Asianet News MalayalamAsianet News Malayalam

ധ്രുവ് മദ്യപിച്ചിരുന്നില്ല; ആരോപണങ്ങൾക്കെതിരെ വിക്രമിന്റെ മാനേജർ

അപകടത്തിന് ശേഷം ധ്രുവ് മദ്യപിച്ചാണ് വാഹനം ഒാടിച്ചത് എന്ന തരത്തിലുള്ള വാർത്തകൾ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനെ നിഷേധിച്ചുക്കൊണ്ട് ഒരു വാർത്താക്കുറിപ്പ് ഇറക്കിയിരിക്കുകയാണ് വിക്രമിന്റെ മാനേജര്‍ സൂര്യനാരായണന്‍.

dhruv was not drunk vikrams manager released statemented
Author
Chennai, First Published Aug 13, 2018, 11:54 AM IST

ചെന്നൈ: നിർത്തിയിട്ട ഓട്ടോറിക്ഷകള്‍ക്ക് മേല്‍ കാര്‍ ഇടിച്ചു കയറ്റിയ കേസില്‍ തമിഴ് നടന്‍ വിക്രമിന്റെ മകൻ ധ്രുവിനെതിരെ പൊലീസ് കേസെടുത്തു. അപകടകരമാം വിധം വണ്ടി ഓടിച്ചത്തിനും, വഴിയാത്രക്കാരുടെ ജീവന് ഭീഷണിയാകും വിധം വണ്ടിയോടിച്ചത്തിനുമെതിരേയാണ് കേസ്. സംഭവത്തിൽ ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും മൂന്ന് ഓട്ടോറിക്ഷക്കള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. 

അപകടത്തിന് ശേഷം ധ്രുവ് മദ്യപിച്ചാണ് വാഹനം ഒാടിച്ചത് എന്ന തരത്തിലുള്ള വാർത്തകൾ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനെ നിഷേധിച്ചുക്കൊണ്ട് ഒരു വാർത്താക്കുറിപ്പ് ഇറക്കിയിരിക്കുകയാണ് വിക്രമിന്റെ മാനേജര്‍ സൂര്യനാരായണന്‍. ” ഞായറാഴ്ച്ച രാവിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് മടങ്ങി വരുമ്പോഴാണ് ധ്രുവിന്റെ കാര്‍ ഓട്ടോറിക്ഷയില്‍ ഇടിക്കുന്നത്. സംഭവത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റിരുന്നു. ഇയാളെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് വിദ​ഗ്ധ ചികിത്സയ്ക്ക് ശേഷം ഇയാളെ ഡിസ്ചാര്‍ജ് ചെയ്തു. അപകടം സംഭവിച്ചത് അശ്രദ്ധ മൂലമാണ് എന്നും അതിന് മറ്റ് കാരണങ്ങള്‍ ഒന്നും ഇല്ല എന്നും ഞങ്ങള്‍ അറിയിക്കാന്‍ ആഗ്രഹിക്കുന്നു.”- സൂര്യനാരായണന്‍ പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

ചെന്നൈയിലെ തേനാംപേട്ടിൽ സിറ്റി പൊലീസ് കമ്മിഷണറുടെ വസതിക്ക് സമീപം ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. ധ്രുവ് ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഒാട്ടോറിക്ഷകളുടെമേൽ ഇടിക്കുകയായിരുന്നു. ധ്രുവിനെ കൂടാതെ മൂന്ന് സുഹൃത്തുക്കളും കാറിലുണ്ടായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ ഒാട്ടോ ഡ്രൈവർ കമേഷിനെ റോയപ്പേട്ട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തിൽ പോണ്ടി ബസാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ അപകടത്തില്‍പ്പെട്ടയാള്‍ക്ക് പരാതിയില്ല എന്നറിയിച്ചതിനെ തുടര്‍ന്ന് ധ്രുവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയുണ്ടായി. സംഭവം നടക്കുമ്പോള്‍ ധ്രുവ് മദ്യലഹരിയിലായിരുന്നോ എന്ന കാര്യം പൊലീസ് അന്വേഷിച്ച് വരികയാണ്.

സംവിധായകൻ ബാലയുടെ പുതിയ ചിത്രമായ ‘വർമ’യിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണു ധ്രുവ്. വിജയ് ​ദേവർ​ഗോണ്ഡ നായകനായ സൂപ്പർഹിറ്റ് തെലുങ്ക് ചിത്രം അർജുൻ റെഡ്ഡിയുടെ റീമേക്കാണ് ചിത്രം. ചിത്രീകരണം പൂർത്തിയായ വർമ ഈ വർഷം അവസാനം തിയേറ്ററുകളിലെത്തും.

Follow Us:
Download App:
  • android
  • ios