ചെന്നൈ: തമിഴ്‌നടന്‍ അജിത്തിന്റെ വീട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാതന്റെ ഭീഷണി സന്ദേശം. അജിത്തിന്റെ ചെന്നൈയിലെ ഇഞ്ചംപാക്കത്തെ വീട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്നാണ് അജ്ഞാതന്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് അറിയിച്ചത്. തുടര്‍ന്ന് ബോംബ് സ്‌ക്വാഡുമായെത്തി പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും അപകടകരമായതൊന്നും കണ്ടെത്തിയില്ല. അജിത്തിന്റെ വീട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് നേരത്തെയും വ്യാജ സന്ദേശം ലഭിച്ചിരുന്നതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം രജനീകാന്ത്, വിജയ് എന്നിവരുടെ വീട്ടിലും ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം ലഭിച്ചിരുന്നു. വിജയ് യുടെ വീട്ടില്‍ ബോംബ് ഭീഷണി മുഴക്കിയ ആളെ പിന്നീട് പൊലീസ് കണ്ടെത്തി. ഇയാള്‍ക്ക് മാനസിക രോഗമാണെന്നും പൊലീസ് അറിയിച്ചിരുന്നു.