കൊച്ചി: ബ്ലാക്ക്മെയ്ലിങ് തട്ടിപ്പുസംഘം തന്നെ നിരവധി തവണ വിളിച്ചെന്ന് നടൻ ധർമ്മജൻ. കൊച്ചിയിൽ പൊലീസിന് മൊഴി നൽകിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷംനയെയും മിയയെയും പരിചയപ്പെടുത്തണമെന്നാണ് തന്നോട് സംഘം ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

പ്രൊഡക്ഷൻ കൺട്രോളർ ഷാജിയാണ് തന്റെ നമ്പർ സംഘത്തിന് നൽകിയത്. മൂന്ന് തവണ സംഘം തന്നെ വിളിച്ചു. സെലിബ്രിറ്റികളെ ഉപയോഗിച്ച് സ്വർണം കടത്താനാണ് അവരുടെ പ്ലാൻ. താരങ്ങളെ ഉപയോഗിച്ച് സ്വർണം കടത്തുന്ന സംഘമാണെന്ന് ഇവർ പരിചയപ്പെടുത്തി. ഷംനയുടെ നമ്പർ പ്രൊഡക്ഷൻ കൺട്രോളറാണ് സംഘത്തിന് നൽകിയതെന്നും ധർമ്മജൻ പറഞ്ഞു. 

കൊച്ചി ട്രാഫിക് സ്റ്റേഷനിലെത്തിയാണ് നടൻ മൊഴി നൽകിയത്. രാവിലെ അന്വേഷണ സംഘം ഇദ്ദേഹത്തോട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. അതിനിടെ നടി ഷംന കാസിം കൊച്ചിയിൽ തിരിച്ചെത്തി. ഇവർ ഇന്ന് മുതൽ ക്വാറന്റൈനിലാണ്. നാളെ താരത്തിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. വീഡിയോ കോൺഫറൻസിലൂടെയാവും മൊഴി രേഖപ്പെടുത്തുക.

കേസിലെ മുഖ്യപ്രതികളിലൊരായ ഹാരിസിനെ ഇന്ന് രാവിലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ തൃശ്ശൂർ സ്വദേശിയാണ്. മേക്ക് അപ്പ് ആർട്ടിസ്റ്റുകളുമായും സിനിമാ താരങ്ങളുമായും ബന്ധമുണ്ട്. ഷംന കാസിമിന്റെ കേസിൽ അടക്കം നിർണ്ണായക വിവരങ്ങൾ ഇയാളിൽ നിന്ന് കിട്ടുമെന്നാണ് കരുതുന്നത്. ഹാരിസിനെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്യുകയാണ്. 

കേസിലെ പ്രതികളിലൊരാൾക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പിടിയിലാകാനുള്ള മൂന്ന് പേരിൽ ഒരാൾക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇയാളുടെ അറസ്റ്റ് വൈകും. സംഭവത്തിൽ ഏഴ് കേസ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കമ്മിഷണർ വിജയ് സാഖറെ പറഞ്ഞു. ഇതിന് പുറമെ ഷംന കാസിമിന്റെ കേസും ഉണ്ട്. കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യും. എട്ട് പേരാണ് ഇതുവരെ പിടിയിലായത്. ഷംനയുടേതിന് സമാനമായ നാല് ചീറ്റിങ് കേസുകൾ കൂടിയുണ്ടെന്ന് മനസിലായെന്നും ഐജി പറഞ്ഞു.