Asianet News MalayalamAsianet News Malayalam

അമ്മക്കു പിന്നാലെ ഫെഫ്കയിലും കലാപം; ബി ഉണ്ണിക്കൃഷ്ണനെതിരെ ആഞ്ഞടിച്ച് ആഷിഖ് അബു, സമിതിയില്‍ നിന്ന് പുറത്താക്കണം

ഫെഫ്ക എന്നാൽ ഉണ്ണികൃഷ്ണൻ എന്നല്ല, ഉണ്ണികൃഷ്ണന്റേത് വ്യാജ ഇടതുപക്ഷ പരിവേഷമാണെന്നും ആഷിക് അബു പറഞ്ഞു. താരസംഘടന അമ്മയിലെ പൊട്ടിത്തെറിക്ക് ശേഷമാണ് ഫെഫ്കയിലും കലാപം പൊട്ടിപ്പുറപ്പെട്ടത്. 

FEFkA, the association of film behind-the-scenes workers, is also divided hema committee report
Author
First Published Aug 28, 2024, 12:27 PM IST | Last Updated Aug 28, 2024, 12:31 PM IST

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ ചലച്ചിത്ര പിന്നണി പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയിലും പൊട്ടിത്തെറി. നേതൃത്വതിനെതിരെ സംവിധായകനും നടനുമായ ആഷിക് അബു രം​ഗത്തെത്തി. ഫെഫ്ക എന്നാൽ ഉണ്ണികൃഷ്ണൻ എന്നല്ല,  ഉണ്ണികൃഷ്ണന്റേത് വ്യാജ ഇടതുപക്ഷ പരിവേഷമാണെന്നും ആഷിക് അബു പറഞ്ഞു. താരസംഘടന അമ്മയിലെ പൊട്ടിത്തെറിക്ക് ശേഷമാണ് ഫെഫ്കയിലും കലാപം പൊട്ടിപ്പുറപ്പെട്ടത്. 

ഉണ്ണികൃഷ്ണനെ ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്നു മാറ്റണമെന്നും ഫെഫ്കയുടെ പ്രതികരണം കാപട്യമാണെന്നും ആഷിഖ് അബു പറഞ്ഞു. യൂണിയൻ നിലപാട് അല്ല വാർത്ത കുറിപ്പ്. അത് ഉണ്ണികൃഷ്ണന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഫെഫ്ക എന്നാല്‍  ബി ഉണ്ണികൃഷ്ണനെന്നാണ് നടപ്പ് രീതി. തൊഴിലാളി സംഘടനയെ ഫ്യൂഡല്‍ തൊഴുത്തില്‍ കെട്ടി. ഒളിച്ചിരുന്ന് പ്രതിലോമ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. സമൂഹത്തെ അഭിമുഖീകരിക്കാന്‍ നട്ടെല്ലുണ്ടെങ്കില്‍ പൊതുമധ്യത്തില്‍ പ്രതികരിക്കട്ടെയെന്നും തൊഴിൽ നിഷേധിക്കുന്നയാളാണ് ഉണ്ണി കൃഷ്ണനെന്നും ആഷിഖ് അബു പറഞ്ഞു. ബി ഉണ്ണിക്കൃഷ്ണൻ ഇടതുപക്ഷക്കാരനെന്ന വ്യാജ പരിവേഷം അണിയുകയാണ്. സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കാന്‍ സാധിച്ചയാള‍ാണ്. നയരൂപീകരണ സമിതിയില്‍ നിന്ന് ഉണ്ണികൃഷ്ണനെ പുറത്താക്കണമെന്നും ആഷിഖ് അബു കൂട്ടിച്ചേർത്തു.

നേരത്തെ, അമ്മ ഭരണസമിതിയുടെ രാജിയിൽ പ്രതികരിച്ച് ഫെഫ്ക രംഗത്തെത്തിയിരുന്നു. അമ്മ എക്സിക്യൂട്ടീവ് രാജി സംഘടനയെ നവീകരിക്കുന്നതിന്‍റെ തുടക്കമാകട്ടെയെന്ന് ഫെഫ്ക പറഞ്ഞു. ലൈംഗികാതിക്രമം നടത്തിയതായി പരാമര്‍ശമുള്ള മുഴുവനാളുകളുടെയും പേര് പുറത്തുവരട്ടെയെന്നും ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ കൂടുതല്‍ പറയുന്നത് ഉചിതമല്ലെന്നും ഫെഫ്ക പ്രതികരിച്ചു. 

അതിജീവിതമാര്‍ക്ക് നിയമസഹായം നല്‍കും, ഇതിന് കോര്‍ കമ്മിറ്റിക്ക് ചുമതല നൽകുമെന്നും ഫെഫ്ക അറിയിച്ചു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്‍റെ സേവനവും ലഭ്യമാക്കും. സംഘടനയില്‍ കുറ്റാരോപിതരുണ്ടെങ്കില്‍ വലിപ്പച്ചെറുപ്പമില്ലാതെ നടപടി സ്വീകരിക്കും. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് സിനിമാ ചരിത്രത്തിലെ ഏറ്റവും പ്രധാന മാര്‍ഗരേഖയാണ്. ഫെഫ്കയിലെ അംഗസംഘടനകളുടെ യോഗം സെപ്തംബർ 2,3,4 തീയതികളില്‍ ചേരും. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തുടര്‍ ചര്‍ച്ചകള്‍ക്കായാണ് യോഗം ചേരുന്നത്. അപക്വവും വൈകാരികവുമായ പ്രതികരണങ്ങളല്ല വേണ്ടതെന്നും റിപ്പോര്‍ട്ട് സമഗ്രമായി വിലയിരുത്തുന്നതിനാണ് യോഗമെന്നും ഫെഫ്ക പറഞ്ഞു.  

'കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം', ആ യോഗത്തില്‍ എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തി വിനു മോഹൻ

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios