ഷാങ്ഹായ്: ചോപ്സ്റ്റിക് ഉപയോഗിച്ച് ഭക്ഷണം കഴിക്കാന്‍ അറിയാത്ത തന്നെ സ്വയം കളിയാക്കി ഇന്ദ്രന്‍സ്. ഒരു റസ്റ്റോറന്‍റില്‍ വച്ച് ചോപ്സ്റ്റിക് ഉപയോഗിക്കാന്‍ ഷെഫ് പഠിപ്പിക്കുന്ന വീഡിയോ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുകയാണ് ഇന്ദ്രന്‍സ്. ''പാവം.. പുള്ളിക്കാരന് മലയാളം അറിയാമായിരുന്നേൽ എന്നോട് കൈ കൊണ്ടു വാരി കഴിച്ചോളാൻ പറഞ്ഞേനെ'' - എന്നാണ് വീഡിയോക്ക് ഇന്ദ്രന്‍സ് നല്‍കിയ കുറിപ്പ്.

ചൈനയിലെ ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പങ്കെടുക്കാന്‍ എത്തിയതാണ് ഇന്ദ്രന്‍സ്. ഇതിനോടകം സോഷ്യല്‍ മീഡിയ വീഡിയോ ഏറ്റെടുത്തു. സംവിധായകന്‍ ഡോ. ബിജുവും സക്കരിയ മുഹമ്മദും ഇന്ദ്രന്‍സിനൊപ്പമുണ്ട്. മേളയില്‍ സ്യൂട്ട് ധരിച്ച് എത്തിയ ഇന്ദ്രന്‍സിന്‍റെ ചിത്രം നേരത്തേ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ഡോക്ടര്‍ ബിജുവിന്‍റെ വെയില്‍മരങ്ങള്‍ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇന്ദ്രന്‍സാണ്. ഔട്ട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്‍റ് അവാര്‍ഡാണ് മേളയില്‍ നിന്ന് വെയില്‍ മരങ്ങള്‍ സ്വന്തമാക്കിയത്. ഇതോടെ ഷാങ്ഹായ് ചലച്ചിത്ര മേളയില്‍ പുരസ്കാരം നമേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയായി വെയില്‍ മരങ്ങള്‍.