര്‍ഫ്യൂ ദിനത്തില്‍ മാര്‍ച്ച് 22നായിരുന്നു ആദ്യ പരിപാടി. അയല്‍ക്കാരും സുഹൃത്തുക്കളും പ്രോത്സാഹനവുമായി എത്തിയതോടെ വീണ്ടും സംഗീതപരിപാടിയുമായി ഇരുവരും രംഗത്തെത്തി.

'എല്ലാവരും വീടുകളില്‍ സുരക്ഷിതരായിരിക്കുക' എന്ന സന്ദേശം കൈമാറുന്നതിനാണ് ബാല്‍ക്കണി സംഗീത വിരുന്ന് എന്ന് ഹിതേഷ് പറയുന്നു. 'വലിയ ആസ്വാദക കൂട്ടത്തിന് മുന്നില്‍ സംഗീതം അവതരിപ്പിക്കുന്നത് മിസ് ചെയ്യുന്നു. എന്നാല്‍ ബാല്‍ക്കണി സംഗീതവിരുന്നിലൂടെ സ്വയം ആത്മവിശ്വാസം വര്‍ധിപ്പിക്കുകയാണ്. മൂന്നാമത്തെ ബാല്‍ക്കണി സംഗീതവിരുന്നാണ് അവതരിപ്പിച്ചത്'.

ലോക്ക് ഡൗണിലെ വിരസത ഒഴിവാക്കാനും ആനന്ദകരമാക്കാനും ഇതൊരു നല്ല പോംവഴിയാണെന്ന് ഇരുവരുടെയും അയല്‍ക്കാരനായ വിജയ് പറഞ്ഞു. സംഗീതവിരുന്ന് മാനസിക ഉന്‍മേഷം വ‍ര്‍ധിപ്പിക്കുന്നു എന്ന് സംഗീതജ്ഞരുടെ ബന്ധുകൂടിയായ പ്രീതി മദന്‍ പ്രതികരിച്ചു.