ദില്ലി: ഹിന്ദി സിനിമ തന്നെ അവഗണിക്കുന്നതായി ഓസ്‌കര്‍ പുരസ്‌കാര ജേതാവ് റസൂല്‍ പൂക്കുട്ടി. സമാന ആരോപണവുമായി വിഖ്യാത സംഗീത സംവിധായകന്‍ എആര്‍ റഹ്മാനും രംഗത്തെത്തിയിരുന്നു. ഓസ്‌കര്‍ പുരസ്‌കാരത്തിന് ശേഷം ഹിന്ദി സിനിമാ രംഗത്തുനിന്ന് അവസരം കുറഞ്ഞതായി പൂക്കുട്ടി ആരോപിച്ചു. തനിക്കെതിരെ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു എആര്‍ റഹ്മാന്റെ ആരോപണം. ചില സിനിമകളില്‍ നിന്ന് തന്നെ ഒഴിവാക്കിയതായി തന്നോട് ചിലര്‍ പറഞ്ഞെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. റേഡിയോ മിര്‍ച്ചിക്ക് നല്‍കിയ അഭിമുഖത്തിലാണ് റഹ്മാന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ദില്‍ ബെച്ചരയുടെ സംവിധായകന്‍ മുകേഷ് ഛബ്ര തന്നോട് ഇക്കാര്യം പറഞ്ഞെന്നും റഹ്മാന്‍ വെളിപ്പെടുത്തി. സുശാന്ത് സിംഗ് രജ്പുത്തിന്റെ അവസാന ചിത്രമായ ദില്‍ ബെച്ചരക്ക് സംഗീതം നല്‍കിയത് എആര്‍ റഹ്മാനാണ്. റഹ്മാന്റെ പ്രസ്താവനക്ക് മറുപടിയുമായി ശേഖര്‍ കപൂര്‍ രംഗത്തെത്തി. നിങ്ങളുടെ പ്രശ്‌നം നിങ്ങള്‍ തിരിച്ചറിയണമെന്നും ഓസ്‌കര്‍ നേടുന്നത് ബോളിവുഡിലെ അന്ത്യ ചുംബനമാണെന്നും ശേഖര്‍ കപൂര്‍ പറഞ്ഞു. ബോളിവുഡിനേക്കാള്‍ കൂടുതല്‍ നിങ്ങള്‍ക്ക് കൈകാര്യം ചെയ്യാനാകുമെന്നാണ് ഓസ്‌കര്‍ തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശേഖര്‍ കപൂറിന്റെ ട്വീറ്റിന് മറുപടിയുമായി റസൂല്‍ പൂക്കുട്ടിയും രംഗത്തെത്തി.

'ബ്രേക്ക്ഡൗണിന് അടുത്തുകൂടെയാണ് ഞാന്‍ പോകുന്നത്. ഓസ്‌കര്‍ നേട്ടത്തിന് ശേഷം ഹിന്ദിയിലും പ്രാദേശിക സിനിമകളിലും എനിക്ക് അവസരം കുറഞ്ഞു. ചില പ്രൊഡക്ഷന്‍ ഹൗസുകള്‍ നിങ്ങളെ വേണ്ടെന്ന് മുഖത്ത് നോക്കി പറഞ്ഞു. പക്ഷേ ഞാനെന്റെ ഇന്‍ഡസ്ട്രിയെ സ്‌നേഹിക്കുന്നു'-പൂക്കുട്ടി ട്വീറ്റ് ചെയ്തു. 

'നഷ്ടപ്പെട്ട പണവും പ്രതാപവും തിരികെ ലഭിക്കുമെന്നും പക്ഷേ പാഴാക്കുന്ന സമയം തിരികെ ലഭിക്കില്ല. സമാധാമനം!. നമ്മള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്'- റഹ്മാന്‍ ശേഖര്‍ കപൂറിന് മറുപടി നല്‍കി.