മുംബൈ: കൊവിഡ് വാർഡിലെ ആരോ​ഗ്യപ്രവർത്തകരെക്കുറിച്ച് വികാരനിർഭരമായ കുറിപ്പുമായി നടൻ‌ അമിതാഭ് ബച്ചൻ. പിപിഇ കിറ്റണിഞ്ഞ ദൈവത്തിന്റെ മാലാഖമാർ എന്നാണ് ആരോ​ഗ്യപ്രവർത്തകരെ അമിതാഭ് ബച്ചൻ വിശേഷിപ്പിച്ചിരിക്കുന്നത്. കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും മുംബൈ നാനവതി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയാണ്. ജൂലൈ 11നാണ് 77കാരനായ അമിതാഭ് ബച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

രോ​ഗികൾ സുഖം പ്രാപിക്കാൻ വേണ്ടി അവർ അങ്ങേയറ്റം ആത്മാർത്ഥതയോടെയാണ് ജോലി ചെയ്യുന്നതെന്നാണ് ബച്ചന്റെ പ്രശംസാവാക്കുകൾ. രോ​ഗികൾക്കായി ആരോ​ഗ്യപ്രവർത്തകർ നടത്തുന്ന രണ്ട് പ്രാർത്ഥനകളും കുറിപ്പിനൊപ്പം ബച്ചൻ ട്വീറ്റിൽ പങ്കുവച്ചിട്ടുണ്ട്. അങ്ങേയറ്റം ആത്മാർത്ഥമായാണ് അവർ ജോലി ചെയ്യുന്നത്. അതിനാൽ ഞങ്ങൾ ഇവിടെ സുരക്ഷിതരാണ്. വെളുത്ത പിപിഇ യൂണിറ്റിനുള്ളിലെ ദൈവത്തിന്റെ സ്വന്തം മാലാഖമാർ, ഡോക്ടേഴ്സ്, നഴ്സസ്, മറ്റ് ജീവനക്കാർ എല്ലാവരും  അവരുടെ രോ​ഗികളുടെ മുക്തിക്കായി പ്രാർത്ഥിക്കാനും സമയം കണ്ടെത്തുന്നു. അമിതാഭ് ട്വീറ്റിൽ കുറിച്ചു.

ഐശ്വര്യ റായിയും മകൾ ആരാധ്യയും കൊവിഡ് ബാധയെ തുടർന്ന് ഇതേ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ഇവർ ആശുപത്രി വിട്ടിരുന്നു. അവർ സുഖം പ്രാപിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് കാണിച്ച് ബച്ചൻ ട്വീറ്റ് ചെയ്തിരുന്നു.